

കോഴിക്കോട്്: ഹിജാബ് നിരോധനം ഭരണഘടനാ ലംഘനമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. കോഴിക്കോട് സുപ്രഭാതം ഓഡിറ്റോറിയത്തില്‍ സമസ്ത പ്രവാസി സെല്‍ സംസ്ഥാന നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍.

ഹിജാബുമായി ബന്ധപ്പെട്ട് അനാവശ്യവായ വിവാദം ഒരു വിഭാഗത്തിന് അനുവദിക്കപ്പെട്ട സ്വാതന്ത്ര്യത്തിനു മേല്‍ കോടാലി വെക്കലാണ്. വിവാഹ പ്രായം ഉയര്‍ത്തുന്ന വിഷയത്തിലടക്കം ഇതാണുണ്ടായത്. ഭരണഘടനാ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നതാണ് എല്ലാം. ഇന്ത്യയില്‍ എല്ലാ മതങ്ങള്‍ക്കും അവരുടെ നിബന്ധനകള്‍ പ്രകാരം ജീവിക്കാന്‍ കഴിയണം. മുസ്‌ലിം സമുദായത്തിന് മറക്കപ്പെടേണ്ടതുമായി ബന്ധപ്പെട്ട് ചില നിബന്ധനകളുണ്ട്. ഹിജാബ് ഇസ്ലാമിക വസ്ത്രധാരണത്തിന്റെ ഭാഗമാണ്. അത് കൃത്യമായി ഖുര്‍ആനില്‍ പറയുന്നുണ്ട്. ഇഷ്ടപ്പെട്ട വസ്ത്രം തിരഞ്ഞെടുക്കാന്‍ മുസ്ലിം സ്ത്രീകള്‍ക്ക് ഇന്ത്യയില്‍ അവകാശമുണ്ട്. അത് ഭരണഘടന തന്നെ ഉറപ്പു നല്‍കുന്നുമുണ്ട്. ഹിജാബിന്റെ പേരില്‍ നടക്കുന്നത് അനാവശ്യ ചര്‍ച്ചകളാണ്. ഹിജാബ് നിരോധനം, വിവാഹ പ്രായത്തിലെ മാറ്റം ഇവയിലെല്ലാം മത സ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന സ്ഥിതിയാണുള്ളത്. ഇസ്്‌ലാമിന്റെ നിയമം പാലിക്കാത്തവരെ ഉയര്‍ത്തിക്കാണിച്ച് വിഷയത്തെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകരുത്. വിശുദ്ധമായ ദീനിനെ വികൃതമായ രീതിയില്‍ ചിത്രീകരിക്കാനാണ് പലരും ഇതുവഴി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പത്രങ്ങള്‍ക്ക് പത്രങ്ങളുടേതായ സ്വാതന്ത്ര്യമുണ്ടാകും. ഭരണഘടനക്കെതിരായി എന്തെങ്കിലും ചെയ്താല്‍ അത് തിരുത്തപ്പെടണം. അല്ലാതെ നിരോധനവുമായി മുന്നോട്ടു പോവുകയല്ല ചെയ്യേണ്ടതെന്നും അദ്ദേഹം പ്രതികരിച്ചു.
സമസ്ത പ്രവാസി സെല്‍ സംസ്ഥാന ചെയര്‍മാന്‍ ഹംസക്കുട്ടി മുസ്‌ലിയാര്‍ ആദൃശേരി അധ്യക്ഷത വഹിച്ചു. സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ് ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് കെ മോയിന്‍കുട്ടി മാസ്റ്റര്‍, സിദ്ദീഖ് നദ്‌വി ചേറൂര്‍, സമസ്ത പ്രവാസി സെല്‍ സംസ്ഥാന വര്‍ക്കിങ് കണ്‍വീനര്‍ ഹംസ ഹാജി മുന്നിയൂര്‍, കെ അബൂബക്കര്‍ ഫൈസി ചെമ്മനങ്ങാട്, മജീദ് പത്തപിരിയം സംസാരിച്ചു. വിവിധ വിഷയങ്ങളില്‍ അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍, റാശിദ് ഗസ്സാലി വയനാട് എന്നിവര്‍ ക്ലാസ് നടത്തി.

