Connect with us

NEWS

സ്വന്തം മുഖമൊന്ന് നോക്കിയാല്‍ മുസ്ലിം ലീഗുകാര്‍ ഞെട്ടും: ഐ എന്‍ എല്‍

Published

on


കോഴിക്കോട്:

തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തില്‍ കണ്ണാടിയില്‍ സ്വന്തം മുഖം നോക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെടുന്ന മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം സത്യത്തിന്റെ കണ്ണാടിക്കു മുന്നില്‍ വന്ന് നിന്ന് സ്വയം ഒന്ന് നോക്കിയാല്‍ ഞെട്ടിപ്പോകുമെന്ന് ഐ എന്‍ എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍. വികൃതമായ എത്ര മുഖമാണ് തന്റെ പാര്‍ട്ടിക്കുള്ളതെന്ന് സത്യസന്ധമായി ഒന്ന് പരിശോധിച്ചു നോക്കിയാല്‍ മനസ്സിലാകും.

മിതവാദത്തിന്റെയും സൗഹൃദത്തിന്റെയുമൊക്കെ സുന്ദര വദനവുമായി പൊതുജനമധ്യേ പ്രത്യക്ഷപ്പെടുന്ന മെയ്‌ക്കോവര്‍ ചെയ്ത മുഖം, സാമുദായികതയുടെ അകത്തളത്തിലെത്തുമ്പോള്‍ എന്തുമാത്രം സങ്കുചിതവും കുടുസ്സുമാണെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്. എല്‍ ഡി എഫുമായി അടുക്കണമെന്ന് ആഗ്രഹിക്കുമ്പോഴൊക്കെ മതവാദികളെന്നും തീവ്രവാദികളെന്നും മുദ്രകുത്തി അകറ്റി നിര്‍ത്തിയവരെയാണ് നാലു വോട്ടിനു വേണ്ടി ഇപ്പോള്‍ കൂട്ടുപിടിച്ചിരിക്കുന്നതെന്ന് മറന്നുപോകരുത്.

പാര്‍ട്ടി മുഖപത്രത്തിലൂടെ രണ്ട് മാസക്കാലം ഇകഴ്ത്തിയും പരിഹസിച്ചും ചിത്രീകരിച്ച ‘പരിശുദ്ധ നെയ്യ്’ എന്നു മുതല്‍ക്കാണ് മോന്തി കുടിക്കാന്‍ പാര്‍ട്ടിക്ക് തോന്നിയതെന്ന് സലാം വ്യക്തമാക്കണം. ഖായിദേ മില്ലത്തും ബാഫഖി തങ്ങളും സുലൈമാന്‍ സേട്ടുവുമൊക്കെ കെട്ടിപ്പൊക്കിയ മഹത്തായ പ്രസ്ഥാനത്തെ അധികാരമോഹികളും ലാഭക്കൊതിയന്മാരുമായ ഒരു കൂട്ടം കങ്കാണിമാരുടെ സങ്കേതമാക്കി മാറ്റിയപ്പോള്‍ നേടിയെടുത്ത താത്ക്കാലിക നേട്ടങ്ങളില്‍ കൂടുതല്‍ ഞെളിയേണ്ടതില്ലെന്ന് കാസിം ഇരിക്കൂര്‍ പ്രസ്താവനയില്‍ പറഞ്ഞു.


error: Content is protected !!