

കൊച്ചി: ഐ എസ് ആര്‍ ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്റെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ചിത്രം ‘റോക്കട്രി- ദി നമ്പി എഫ്ക്ട്’ റിലീസിനൊരുങ്ങുന്നു. 2022 ഏപ്രില്‍ ഒന്നിനായിരുന്നു ചിത്രത്തിന്റെ റിലീസ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ മാറ്റുകയായിരുന്നെന്ന് നിര്‍മ്മാതാവ് ഡോ. വര്‍ഗീസ് മൂലന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ജൂലായ് ഒന്നിന് ലോകവ്യാപകമായി ചിത്രം റിലീസ് ചെയ്യും. ഒരേ സമയം ഇംഗ്ലീഷിലും ഹിന്ദിയിലും തമിഴിലും ചിത്രീകരിച്ച് മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തിയ റോക്കട്രി സിനിമയില്‍ നമ്പി നാരായണനായി മാധവനും പ്രമുഖ നടന്മാരായി ഷാരൂഖ് ഖാനും സൂര്യയും വേഷമിടുന്നു. സിമ്രാനാണ് മാധവന്റെ നായിക. മാധവനാണ് രചനയും സംവിധാനാവും നിര്‍വ്വഹിക്കുന്നത്. ഫിലിസ് ലോഗന്‍, വിന്‍സെന്റ് റിയോട്ട, റോണ്‍ ഡൊനൈചെ തുടങ്ങിയ ഹോളിവുഡ് താരങ്ങളും രജിത് കപൂര്‍, രവി രാഘവേന്ദ്ര, മിഷ ഘോഷാല്‍, ഗുല്‍ഷന്‍ ഗ്രോവര്‍, കാര്‍ത്തിക് കുമാര്‍, ദിനേഷ് പ്രഭാകര്‍ തുടങ്ങിയ ഇന്ത്യന്‍ താരങ്ങളും റോക്കട്രിയില്‍ അണിനിരക്കുന്നു.

പ്രമുഖ മലയാളി വ്യവസായിയായ ഡോ. വര്‍ഗീസ് മൂലന്റെ വര്‍ഗീസ് മൂലന്‍ പിക്‌ച്ചേഴ്‌സും ആര്‍ മാധവന്റെ ട്രൈകളര്‍ ഫിലിംസും ഹോളിവുഡ് പ്രൊഡക്ഷന്‍ കമ്പനിയായ 27 ഇന്‍വെസ്റ്റ്മെന്റ്സും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. അറബിക്, ഫ്രഞ്ച്, സ്പാനിഷ്, ജര്‍മ്മന്‍, ചൈനീസ്, റഷ്യന്‍, ജാപ്പാനീസ് തുടങ്ങിയ അന്താരാഷ്ട്ര ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്. ഒരേസമയം ഏറ്റവും കൂടുതല്‍ ഭാഷകളില്‍ പുറത്തിറങ്ങുന്ന ആദ്യ ഇന്ത്യന്‍ ചിത്രമായിരിക്കും ‘റോക്കട്രി.’
ഇന്ത്യ, ഫ്രാന്‍സ്, അമേരിക്ക, കാനഡ, ജോര്‍ജിയ, സെര്‍ബിയ, റഷ്യ തുടങ്ങിയ രാജ്യങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്.100 കോടിക്ക് മുകളിലാണ് ചിത്രത്തിന്റെ ചിലവ്.
വ്യാജ ചാരക്കേസില്‍ ജീവിതം തകര്‍ന്ന് പോയ പ്രശസ്ത ഐ എസ് ആര്‍ ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിതത്തിലെ സംഭവാത്മകമായ 27 വയസ്സു മുതല്‍ 70 വയസ്സു വരെയുള്ള കാലഘട്ടമാണ് സിനിമയുടെ പ്രമേയം. വിവിധ പ്രായത്തിലുള്ള നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി മാധവന്‍ നടത്തിയ ശാരീരിക മാറ്റങ്ങളും മേക്ക്ഓവറുകളും വൈറലായിരുന്നു. ക്യാപ്റ്റന്‍, വെള്ളം എന്നീ സിനിമകളുടെ സംവിധായകന്‍ പ്രജേഷ് സെന്‍ ചിത്രത്തിന്റെ കോ-ഡയറക്ടറാണ്. ശ്രീഷ റായ് ആണ് ചിത്രത്തിന്റെ ക്യാമറ. എഡിറ്റിംഗ്: ബിജിത്ത് ബാല, സംഗീതം: സാം സി എസ്, പി ആര്‍ ഒ: പി ശിവപ്രസാദ്.
