എഴുത്തുമുറി
കര്‍പ്പൂരി താക്കൂര്‍: പിന്നാക്ക രാഷ്ട്രീയത്തിന് കരുത്തു നല്‍കിയ നേതാവ്

ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തില്‍ തുടങ്ങി ബിഹാര്‍ മുഖ്യമന്ത്രി പദവി വരെയെത്തിയ കര്‍പ്പൂരിന്റെ താക്കൂറിന്റെ ജീവിതം ഭാരതരത്നയിലൂടെ വീണ്ടും ചര്‍ച്ച ചെയ്യപ്പെടുകയാണ്. പിന്നാക്ക ദലിത് രാഷ്ട്രീയത്തില്‍ അദ്ദേഹത്തിന്റെ ശ്രദ്ധയും ഏകശിലാ രാഷ്ട്രീയത്തോടുള്ള കലഹവുമാണ് താക്കൂറിനെ എന്നും വ്യത്യസ്തനാക്കിയത്. ജനനായക് എന്ന വിളിപ്പേരില്‍ അറിയപ്പെട്ട താക്കൂര്‍ ബിഹാര്‍ സംസ്ഥാനത്തിനും പിന്നാക്ക വിഭാഗങ്ങള്‍ക്കും നല്‍കിയ സംഭാവനകള്‍ നിസ്തുലമാണ്.


താക്കൂറിന്റെ ജന്മശതാബ്ദി വര്‍ഷിത്തിലാണ് രാജ്യം അദ്ദേഹത്തിന് ഭാരതരത്‌ന നല്‍കി ആദരിച്ചത്. കുറഞ്ഞ കാലമെങ്കിലും രണ്ട് ഘട്ടങ്ങളിലായാണ് അദ്ദേഹം ബിഹാറിന്റെ മുഖ്യമന്ത്രി ആയിരുന്നത്. സമൂഹത്തിലെ പിന്നാക്കക്കാര്‍ക്കും പ്രതിസന്ധികള്‍ നേരിടുന്നവര്‍ക്കുമായി ഏറെ സമയം ചെലവഴിച്ച വ്യക്തിയായിരുന്നു താക്കൂര്‍. അവര്‍ക്കായി സംവരണം പ്രഖ്യാപിക്കാന്‍ ശുപാര്‍ശ നല്‍കിയ മുംഗറിലാല്‍ കമ്മിഷനെ നിയമിച്ചതാണ് കര്‍പ്പൂരി താക്കൂറിനെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അടയാളപ്പെടുത്തിയത്.

1924ല്‍ ബിഹാറിലെ സമസ്തിപൂര്‍ ജില്ലയിലെ പിടോഞ്ഞിയയിലാണ് താക്കൂറിന്റെ ജനനം. ഈ ഗ്രാമം ഇപ്പോള്‍ അദ്ദേഹത്തിന്റെ നാമധേയത്തില്‍ കര്‍പുരി ഗ്രാമം എന്ന പേരിലാണ് അറിയപ്പെടുന്നത്. എല്ലാ പാര്‍ട്ടികളും അദ്ദേഹത്തിനുവേണ്ടി അവകാശവാദങ്ങള്‍ ഉന്നയിക്കുംവിധം മാതൃകാപരമായിരുന്നു താക്കൂറിന്റെ പ്രവര്‍ത്തനങ്ങള്‍. ഒരു ദരിദ്ര കുടുംബത്തില്‍നിന്ന് വളര്‍ന്നു വരുന്നൊരാള്‍ക്ക് പെട്ടെന്ന് എത്തിപ്പിടിക്കാന്‍ പാകത്തില്‍ ആയിരുന്നില്ല ഒരിക്കലും ഇന്ത്യയിലെ രാഷ്ട്രീയം. അതിനിടയിലാണ് താക്കൂര്‍ എന്നൊരാള്‍ ഈ പ്രതിസന്ധികളെ മറികടന്ന് വളര്‍ന്നുവന്നത്. രണ്ടു തവണ മുഖ്യമന്ത്രി ആയെങ്കിലും അത് കേവലം മൂന്നു വര്‍ഷങ്ങളിലൊതുങ്ങുന്നു എന്നത് ഈ സാഹചര്യത്തിലാണ് വായിക്കപ്പെടേണ്ടത്.


