ഉയിഗൂര്‍ മുസ്‌ലിം പള്ളി തകര്‍ത്ത സ്ഥലത്ത് ഹോട്ടല്‍; ഹില്‍ട്ടണ്‍ ഗ്രൂപ്പ് ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനം

Web Desk
3 Min Read

വിര്‍ജീനിയ: ചൈനയിലെ സിന്‍ജിയാങില്‍ ഉയിഗൂര്‍ മുസ്‌ലിംകളുടെ പള്ളി തകര്‍ത്ത് ഹോട്ടല്‍ പണിയാനുള്ള പദ്ധതിയാണെന്ന് ചൂണ്ടിക്കാട്ടി ആഗോളതലത്തില്‍ ഹില്‍ട്ടണ്‍ ഹോട്ടല്‍ ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനം. നാല്‍പ്പതിലേറെ മുസ്‌ലിം- അമേരിക്കന്‍ പൗരാവകാശ സംഘടനകളാണ് ആഹ്വാനം നടത്തിയത്. വിര്‍ജീനിയയിലെ ഹില്‍ട്ടണ്‍ ആസ്ഥാനത്തിന് മുമ്പില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

city exchange

നിര്‍മ്മാണ പദ്ധതികള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹോട്ടല്‍ ഗ്രൂപ്പുമായി പരോക്ഷമായി ചര്‍ച്ചകള്‍ നടത്തിയെങ്കിലും പ്രയോജനം ചെയ്തില്ലെന്ന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അതുകൊണ്ടുതന്നെ ആഗോളതലത്തില്‍ ഹില്‍ട്ടണ്‍ ബഹിഷ്‌ക്കരണ ക്യാംപയിന്‍ പ്രഖ്യാപിക്കുന്നതായി അമേരിക്കന്‍- ഇസ്‌ലാമിക് റിലേഷന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ നിഹാദ് അവാദ് അറിയിച്ചു.


ഓരോരുത്തര്‍ക്കും യാത്രയിലും യോഗങ്ങള്‍ക്കും ബിസിനസ് മീറ്റിംഗുകള്‍ക്കും പരിപാടികള്‍ക്കും ഇഷ്ടമുള്ള ഹോട്ടലുകള്‍ തെരഞ്ഞെടുക്കാന്‍ അവകാശമുണ്ടെങ്കിലും ഉയിഗൂര്‍ സംസ്‌ക്കാരത്തിന്റെ നാശത്തിന് കാരണമാകുന്ന മനുഷ്യാവകാശ ലംഘനത്തിന് കൂട്ടുനില്‍ക്കണോ എന്നാലോചിച്ചാല്‍ മതിയെന്ന് അദ്ദേഹം പറഞ്ഞു.

- Advertisement -
Ad image


ഉയിഗൂര്‍ മുസ്‌ലിംകള്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുന്ന ചൈന അവരെ കൂട്ടത്തോടെ ജയിലിലടക്കുകയും നിര്‍ബന്ധിത വന്ധ്യംകരണം നടത്തുകയും കുട്ടികളെ കുടുംബങ്ങളില്‍ നിന്ന് വേര്‍തിരിക്കുകയും അവരുടെ മത- സാംസ്‌ക്കാരിക സ്ഥലങ്ങള്‍ നശിപ്പിക്കലും തുടരുകയാണ്. ഹില്‍ട്ടണ്‍ ഹോട്ടല്‍ പണിയാന്‍ പദ്ധതിയിട്ടിരിക്കുന്ന സ്ഥലം 2018ല്‍ ഉയിഗൂറിലെ മുസ്‌ലിം പള്ളി നശിപ്പിക്കപ്പെട്ടതാണ്. ഇക്കാര്യം ജൂണ്‍ ആദ്യത്തില്‍ തന്നെ അവരെ അറിയിച്ചിരുന്നതായും അവാദ് പറഞ്ഞു.


ജൂലൈ മാസത്തില്‍ യു എസ് കോണ്‍ഗ്രസ് കമ്മീഷന്‍ ഹില്‍ട്ടണ്‍ വേള്‍ഡ് വൈഡിനോട് ആ സ്ഥലത്ത് ഹോട്ടല്‍ പദ്ധതി നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു.


ആസ്‌ത്രേലിയന്‍ സ്്ട്രാറ്റജിക് പോളിസി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഗവേഷണ പ്രകാരം 2017 മുതല്‍ 2020 വരെയുള്ള കാലത്ത് സിന്‍ജിയാങ് സ്ഥലങ്ങളില്‍ പതിനാറായിരം പള്ളികള്‍ ഭാഗികമായോ പൂര്‍ണമായോ നശിപ്പിച്ചിട്ടുണ്ട്. പള്ളികളില്‍ നിന്ന് മിനാരങ്ങള്‍ നീക്കം ചെയ്തു. ചിലത് പൂര്‍ണമായും പൊളിച്ചു മാറ്റി. റിപ്പോര്‍ട്ടുകളും മുന്‍വര്‍ഷങ്ങളിലെ ഉപഗ്രഹ ചിത്രങ്ങളും വിലയിരുത്തിയാണ് വിവരം സ്ഥിരീകരിച്ചത്.


