എഴുത്തുമുറി
തീരാനഷ്ടമായി തുടരുന്ന എം ഇമാമുദ്ദീന്‍ മാസ്റ്ററുടെ വിയോഗം
സംസ്ഥാന അറബിക് സ്‌പെഷ്യല്‍ ഓഫീസര്‍, കെ എ എം എ സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന ക്യു ഐ പി അംഗം, പാഠപുസ്തക നിര്‍മ്മാണ സമിതി അംഗം, ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന സമിതി അംഗം, മുസ്‌ലിം ലീഗ് ജില്ലാ സമിതി അംഗം, മെക്ക സംസ്ഥാന സമിതി അംഗം, ചിതറ അല്‍ -അസ്ഹര്‍ അറബിക് കോളേജ് ഡയറക്ടര്‍, വിദ്യാഭ്യാസ വിചക്ഷണന്‍, പ്രഭാഷകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് വിദ്യാഭ്യാസ സാമൂഹിക രാഷ്ട്രീയ മത- സാംസ്‌കാരിക രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച എം ഇമാമുദ്ദീന്‍ മാസ്റ്റര്‍ വിടവാങ്ങിയിട്ട് രണ്ട് വര്‍ഷമാകുന്നു. പൊതുസമൂഹത്തിനും വിദ്യാഭ്യാസ സ്‌നേഹികള്‍ക്കും വ്യക്തിപരമായി എനിക്കും തീരാ നഷ്ടമാണ് ആ വിയോഗത്തിലൂടെ ഉണ്ടായിട്ടുള്ളത്. പെട്ടെന്നാണ് അദ്ദേഹം നമ്മില്‍ നിന്നും വിട്ടു പോയത്.
അര്‍പ്പണബോധവും വിഷയങ്ങളിലുള്ള അഗാധ ജ്ഞാനവും അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്ന് വേറിട്ടു നിര്‍ത്തിയിരുന്നു. സൗമ്യമായ പെരുമാറ്റം കൊണ്ട് സര്‍വ്വരുടെയും സ്‌നേഹാദരവുകള്‍ അദ്ദേഹം ഏറ്റുവാങ്ങിയിരുന്നു. അറബി ഭാഷയ്ക്ക് വേണ്ടി ജീവിതം ഒഴിഞ്ഞുവെച്ച ഒരു വ്യക്തിത്വമായിരുന്നു അദ്ദേഹം.
അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുള്ള ഒട്ടുമിക്ക സംഘടനകളിലും അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കുവാന്‍ കഴിഞ്ഞതില്‍ തികഞ്ഞ അഭിമാനവും സന്തോഷവുമാണ് എനിക്കുള്ളത്. തന്റെ കൂടെ നില്‍ക്കുന്നവര്‍ തന്നെക്കാളും ഉയര്‍ന്ന തലങ്ങളില്‍ എത്തിച്ചേരണമെന്ന് ആഗ്രഹിച്ചിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം
പ്രതികൂലമായ ജീവിത സാഹചര്യങ്ങള്‍ക്കെതിരെ പടപൊരുതിയാണ് മാസ്റ്റര്‍ ജീവിത പുരോഗതിയുടെ പടവുകള്‍ കയറിയത്.
35 വര്‍ഷത്തെ സേവനത്തിന് ശേഷം 2015 മെയ് 31നാണ് മാസ്റ്റര്‍ സര്‍വീസില്‍ നിന്നും വിരമിക്കുന്നത്. 1980 ജൂണ്‍ 19ന് തൃശ്ശൂര്‍ ജില്ലയിലെ തയ്യൂര്‍ ഹൈസ്‌കൂളില്‍ അധ്യാപകനായാണ് ആദ്യം സര്‍വീസ് ആരംഭിക്കുന്നത്. അറബി ഭാഷാ അധ്യാപകനായി സര്‍വീസില്‍ പ്രവേശിച്ച് സംസ്ഥാന അറബിക് സ്‌പെഷ്യല്‍ ഓഫീസറായി വിരമിച്ച എം ഇമാമുദ്ദീന്‍ മാസ്റ്ററുടെ സേവനം വാക്കുകളില്‍ ആവിഷ്‌കരിക്കുവാന്‍ കഴിയുകയില്ല.
