
കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എം എ അറബിക് വിദൂര വിദ്യഭ്യാസ വിഭാഗത്തിന്റെ പാഠപുസ്തകത്തില്‍ സലഫി- വഹാബി മൂവ്‌മെന്റിന്റെ സ്ഥാപകന്‍ ഇബ്‌നു അബ്ദുല്‍ വഹാബിനെ മഹത്വവത്കരിച്ചുള്ള പാഠഭാഗങ്ങള്‍ അത്യന്തം അപകടകരവും അപലപനീയവുമാണെന്ന് എസ് എസ് എഫ് സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു. ഇസ്‌ലാമിക ലോകത്ത് പല കാലങ്ങളിലായി ഉണ്ടായിട്ടുള്ള മത വികല പ്രസ്ഥാനങ്ങളില്‍ ഒന്നാണ് വഹാബിസം. അങ്ങനെയൊരു സംഘടനയേയും നേതാവിനേയും വെള്ള പൂശാന്‍ സര്‍ക്കാര്‍ ചെലവില്‍ ശ്രമം നടത്തുന്നത് അത്യന്തം ചരിത്രത്തെ വികലമാക്കലാണ്. വസ്തുതകളുടെ പിന്‍ബലമില്ലാത്ത തെറ്റായ ചരിത്രത്തെ പാഠഭാഗങ്ങളില്‍ നിന്നും പിന്‍വലിക്കണമെന്ന് എസ് എസ് എഫ് ശക്തമായി ആവശ്യപ്പെട്ടു.


ഈ വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടലുകള്‍ നടത്തണമെന്ന ആവശ്യം ഉന്നയിച്ച് ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. ആര്‍ ബിന്ദുവിന് സംസ്ഥാന കമ്മിറ്റി നിവേദനം നല്‍കി.
ഓണ്‍ലൈനില്‍ നടന്ന സെക്രട്ടറിയേറ്റില്‍ സംസ്ഥാന പ്രസിഡന്റ് കെ വൈ നിസാമുദ്ദീന്‍ ഫാളിലി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി എന്‍ ജഅഫര്‍, സെക്രട്ടറിമാരായ എം ജുബൈര്‍, കെ ബി ബഷീര്‍, എം നിയാസ്, ഡോ. അബൂബക്കര്‍ കടാമ്പുഴ, സി ആര്‍ കെ മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.