സ്വാതന്ത്ര്യ സമരം ചൂടുപിടിച്ച ക്വിറ്റിന്ത്യാ സമരകാലത്താണ് താക്കൂറിലെ പൊതുസേവകന്‍ പുറത്തിറങ്ങുന്നത്. അന്നത്ത ഏക വിദ്യാര്‍ഥി സംഘടനയായിരുന്ന എ ഐ എസ് എഫില്‍ ചേര്‍ന്ന് അദ്ദേഹം രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചു. സമരം ചൂടുപിടിച്ചപ്പോള്‍ സ്‌ക്കൂള്‍ വിട്ടിറങ്ങി. സമരത്തിനിടെ അറസ്റ്റിലായ താക്കൂര്‍ 26 മാസം ജയിലില്‍ കഴിഞ്ഞു.
അതിനുശേഷം അധ്യാപകനായാണ് താക്കൂര്‍ തൊഴിലില്‍ പ്രവേശിച്ചത്. എന്നാല്‍ അധികം വൈകാതെ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി അദ്ദേഹം രംഗപ്രവേശനം ചെയ്തു. ഇന്ത്യയെ കോണ്‍ഗ്രസ് അടക്കിവാണിരുന്ന കാലത്താണ് പാര്‍ട്ടിയുടെ സര്‍വാധിപത്യം വെല്ലുവിളിച്ചുകൊണ്ട് 1952ല്‍ താജ്പൂര്‍ മണ്ഡലത്തില്‍നിന്ന് അദ്ദേഹം ജനവിധി തേടിയത്. രാഷ്ട്രീയ കേന്ദ്രങ്ങളെ അത്ഭുതപ്പെടുത്തി ആ തെരഞ്ഞെടുപ്പില്‍ നിയമസഭയിലേക്ക് ജയിച്ചുകയറുകയും ചെയ്തു. തൊഴിലാളികള്‍ക്കും പിന്നാക്കക്കാര്‍ക്കും വേണ്ടിയുളള ഇടപെടലുകളിലൂടെ താക്കൂര്‍ വീണ്ടും ശ്രദ്ധേയനായി. തൊഴിലാളികള്‍ക്കു വേണ്ടിയുള്ള സമരങ്ങള്‍ക്കിടെ അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു. ടെല്‍ക്കോയിലെ തൊഴിലാളികള്‍ക്കുവേണ്ടിയുള്ള കര്‍പ്പൂരി താക്കൂറിന്റെ നിരാഹാര സമരം 28 ദിവസം നീണ്ടുനിന്നു. ജയപ്രകാശ് നാരായണ്‍, രാം മനോഹര്‍ ലോഹ്യ തുടങ്ങിയവരുമായി അടുത്ത ബന്ധമുണ്ടായിരുന്ന താക്കൂര്‍ പിന്നാക്കക്കാരനെങ്കിലും മുന്നാക്കക്കാരാല്‍ പോലും ബഹുമാനിക്കപ്പെട്ടു. ജനനായക് എന്ന വിളിപ്പേര് പോലും അദ്ദേഹത്തിന് ഇത്തരത്തില്‍ സിദ്ധിച്ചതാണ്.
1967ല്‍ ബിഹാറില്‍ ആദ്യമായി കോണ്‍ഗ്രസിതര സര്‍ക്കാര്‍ സ്ഥാപിക്കപ്പെടുന്നതോടെയാണ് കര്‍പ്പൂരി താക്കൂര്‍ പൊതുമണ്ഡലത്തില്‍ കൂടുതല്‍ ശ്രദ്ധനേടുന്നത്. അന്നത്തെ സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായ അദ്ദേഹം ഇംഗ്ലീഷ് വിനിമയ ഭാഷ എന്ന തീരുമാനം എടുത്തുമാറ്റി ഹിന്ദിയിലൂടെ സംവദിക്കാന്‍ അവസരം നല്‍കി. ഇതിന് വലിയ അംഗീകാരമാണ് അക്കാലത്ത് ലഭിച്ചത്. മുഖ്യമന്ത്രി ആയിരുന്നപ്പോഴൊന്നും അദ്ദേഹത്തിന് പലരെയും പോലെ അഞ്ചു വര്‍ഷം വീതം ഭരിക്കാനുള്ള അവസരം ലഭിച്ചില്ല. രണ്ടു തവണയും കൂടി ആകെ മൂന്നു വര്‍ഷക്കാലയളവെ ഉണ്ടായിരുന്നുള്ളൂ. 1977ലെ ഭരണം 79ല്‍ അവസാനിച്ചു. 70ലേത് 71ലും.
