

ദോഹ: റോഡുകളും പൊതുസ്ഥലങ്ങളും സൗന്ദര്യവത്ക്കരിക്കുന്ന സൂപ്പര്‍വൈസറി കമ്മിറ്റിയുമായി ചേര്‍ന്ന് പബ്ലിക്ക് വര്‍ക്‌സ് അതോറിറ്റി അശ്ഗാല്‍ അല്‍ വജ്ബ ഈസ്റ്റിലെ അല്‍ വാദി പാര്‍ക്ക് നാച്യുറല്‍ റിസര്‍വ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു. പൂര്‍ത്തീകരണ പ്രഖ്യാപന ചടങ്ങില്‍ പങ്കെടുത്തവര്‍ അല്‍വാദി പാര്‍ക്കില്‍ ചുറ്റി സഞ്ചരിക്കുകയും ചെടികള്‍ നടുകയും ചെയ്തു.


102,000 ചതുരശ്ര മീറ്റര്‍ സ്ഥലത്ത് പ്രാദേശിക ചെടികളാണ് നട്ടുപിടിപ്പിച്ചത്. ലിസിയം ബാര്‍ബറം, സിസിഫസ് സ്പിന ക്രിസ്റ്റി (വന സിദ്ര), അക്കേഷ്യ ടോര്‍ടിലിസ്, ബോസ്‌വേലിയ സാക്‌റ, അക്കേഷ്യ ആംപ്ലിസെപ്‌സ്, അല്‍ബിസിയ ലെബ്ബക്ക് (ഫിക്കസ്), ജെറുസലേം തോണ്‍ ഉള്‍പ്പെടെയുള്ള ഖത്തറിന്റെ പരിസ്ഥിതിക്ക് അനുയോജ്യമായ ചെടികളാണ് അല്‍വാദി പാര്‍ക്ക് നാച്യുറല്‍ റിസര്‍വില്‍ നട്ടുപിടിപ്പിച്ചത്.

നാച്യുറല്‍ റിസര്‍വ് വന്യജീവികളുടെ നിലനില്‍പ്പിനെ സഹായിക്കുകയും പരിസ്ഥിതി സ്ഥിരത നിലനിര്‍ത്തുകയും വരള്‍ച്ച തടയുകയും മണ്ണിനെ സംരക്ഷിക്കുകയും കാര്‍ബണ്‍ പുറന്തള്ളല്‍ കുറക്കുകയും ചെയ്യും.

പദ്ധതിയില്‍ 1.1 കിലോമീറ്ററില്‍ കാല്‍നട യാത്രക്കാര്‍ക്കും സൈക്കിള്‍ യാത്രക്കാര്‍ക്കും 1.1 കിലോമീറ്റര്‍ ജോഗിംഗ് വഴിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രകൃതിയുമായി ചേര്‍ന്ന് ആരോഗ്യകരമായ അന്തരീക്ഷത്തില്‍ കായിക പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
മേഖലയിലെ ഭാവിയിലെ വികസനം ലക്ഷ്യമിട്ട് 17 കിലോമീറ്റര്‍ റോഡ് കൂടി ഉള്‍പ്പെടുന്നതാണ് പദ്ധതി. തെരുവു വിളക്കുകള്‍, ചൂണ്ടുപലകകള്‍, റോഡ് അടയാളങ്ങള്‍ തുടങ്ങി എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും റോഡില്‍ സ്ഥാപിച്ചിട്ടുണ്ട്. അതോടൊപ്പം പദ്ധതിയില്‍ 34 കിലോമീറ്റര്‍ നടപ്പാതയും സൈക്കിള്‍ പാത്തും 2570 വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യങ്ങളും അനുബന്ധമായുണ്ട്.

അടിസ്ഥാന സൗകര്യങ്ങളുടെ ഭാഗമായി 14 കിലോമീറ്റര്‍ മലിനജലത്തിനുള്ള ഓവുചാല്‍, 16.6 കിലോമീറ്റര്‍ ജലമൊഴുകാനുള്ള വഴി, ശുദ്ധജല പൈപ്പുകള്‍ തുടങ്ങിയവയും പദ്ധതിയുടെ ഭാഗമായി നിര്‍മിച്ചിട്ടുണ്ട്.
പദ്ധതി പൂര്‍ണതോതില്‍ 2023 രണ്ടാം പാദത്തില്‍ പൂര്‍ത്തിയാകുന്ന വിധത്തിലാണ് പുരോഗമിക്കുന്നത്. നിലവില്‍ 40 ശതമാനം പ്രവര്‍ത്തനങ്ങളുടെ ജോലി കഴിഞ്ഞിട്ടുണ്ട്.