ഇന്ത്യയില്‍ പ്രമുഖ വിതരണ കമ്പനികളായ യു എഫ് ഒ മൂവീസും എ ജി എസ് സിനിമാസും ചേര്‍ന്നാണ് ചിത്രം വിതരണം ചെയ്യുന്നത്. യാഷ് രാജ് ഫിലിംസും ഫാര്‍സ് ഫിലിംസ് കമ്പനി എന്നിവരാണ് റോക്കട്രീ സിനിമ ലോകരാജ്യങ്ങളിലെ തിയേറ്ററുകളിലും എത്തിക്കുന്നത്.
37 വര്‍ഷങ്ങളായി ഭക്ഷ്യോത്പന്ന നിര്‍മാണത്തിലും എക്്‌സ്‌പോര്‍ട്ട്- ഇംപോര്‍ട്ട്- വിതരണ രംഗങ്ങളിലും അനേക രാജ്യങ്ങളില്‍ മുന്നിട്ടു നില്‍ക്കുന്നതിനോടൊപ്പം റീട്ടെയില്‍ ചെയിന്‍ മാര്‍ക്കറ്റുകള്‍, തുണിത്തരങ്ങള്‍, ജൈവകൃഷി, മെഡിക്കല്‍ ടൂറിസം, ഇ-കൊമേഴ്സ് രംഗങ്ങളിലും തനതായ സ്ഥാനം നേടിയ വര്‍ഗീസ് മൂലന്‍സ് ഗ്രൂപ്പിന്റെ സിനിമ രംഗത്തേക്കുള്ള ഉറച്ച കാല്‍വെയ്പ്പാണ് 2017-ല്‍ തുടങ്ങിയ റോക്കട്രി സിനിമയുടെ നിര്‍മാണം. ‘വിജയ് മൂലന്‍ ടാക്കീസ്’ ബാനറില്‍ 2018-ല്‍ റിലീസ് ചെയ്ത ‘ഓട് രാജാ ഓട്’ എന്ന തമിഴ് സിനിമ, വര്‍ഗീസ് മൂലന്‍സ് ഗ്രൂപ്പിന്റെ ആദ്യസിനിമാ സംരംഭമായിരുന്നു. സ്പൈസസ് മാര്‍ക്കറ്റിംഗ് രംഗത്ത് പല നേട്ടങ്ങളും കൈവരിച്ച ഡോ. വര്‍ഗീസ് മൂലന്‍, സ്പൈസസ് ബോര്‍ഡിന്റെ മുന്‍ ദേശീയ വൈസ് ചെയര്‍മാനും ഇപ്പോള്‍ സ്പൈസസ് ബോര്‍ഡ് ദേശീയ എക്സിക്യൂട്ടീവ് അംഗവുമാണ്.
ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ മുന്‍ ദേശീയ എക്സിക്യൂട്ടീവ് അംഗമായിരുന്നു. സൗദി അറേബ്യയില്‍ 2001-ല്‍ വിദേശനിക്ഷേപത്തിന് നിയമം പാസ്സാക്കിയപ്പോള്‍, സൗദി ഇന്‍വെസ്റ്റ്‌മെന്റ് ലൈസന്‍സ് ലഭിച്ച ആദ്യ ഇന്ത്യക്കാരന്‍ ഡോ. വര്‍ഗീസ് മൂലനാണ്. 201 കുട്ടികള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയകള്‍, സൗജന്യ കിഡ്‌നി ട്രാന്‍സ്പ്ലാന്റുകള്‍, ഡസന്‍ കണക്കിന് നിര്‍ധനര്‍ക്ക് വീടുകള്‍, നൂറ് കണക്കിന് നിര്‍ധന വിവാഹങ്ങള്‍, പ്രതിസന്ധി ഘട്ടങ്ങളില്‍ സൗജന്യ ഭക്ഷ്യക്കിറ്റുകള്‍ തുടങ്ങിയ പ്രവര്‍ത്തങ്ങളിലൂടെ വര്‍ഗീസ് മൂലന്‍സ് ഫൗണ്ടേഷന്‍, ചാരിറ്റി രംഗത്തും സജീവമാണ്.
ഡോ. വര്‍ഗീസ് മൂലന്റെ പ്രവാസജീവിതത്തിന്റെ 40-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് 20,000 നിര്‍ധന കുടുംബങ്ങള്‍ക്കുള്ള സൗജന്യ കിറ്റുകളുടെ വിതരണം ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു.