ജയപ്രകാശ് നാരായണനും താക്കൂറും ചേര്‍ന്നാണ് ജനതാ പാര്‍ട്ടിയിലെ മറ്റുള്ളവരെ കൂടി സഹകരിപ്പിച്ച് സമ്പൂര്‍ണ ക്രാന്തി പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്. അഹിംസയിലൂടെ രാജ്യത്തെ ജനങ്ങളെ പരിവര്‍ത്തിപ്പിച്ചെടുക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. 1979ല്‍ പ്രസ്ഥാനത്തില്‍ പിളര്‍പ്പുണ്ടായതോടെ അദ്ദേഹം ചരണ്‍സിങിനൊപ്പം ചേര്‍ന്നു. 1980ലും 85ലും ബിഹാര്‍ നിയമസഭയിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള മുംഗറിലാല്‍ കമ്മിറ്റിയുടെ നിര്‍ദേശം നടപ്പില്‍ വരുത്തിയത് അദ്ദേഹത്തിന്റെ കാലത്തെ വിപ്ലവകരമായ തീരുമാനം ആയിരുന്നു. ആദി- പിച്ച്ഡ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഏറ്റവും പിന്നാക്കക്കാര്‍ ഇക്കാലത്ത് വേറിട്ട വിഭാഗമായി പരിഗണിക്കപ്പെട്ടു. മദ്യനിരോധനം പോലുള്ള തീരുമാനങ്ങളും അദ്ദേഹം അക്കാലത്ത് എടുത്തു. 1988 ഫെബ്രുവരി 17ന് മരണപ്പെട്ട താക്കൂര്‍ സ്വജനപക്ഷപാതമോ അഴിമതിയോ ഏശാത്ത നേതാവായി ഇന്നും പരിഗണിക്കപ്പെടുന്നു. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും നിതീഷ് കുമാറും ലാലു പ്രസാദ് യാദവും അവരുടെ വഴികാട്ടിയായി ഇന്നും കരുതുന്നത് ഇദ്ദേഹത്തെയാണ്.
താക്കൂറിന്റെ പിന്മുറക്കാര്‍ ആരെന്ന കാര്യത്തില്‍ ഭാരതരത്‌നയ്ക്കുശേഷം ബി ജെ പിയും ജെ ഡി യുവും തമ്മിലുണ്ടായ വാക്‌പോര് ശ്രദ്ധേയമാണ്. അദ്ദേഹത്തിന് ഭാരതരത്‌ന നല്‍കുകവഴി പിന്നാക്ക വിഭാഗങ്ങളുടെ മനസില്‍ കുടിയേറുക എന്ന ലക്ഷ്യമാണ് ബി ജെ പി ഉന്നമിടുന്നത്. ഇപ്പോഴത്തെ ബിഹാര്‍ രാഷ്ട്രീയ സംഭവവികാസങ്ങള്‍ പോലും അതിന്റെ തുടര്‍ച്ചയായി വേണം കരുതാന്‍. സാമൂഹിക നീതിയുടെ കാവലാളിന് ഭാരതരത്‌ന നല്‍കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നാണ് ഇക്കാര്യം അറിയിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തത്. അരികുവത്കരിക്കപ്പെട്ടവരുടെ സമുദ്ധാരണത്തിനും സമത്വത്തിനുമുള്ള അധ്വാനത്തിന് ഇതൊരു അംഗീകാരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താഴെക്കിടയില്‍ ഉള്ളവരെ ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ അദ്ദേഹം പ്രതിജ്ഞാബദ്ധനായിരുന്നു. അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ രാജ്യത്തിന്റെ സാമൂഹിക- രാഷ്ട്രീയ മേഖലയില്‍ മായ്ക്കാന്‍ കഴിയാത്ത അടയാളങ്ങളാണ് തുന്നിച്ചേര്‍ത്തത്. കൂടുതല്‍ നീതിപൂര്‍വവും സമത്വപൂര്‍ണവുമായ ഒരു സമൂഹത്തെ കെട്ടിപ്പടുക്കുന്നതില്‍ തങ്ങള്‍ക്കെല്ലാം പ്രചോദനമാണ് അദ്ദേഹമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.


