ഓണ്‍ലൈന്‍ ടാക്‌സിയുടെ മറവില്‍ മയക്ക് മരുന്ന് വില്‍പ്പന; തീപ്പൊരിയും ശിങ്കിടികളും പിടിയില്‍

Web Desk
3 Min Read

ഇടപ്പള്ളി: ഓണ്‍ലൈന്‍ ടാക്‌സി ഓടുന്നു എന്ന വ്യാജേന രാസലഹരി വില്‍പ്പന നടത്തി വന്ന സംഘത്തിലെ മൂന്ന് പേര്‍ എക്‌സൈസിന്റെ പിടിയില്‍. കൊച്ചി കണ്ണമാലി സ്വദേശി ഇലഞ്ഞിക്കല്‍ വീട്ടില്‍ ആല്‍ഡ്രിന്‍ ജോസഫ് (32), മട്ടാഞ്ചേരി പറവാനമുക്ക് ദേശത്ത് ജന്‍മ പറമ്പില്‍ വീട്ടില്‍ സാബു ജെ ആര്‍ (40), മട്ടാഞ്ചേരി കപ്പലണ്ടി മുക്ക് ചക്കമാടം ദേശത്ത് പപ്പങ്ങപ്പറമ്പില്‍ വീട്ടില്‍ പി എന്‍ നാസിഫ് (29) എന്നിവരെയാണ് സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്, എക്‌സൈസ് ഇന്റലിജന്‍സ്, എണാകുളം ടൗണ്‍ നോര്‍ത്ത് എക്‌സൈസ് സര്‍ക്കിള്‍ എന്നിവരുടെ സംയുക്ത നീക്കത്തില്‍ പിടിയിലായത്. ഇവരുടെ പക്കല്‍ നിന്ന് 12 ഗ്രാം എം ഡി എം എ, 15 ഗ്രാം കഞ്ചാവ് എന്നിവ എക്‌സൈസ് സംഘം പിടിച്ചടുത്തു.

city exchange

ഇവര്‍ മയക്ക് മരുന്ന് ഇടപാടിന് ഉപയോഗിച്ച കാര്‍, മൂന്ന് സ്മാര്‍ട്ട് ഫോണുകള്‍ എന്നിവയും കസ്റ്റഡിയില്‍ എടുത്തു. അത്യന്തം വിനാശകാരിയായ യെല്ലോ മെത്ത് വിഭാഗത്തില്‍പ്പെട്ട രാസലഹരിയാണ് പിടിച്ചെടുത്തത്. ഇത്തരത്തില്‍പ്പെട്ട മയക്ക് മരുന്ന് 10 ഗ്രാം കൈവശം വയ്ക്കുന്നത് 20 വര്‍ഷത്തെ കഠിനതടവും രണ്ട് ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന അതീവ ഗൗരവകരമായ കൃത്യമാണ്.

രണ്ട് മാസം മുന്‍പ് ഓണ്‍ലൈന്‍ ടാക്‌സിയുടെ മറവില്‍ രാസലഹരി വില്‍പ്പന നടത്തുന്ന രണ്ട് പേരെ കൊച്ചി എളമക്കര ഭാഗത്ത് നിന്ന് സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ടീം മയക്കു മരുന്നുമായി പിടി കൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് കൊച്ചി കേന്ദ്രമാക്കി വ്യത്യസ്തമായ ടാക്‌സി കാറുകളില്‍ കറങ്ങി നടന്ന് മയക്ക് മരുന്ന് വില്‍പ്പന നടത്തുന്ന ആല്‍ഡ്രിനെ കുറിച്ച് വിവരം ലഭിച്ചത്. എന്നാല്‍ ഇയാള്‍ ഉപഭോക്താക്കള്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നത് ‘തീപ്പൊരി’ എന്നാണ്. അന്ന് തീപ്പൊരി എന്ന ഒരു കോഡ് നെയിം മാത്രമേ എക്‌സൈസ് സംഘത്തിന് ലഭിച്ചിരുന്നുള്ളൂ. ഇയാളുടെ യഥാര്‍ഥ പേരോ മറ്റ് വിവരങ്ങളോ ലഭ്യമായിരുന്നില്ല.

