

ന്യൂഡല്‍ഹി: ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിന് കീഴിലെ വിവിധ റെയില്‍വേ വികസന വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി ബെന്നി ബഹനാന്‍ എം പി കൂടിക്കാഴ്ച നടത്തി. കേരളത്തിന്റെ സ്വപ്നപാതയായ ശബരി റെയില്‍വേ പാതയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ തെറ്റായ സമീപനമാണ് തുടര്‍ നടപടികള്‍ മുന്നോട്ടു കൊണ്ടു പോകാന്‍ തടസ്സമായതെന്നാണ് മന്ത്രി എം പിയെ ധരിപ്പിച്ചത്. പദ്ധതിയുടെ മരവിപ്പിക്കല്‍ തീരുമാനം പിന്‍വലിച്ച് പദ്ധതി ഉടന്‍ നടപ്പിലാക്കണമെന്നായിരുന്നു എം പി മന്ത്രിയോടാവശ്യപ്പെട്ടത്. ഇതിനുള്ള മറുപടിയിലായിരുന്നു മന്ത്രിയുടെ വെളിപ്പെടുത്തല്‍.

ഒപ്പം അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ആലുവ, അങ്കമാലി, ചാലക്കുടി റെയില്‍വേ സ്റ്റേഷനുകളുടെ അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ ഉണ്ടാകണമെന്നും ആലുവ, അങ്കമാലി, ചാലക്കുടി സ്റ്റേഷനുകളിലൂടെ കടന്നുപോകുന്ന പ്രധാനപ്പെട്ട തീവണ്ടികള്‍ക്ക് ഇവിടങ്ങളില്‍ സ്റ്റോപ്പേജ് അനുവദിക്കണമെന്നും കൂടിക്കാഴ്ചയില്‍ ബെന്നി ബഹനാന്‍ എം പി മന്ത്രിയോട് ആവശ്യപ്പെട്ടു.