1980 സെപ്റ്റംബര്‍ 30ന് തൃശ്ശൂരിലെ കൊക്കാലെ എച്ച് ഐ എല്‍ പി എസില്‍ കൂടിയ കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്റെ സംസ്ഥാന കണ്‍വെന്‍ഷനില്‍ വെച്ചാണ് അദ്ദേഹം കെ എ എം എയില്‍ അംഗത്വം എടുക്കുന്നത്. പിന്നീട് സംഘടനയുടെ സബ്ജില്ല, ജില്ല- സംസ്ഥാന സമിതികളുടെ സജീവ സാന്നിധ്യമായിരുന്നു. 2002 മുതല്‍ 2014 വരെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായും 2015ല്‍ സംസ്ഥാന പ്രസിഡണ്ടായും കരുത്തുറ്റ നേതൃത്വമായി പ്രവര്‍ത്തിച്ചു.
2002 മുതല്‍ 32 ദിവസം നീണ്ടുനിന്ന ഐതിഹാസികമായ സമരത്തിന് നേതൃത്വം ഏറ്റെടുത്തുകൊണ്ടാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. ജീവനക്കാരോടും അധ്യാപകരോടും അന്ന് എ കെ ആന്റണി സര്‍ക്കാര്‍ പുലര്‍ത്തിപ്പോന്ന കരിനിയമങ്ങള്‍ക്കെതിരെ അധ്യാപക സര്‍വീസ് സംഘടനകള്‍ നടത്തിയ സമരത്തിന് കെ എ എം എ ഉള്‍ക്കൊള്ളുന്ന അധ്യാപക സര്‍വീസ് സംഘടന സമരസമിതി സജീവമായി പങ്കെടുത്തു. ആ സമരത്തിന്റെ വിജയമാണ് ഇപ്പോള്‍ അധ്യാപകരും ജീവനക്കാരും അനുഭവിക്കുന്ന നേട്ടങ്ങള്‍.
കെ എ എം എയുടെ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ അദ്ദേഹത്തിന്റെ സേവനങ്ങള്‍ വളരെ വലുതാണ്. ഭാഷാ അധ്യാപക സമൂഹത്തെ ചവിട്ടിമെതിക്കുവാനും നിലനില്‍പ്പ് ചോദ്യം ചെയ്യുവാനും തുടങ്ങിയപ്പോള്‍ ഭരിക്കുന്നവരുടെ മുഖം നോക്കാതെ പ്രതികരിക്കുവാനും അധ്യാപക സമൂഹത്തിന് നേട്ടങ്ങള്‍ കൊയ്‌തെടുക്കുവാനും അദ്ദേഹം ശ്രമിച്ചു സര്‍ക്കാരും ഡിപ്പാര്‍ട്ട്‌മെന്റും വിദ്യാഭ്യാസ ഏജന്‍സികളും വിളിച്ചുചേര്‍ക്കുന്ന ചര്‍ച്ചകളില്‍ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം..
സംസ്ഥാന ക്യു ഐ പി കമ്മിറ്റിയില്‍ 11 വര്‍ഷം അധ്യാപകരുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുകയും അതില്‍ സജീവമായി പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല കേരളത്തിലെ വിദ്യാഭ്യാസ പരിഷ്‌കരണ പ്രക്രിയയില്‍ കെ എ എം എയുടെ പങ്ക് അദ്ദേഹം ഉറപ്പുവരുത്തിയിട്ടുണ്ട്.
ആരുടെ മുമ്പിലും അഭിമാനത്തോടെ ഉയര്‍ത്തിക്കാണിക്കാന്‍ കഴിയുന്ന നേതാവായിരുന്നു അദ്ദേഹം. കെ എ എം എയുടെ തിരുവനന്തപുരത്ത് വെച്ച് നടന്ന അമ്പതാം വാര്‍ഷികത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്ത അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ 12 സംസ്ഥാന സമ്മേളനങ്ങള്‍ ഉജ്ജ്വലമായി നടത്തുവാന്‍ സാധിച്ചിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയിലെ പാലോട് ബി ആര്‍ സി യില്‍ എസ് എസ് കെയുടെ ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ ആയിരുന്നപ്പോള്‍ മഹത്തായ പ്രവര്‍ത്തനമാണ് അദ്ദേഹം കാഴ്ചവച്ചത്. അതിനുശേഷം 2007ല്‍ എറണാകുളം മേഖല മുസ്‌ലിം വിദ്യാഭ്യാസ ഓഫീസര്‍ ആയി ചുമതലയേറ്റു. അറബിക്കിലും ഹിസ്റ്ററിയിലും ഇംഗ്ലീഷിലും അധ്യാപക പരിശീലനം നേടിയിട്ടുള്ള അദ്ദേഹം എം ബി എ ബിരുദവും നേടിയിട്ടുണ്ട്. അറബിക്കില്‍ എം ഫില്‍ എടുത്ത എന്നെ എം എ ഇംഗ്ലീഷ് കൂടി നേടുവാന്‍ പ്രേരിപ്പിച്ചത് അദ്ദേഹമാണ്.