വ്യത്യസ്ത ഫോണ്‍ നമ്പറുകളും വെവ്വേറേ ടാക്‌സി വാഹനങ്ങളും ഉപയോഗിക്കുന്നതിനാല്‍ തീപ്പൊരിയെയും സംഘത്തേയും പിടികൂടുക എന്നത് ഏറെ ദുഷ്‌കരമായിരുന്നു. തുടര്‍ന്ന് സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി കൃഷ്ണകുമാറിന്റെ മേല്‍നോട്ടത്തില്‍ തീപ്പൊരിയുടെയും സംഘത്തിന്റെയും എന്ന് കരുതിയിരുന്ന ഒട്ടേറെ ഫോണ്‍ നമ്പറുകള്‍, ഫോണ്‍ കോള്‍ വിവരങ്ങള്‍, എന്നിവ സൂഷ്മമായി പരിശോധന നടത്തുകയും ഒട്ടേറേ സി സി ടിവ ി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇവര്‍ സഞ്ചരിച്ചിരുന്ന ടാക്‌സി കാര്‍ രാത്രി ഒന്‍പതരയോടെ ഇടപ്പള്ളി ഭാഗത്ത് വച്ച് കണ്ടെത്തിയിരുന്നു. ഇടപ്പള്ളി സിഗ്നലിന് പടിഞ്ഞാറ് വശത്ത് വച്ച് ഇവരുടെ വാഹനം എക്‌സൈസ് സംഘം തടഞ്ഞു.

- Advertisement -
Ad image

എക്‌സൈസ് സാന്നിധ്യം തിരിച്ചറിഞ്ഞ ഇവര്‍ കാര്‍ അതിവേഗം വെട്ടിച്ച് കടന്ന് കളയാന്‍ ശ്രമിച്ചെങ്കിലും വാഹനം ട്രാഫിക് ബ്ലോക്കില്‍ അകപ്പെടുകയായിരുന്നു. തുടര്‍ന്ന് മൂവരേയും എക്‌സൈസ് കസ്റ്റഡിയില്‍ എടുത്തു. ഒരു ഗ്രാം മയക്ക് മരുന്ന് അടങ്ങിയ പന്ത്രണ്ടോളം സിപ് ലോക്ക് കവറുകള്‍ ഇവരുടെ പക്കല്‍ നിന്നും കാറില്‍ നിന്നുമായി കണ്ടെടുത്തു. കാറില്‍ കഞ്ചാവും സൂക്ഷിച്ചിരുന്നു. പരിശോധനകളില്‍ നിന്ന് രക്ഷപ്പെടുന്നതിന് ടാക്‌സി വാഹനത്തില്‍ യാത്രക്കാരെയും കൊണ്ട് പോകുകയാണ് എന്ന പ്രതീതി ഉണ്ടാക്കി അതി വിദഗ്ധമായാണ് മൂവര്‍ സംഘം സഞ്ചരിച്ചിരുന്നത്.

ആവശ്യക്കാരുടെ പക്കല്‍ നിന്ന് ഓണ്‍ലൈന്‍ ആയി പണം വാങ്ങിയ ശേഷം ആവശ്യക്കാര്‍ നില്‍ക്കുന്ന സ്ഥലത്തേക്ക് സിഗററ്റ് കവറില്‍ ആക്കിയ മയക്ക് മരുന്ന് വളരെ പെട്ടെന്ന് എറിഞ്ഞു കൊടുത്ത് ശരവേഗത്തില്‍ കടന്ന് പോകുകയാണ് തീപ്പൊരിയും സംഘവും ചെയ്തിരുന്നത്. ഇവരുടെ സംഘത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതിനെക്കുറിച്ചും മയക്ക് മരുന്നിന്റെ ഉറവിടം സംബന്ധിച്ചും വിശദമായ അന്വേഷണം നടത്തുമെന്നും സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി കൃഷ്ണകുമാര്‍ അറിയിച്ചു.

എറണാകുളം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം എസ് ജനീഷ്, സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പ്രിവന്റീവ് ഓഫീസര്‍ എന്‍ ഡി ടോമി, ഇന്റലിജന്‍സ് പ്രിവന്റീവ് ഓഫീസര്‍ എന്‍ ജി അജിത്ത് കുമാര്‍, എറണാകുളം സര്‍ക്കിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം കെ ഷാജി, പ്രിവന്റീവ് ഓഫീസര്‍ വിബിന്‍ ബാബു, സിവില്‍ എക്‌സൈസ് ഓഫീസര്‍ അജിത്ത് ബി എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാന്റ് ചെയ്തു.

Share This Article
Leave a Comment
error: Content is protected !!