റഫയിലെ കൂട്ടക്കുരുതി: നെതന്യാഹുവിനെ തുറങ്കിലടക്കണം: ഐ എന്‍ എല്‍

Web Desk
1 Min Read

കോഴിക്കോട്: അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ആജ്ഞ ധിക്കരിച്ചുകൊണ്ട് ഫലസ്തീനിലെ റഫയില്‍ അഭയാര്‍ഥി തമ്പിന്മേല്‍ ബോംബ് വര്‍ഷിക്കുകയും കുഞ്ഞുങ്ങളും സ്ത്രീകളും വയോധികരുമടക്കം നിരവധി പേരെ ചുട്ടുകൊല്ലുകയും ചെയ്ത ഇസ്രായേല്‍ കിരാതത്തിനെതിരെ ലോകസമൂഹത്തോടൊപ്പം ശക്തമായി പ്രതിഷേധിക്കണമെന്ന് ഐ എന്‍ എല്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ആഗോളസമൂഹം നോക്കിനില്‍ക്കെ അമേരിക്ക നല്‍കുന്ന അതിമാരക ആയുധങ്ങളുപയോഗിച്ചാണ് സയണിസ്റ്റ് ഭരണകൂടം അതിക്രുരവും നിഷ്ഠൂരവുമായ കൂട്ടക്കുരുതി തുടരുന്നത്.

city exchange

ദക്ഷിണാഫ്രിക്ക നല്‍കിയ പരാതിയില്‍ ലോക കോടതി പുറപ്പെടുവിച്ച ഉത്തരവിന് പുല്ലു വില കല്‍പിക്കാതെയാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു റഫയില്‍ അഭയം തേടിയ പത്തുലക്ഷം സിവിലിയന്മാര്‍ക്ക് നേരെ മിസൈലുകള്‍ തൊടുത്ത് വിടുന്നത്. ഈ കൊടുംപാതകത്തിന് ഇസ്രായേലിനൊപ്പം അമേരിക്കയടക്കമുള്ള വന്‍ശക്തികളും ഉത്തരവാദികളാണ്.

ലോകകോടതിയുടെ വാറന്റ് അനുസരിച്ച് എത്രയും പെട്ടെന്ന് നെതന്യാഹുവിനെ അറസ്റ്റ് ചെയ്ത് കുറ്റവിചാരണ നടത്തി ശിക്ഷിച്ചാലേ മനുഷ്യരാശിക്കെതിരായ ഇത്രയും ഭീകരമായ കുറ്റകൃത്യങ്ങള്‍ക്ക് അറുതി ഉണ്ടാവൂ. റഫയിലെ കൂട്ടക്കൊല അബദ്ധത്തില്‍ സംഭവിച്ചതാണെന്ന സയണിസ്റ്റ് നേതാവിന്റെ ഭാഷ്യം തനി കാപട്യമാണ്. ആഗോളസമൂഹത്തിന്റെ വികാരം അശേഷം മാനിക്കാത്ത ഈ നരാധമന്‍ മനുഷ്യാവകാശങ്ങള്‍ക്ക് വില കല്‍പിക്കുന്ന ഈ കാലഘട്ടത്തില്‍ ജീവിക്കാന്‍ കൊള്ളാത്ത വ്യക്തിയാണെന്ന് ഐ എന്‍ എല്‍ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവര്‍കോവിലും ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറും പ്രസ്താവനയില്‍ പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!