
അഹമ്മദാബാദ്: കാരണങ്ങള്‍ വ്യക്തമാക്കാതെ രാജിവെക്കേണ്ടി വന്ന വിജയ് രൂപാണിക്ക് പകരമായി ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേലിനെ തെരഞ്ഞെടുത്തു. ബി ജെ പി എം എല്‍ എമാരുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്.

ഗുജറാത്തില്‍ നിന്നുള്ള രണ്ട് കേന്ദ്രമന്ത്രിമാരായ മന്‍സുഖ് മാണ്ഡവ്യ, പര്‍ഷോത്തം രൂപാല എന്നിവരുടെ പേരുകളാണ് രൂപാണിക്ക് പകരം ഉയര്‍ന്നുകേട്ടിരുന്നതെന്നതെങ്കിലും തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ പട്ടേല്‍ സമുദായത്തെ പ്രീതിപ്പെടുത്താനാണ് പാര്‍ട്ടി തീരുമാനിക്കുകയെന്ന് നേരത്തെ തന്നെ പറയപ്പെട്ടിരുന്നു. അതിന്റെ ഭാഗമായി കേന്ദ്രഭരണ പ്രദേശങ്ങളായ ദാദ്ര, നഗര്‍ ഹവേലി, ദാമന്‍, ഡിയു, ലക്ഷദ്വീപ് എന്നിവയുടെ അഡ്മിനിസ്ട്രേറ്ററും ഏറെ വിവാദങ്ങള്‍ സൃഷ്ടിക്കുകയും ചെയ്ത പ്രഫുല്‍ ഖോഡ പട്ടേലിന്റെ പേരും ഉയര്‍ന്നു കേട്ടിരുന്നു. ഗുജറാത്തില്‍ നരേന്ദ്ര മോദിക്കും അമിത്ഷായ്ക്കും തമ്മില്‍ വ്യത്യസ്ത അഭിപ്രായങ്ങളാണ് രൂപപ്പെട്ടതെന്നും പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നും നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു.


സംസ്ഥാന കൃഷി മന്ത്രി ആര്‍ സി ഫാല്‍ഡുവിനേയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും ഒടുവില്‍ നറുക്കുവീണത് ഭൂപേന്ദ്ര പട്ടേലിനാണ്.


