Connect with us

Community

വേണ്ടെന്ന് ഭാര്യ; ഇടപെട്ടവരും കയ്യൊഴിഞ്ഞു: ഒടുവില്‍ താങ്ങായി ഐ സി എഫ്

Published

on


ഷാര്‍ജ: ഒന്നിനെ പിറകെ മറ്റൊന്നായി വന്ന ജോലി പ്രശ്‌നങ്ങളും ആരോഗ്യം ക്ഷയിച്ചതോടെയും നാട്ടില്‍ പോകാനാവാതെ കുടുങ്ങിയ പ്രവാസിക്ക് താങ്ങായി ഷാര്‍ജ ഐ സി എഫ്. ചെറിയ ബിസിനസ്സ് നടത്തി നിരവധി പേര്‍ക്ക് തണലായി ജീവിച്ചിരുന്ന ഖമറുദ്ധീനാണ് ഐ സി എഫിന്റെ സാന്ത്വനത്തിലൂടെ പുതുജീവിതം സാധ്യമായത്.
അവധിയില്‍ നാട്ടില്‍പോയ സമയത്ത് രോഗം ബാധിച്ചത് കാരണം തിരികെ എത്താന്‍ വൈകിയത് മുതലാണ് ഖമറുദ്ധീന്റെ കദന കഥ തുടങ്ങുന്നത്. എത്താന്‍ വൈകിയതോടെ സ്ഥാപനത്തെ ബാധിക്കുകയും ബില്‍ഡിങ് ഉടമ നിയമ നടപടികളിലേക്ക് കടക്കുകയും ചെയ്തു. ഇതോടെ സ്ഥാപനത്തിന്റെ ലൈസന്‍സും പുതുക്കാന്‍ കഴിയാതെയായി. രക്ഷപ്പെടാന്‍ ഓഫീസുകള്‍ കയറിയിറങ്ങുന്നതിനിടയിലാണ് വില്ലനായി ഷുഗര്‍ രോഗം വന്നത്. അത് രണ്ട് കണ്ണിനേയും ബാധിച്ഛ് ഇരുണ്ടലോകത്തേക്ക് അയാളെ കൊണ്ടുപോയി.

കയ്യൊഴിഞ്ഞു ഭാര്യ
ബിസിനസില്‍ പ്രയാസങ്ങള്‍ തുടങ്ങുന്നത് വരെ സന്തോഷത്തില്‍ കഴിഞ്ഞിരുന്ന ഭാര്യ ഇതോടെ പതിയെ അകലാന്‍ തുടങ്ങി. അവര്‍ വേറെ താമസം തുടങ്ങി. കാഴ്ച നഷ്ട്ടപ്പെട്ട വിവരം അറിയിച്ച് ഭാര്യയെ തിരികെ കൊണ്ടുവരാന്‍ ശ്രമിച്ച സാമൂഹിക പ്രവര്‍ത്തകരെ ഞെട്ടിച്ച് അദ്ദേഹത്തില്‍ നിന്ന് വിവാഹ മോചനം നേടാനുള്ള നിയമ നടപടികളിലേക്ക് പോകുന്നുവെന്നാണ് അവര്‍ പറഞ്ഞത്.

കൈമലര്‍ത്തി സാമൂഹിക പ്രവര്‍ത്തകര്‍
ഇടപ്പെട്ട ഏതാനും സാമൂഹിക പ്രവര്‍ത്തകര്‍ സാമ്പത്തികം കണ്ടെത്തുന്നതിന് സാമൂഹിക മാധ്യമങ്ങളിലൂടെ സഹായം തേടാന്‍ ആലോചിച്ചു. ഇത്രയും കാലം മാന്യമായി ജീവിച്ച തനിക്ക് അതില്‍ താല്പര്യമില്ല എന്ന് അറിയിച്ചതോടെ അവരും പിന്മാറി. പിന്നീട് ഷാര്‍ജയിലെയും ദുബൈയിലെയും നിരവധി സംഘടനകളെയും വിഷയം അറിയിച്ചുവെങ്കിലും വലിയ ബാധ്യതയും സമയവുമെടുക്കുന്ന കേസില്‍ ഇടപെടാന്‍ ആരും തയ്യാറായില്ല. പാര്‍ട്ടിക്കാരന്‍ അല്ലാത്തതിന്റെ പേരിലും പത്തുവര്‍ഷമായി തീര്‍ന്നുകിടക്കുന്ന വിസ, ലൈസന്‍സ് എന്നിവക്ക് വലിയ സംഖ്യയും അധ്വാനവും വേണ്ടിവരും എന്നറിഞ്ഞതോടെ പലരും പിന്മാറി.

ഐ സി എഫ് ഏറ്റെടുത്തു
പിന്നീടാണ് ഇദ്ദേഹം താമസിച്ചിരുന്ന ബില്‍ഡിങ്ങിലെ ഒരാള്‍ ഷാര്‍ജ ഐ സി എഫിനെ വിവരം അറിയിക്കുകയായിരുന്നു. ഐ സി എഫ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചപ്പോള്‍ ഷുഗര്‍ രോഗം മൂര്‍ച്ഛിച്ച് കാല് പഴുത്ത് രണ്ട് കണ്ണിനും കാഴ്ചയില്ലാതെ വെള്ളവും വെളിച്ചവുമില്ലാതെ ഒഴിഞ്ഞ ഒരു റൂമില്‍ ബില്‍ഡിങ്ങിന്റെ വാച്ച്മാന്റെ സഹായത്തോടെ കഴിയുന്ന ആളെയാണ് കണ്ടത്. അന്ന് മുതല്‍ മൂന്ന് മാസക്കാലത്തെ നിരന്തര പരിശ്രമത്തിലൂടെയാണ് ഐ സി എഫ് ബന്ധപ്പെട്ട വലിയ ബാധ്യത അടച്ച് തീര്‍ത്തതും ഇടപെട്ട് ക്ലിയര്‍ ചെയ്ത് ടിക്കറ്റടക്കം നല്‍കി നാട്ടിലയച്ചതും.
നാട്ടില്‍ പണിതവീട് ഭാര്യയുടെ പേരിലായത് കൊണ്ട് ഇപ്പോള്‍ സഹോദരിയുടെ വീട്ടിലാണ് താമസം. വിദഗ്ധ ചികിത്സയ്ക്ക് വേണ്ടി അദ്ദേഹത്തെ ഹോസ്പിറ്റലിലേക്ക് മാറ്റാനൊരുങ്ങുകയുമാണ് ബന്ധപ്പെട്ടവര്‍.


error: Content is protected !!