നിര്‍ജീവമായിരുന്ന അക്കാദമിക് കോംപ്ലക്‌സ്‌കള്‍ അദ്ദേഹം സജീവമാക്കി. 2013ല്‍ സംസ്ഥാന അറബിക് സ്‌പെഷ്യല്‍ ഓഫീസറായി നിയമിതനായ അദ്ദേഹത്തിന്റെ സേവനങ്ങള്‍ ഒരിക്കലും മറക്കുവാന്‍ കഴിയുകയില്ല. സംസ്ഥാന തലത്തില്‍ അക്കാഡമിക് കോംപ്ലക്‌സുകള്‍ വിളിച്ചുകൂട്ടി സെമിനാറുകളും അവാര്‍ഡ് മീറ്റുകളും സംഘടിപ്പിക്കുവാനും അദ്ദേഹം നേതൃത്വം നല്‍കി. സ്‌കൂളുകളിലെ അറബിക് പഠനത്തിന് നവചൈതന്യം പകര്‍ന്നു നല്‍കുവാനും അധ്യാപകര്‍ക്ക് ദിശാബോധം നല്‍കുവാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. സംസ്ഥാന തലത്തില്‍ അറബിക് അധ്യാപക സംഗമങ്ങളും സാഹിത്യ മത്സരങ്ങളും ക്രിയാത്മകമായി സംഘടിപ്പിക്കുന്നതിന് നേതൃത്വപരമായ പങ്ക് അദ്ദേഹം നിര്‍വഹിച്ചിട്ടുണ്ട്.
സംസ്ഥാന സ്‌കൂള്‍ കലോത്സവങ്ങളില്‍ അറബിക് സാഹിത്യോത്സവങ്ങള്‍ക്ക് പുതിയ രൂപവും ഭാവവും നല്‍കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. 2012ല്‍ വിദ്യാഭ്യാസ അവകാശ നിയമം കേരളത്തില്‍ നടപ്പിലാക്കിയപ്പോള്‍ അറബിക് ഉള്‍പ്പെടെയുള്ള ഭാഷാധ്യാപക സമൂഹം വളരെ ആശങ്കയിലായിരുന്നു. മറ്റ് ഭാഷാ അധ്യാപക സംഘടന നേതാക്കന്മാരെ സംഘടിപ്പിച്ച് ഡല്‍ഹിയില്‍ പോയി കേന്ദ്രമാനവവിഭവശേഷി വകുപ്പ് മന്ത്രിയേയും ഉദ്യോഗസ്ഥന്‍മാരെയും കണ്ട് കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലെ ഭാഷാധ്യാപക പ്രശ്‌നങ്ങള്‍ ബോധ്യപ്പെടുത്തുകയും അതിന് പരിഹാരം കാണുകയും ചെയ്തിട്ടുണ്ട്. കേരളത്തില്‍ ഭാഷാധ്യാപക സമൂഹത്തിന്റെ നിലനില്‍പ്പിന് അത്യാവശ്യമായ നിയമനിര്‍മാണം നടത്തുവാനുള്ള സ്വാതന്ത്ര്യം നേടി കൊടുത്തു.
പ്രഗത്ഭനായ സംഘടനാ നേതാവ് എന്ന നിലയിലും സമര്‍പ്പിത മനസ്സുള്ള ഉദ്യോഗസ്ഥനെന്ന നിലയിലും എല്ലാവരോടും സ്‌നേഹത്തോടെ പെരുമാറുവാനും ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുവാനും ഏറ്റെടുത്തവ പൂര്‍ത്തീകരിക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. നൂറുകണക്കിന് ശിഷ്യന്മാരെ സംസ്ഥാന തലത്തില്‍ അറബിക് അധ്യാപകരാക്കുവാന്‍ അല്‍ അസ്ഹര്‍ അറബിക് കോളജ് എന്ന സ്ഥാപനത്തിലൂടെ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ആ അറബിക് കോളേജ് ഇപ്പോഴും അദ്ദേഹത്തിന്റെ സ്മരണയായി കൊല്ലം ജില്ലയിലെ ചിതറയില്‍ അദ്ദേഹത്തിന്റെ വീടിന് സമീപത്തായി നിലനില്‍ക്കുന്നു.
ഇമാമുദ്ദീന്‍ സാറിന്റെ വിയോഗം അറബി ഭാഷയ്ക്കും പൊതുസമൂഹത്തിനും തീരാനഷ്ടമാണ്.
എം തമീമുദ്ദീന്‍
സംസ്ഥാന ക്യു ഐ പി അംഗം
സംസ്ഥാന ജനറല്‍ സെക്രട്ടറി
കേരളാ അറബിക് മുന്‍ഷീസ് അസോസിയേഷന്‍