സിന്‍ജിയാങിലെ മതസ്ഥലങ്ങളൊന്നും ബലമായി നശിപ്പിക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നാണ് ചൈന പറയുന്നത്. മാത്രമല്ല ആരോപണം ശരിയല്ലെന്ന് തെളിയിക്കാന്‍ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനെ ക്ഷണിക്കുകയും ചെയ്തു. ഏപ്രില്‍, മെയ് മാസങ്ങളില്‍ റമദാനില്‍ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടര്‍മാര്‍ 12 ദിവസങ്ങളിലായി സ്ഥലം സന്ദര്‍ശിച്ചു. മിക്ക പള്ളികളും ഭാഗികമായോ പൂര്‍ണമായോ തകര്‍ക്കപ്പെട്ടതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.


ഐക്യരാഷ്ട്ര സഭയുടേയും മറ്റു മനുഷ്യാവകാശ സംഘടനകളുടെയും കണക്കുകള്‍ പ്രകാരം ഒരു ദശലക്ഷത്തിലധികം ഉയിഗുറുകളും മറ്റു വംശീയ ന്യൂനപക്ഷങ്ങളും സിന്‍ജിയാങ്ങില്‍ ക്യാമ്പുകളില്‍ ജോലിക്ക് നിയോഗിക്കപ്പെട്ടിരിക്കുകയാണ്. ക്യാമ്പുകള്‍ നിലവിലില്ലെന്ന് ചൈന ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് തീവ്രവാദത്തെ നേരിടാനുള്ള തൊഴിലധിഷ്ഠിത ക്യാമ്പുകളാണ് അവയെന്നാണ് ചൈന വിശദീകരിച്ചത്. സിന്‍ജിയാങില്‍ ന്യുൂനപക്ഷമായ മുസ്‌ലിംകളോട് ചൈന മോശമായാണ് പെരുമാറുന്നതെന്ന ആരോപണം വ്യാപകമായുണ്ട്.

സിന്‍ജിയാങില്‍ നിന്നുള്ള പരുത്തി, തക്കാളി ഉത്പന്നങ്ങള്‍ മുഴുവന്‍ ഉയിഗര്‍ മുസ്‌ലിംകളെ ഉപയോഗിച്ച് നിര്‍ബന്ധിതമായി നിര്‍മിച്ചതാണെന്ന ആരോപണത്തെ തുടര്‍ന്ന് ജനുവരിയില്‍ യു എസ് ഇറക്കുമതി നിരോധനം പ്രഖ്യാപിച്ചിരുന്നു. സിന്‍ജിയാങിലെ ഉയിഗൂര്‍ മുസ്‌ലിംകളെ നിര്‍ബന്ധിതമായി ജോലി ചെയ്യിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നെന്ന സംശയത്തില്‍ ഉപഭോക്തൃ ബഹിഷ്‌ക്കരണങ്ങളുണ്ടായതോടെ എച്ച് ആന്റ് എം, ബര്‍ബെറി, നൈക്ക് തുടങ്ങി നിരവധി പാശ്ചാത്യ ബ്രാന്റുകള്‍ക്ക് തിരിച്ചടിയുണ്ടായിരുന്നു. ലോകത്തിലെ പരുത്തി വിപണിയുടെ 20 ശതമാനവും ചൈനയുടെ 85 ശതമാനവും സിന്‍ജിയാങില്‍ നിന്നുള്ളതാണ്.


സിന്‍ജിയാങ് മേഖലയിലെ നിരവധി റീട്ടയിലര്‍മാര്‍ തൊഴിലാളികളെ നിര്‍ബന്ധിതമായി ജോലിയെടുപ്പിച്ച് ലാഭം നേടിയെന്ന് ആരോപിച്ച് മനുഷ്യാവകാശ സംഘടന ഈ മാസം ജര്‍മന്‍ പ്രോസിക്യൂട്ടര്‍മാര്‍ക്ക് പരാതി നല്കിയിട്ടുണ്ട്. ലിഡ്ല്‍, ഹ്യൂഗോ ബോസ്, മറ്റു ചില്ലറ വ്യാപാരികള്‍ തുടങ്ങിയവര്‍ സിന്‍ജിയാങിലെ പരുത്തി വ്യവസായത്തില്‍ നിര്‍ബന്ധിത തൊഴിലെടുപ്പിച്ച് നേരിട്ടോ അല്ലാതെയോ ലാഭമുണ്ടാക്കുന്നതായി ബെര്‍ലിന്‍ ആസ്ഥാനമായുള്ള യൂറോപ്യന്‍ സെന്റര്‍ ഫോര്‍ കോണ്‍സ്റ്റിറ്റിയൂഷണല്‍ ആന്റ് ഹ്യൂമന്‍ റൈറ്റ്‌സ് ഫെഡറല്‍ കോടതിയില്‍ നല്കിയ 96 പേജുള്ള പരാതിയില്‍ പറയുന്നു.


ഉയിഗൂര്‍ മുസ്‌ലിംകള്‍ക്കെതിരായ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ സിന്‍ജിയാങ് മേഖലയിലേക്ക് പ്രവേശനം തേടുന്നതിനുള്ള ശ്രമങ്ങള്‍ വിജയിച്ചിട്ടില്ലെന്നും സ്ഥിതിഗതികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് അന്തിമമാക്കുകയാണെന്നും ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ മേധാവി മിഷേല്‍ ബാഷ്‌ലെറ്റ് ജനീവ മനുഷ്യാവകാശ കൗണ്‍സില്‍ ഉദ്ഘാടന വേളയില്‍ പറഞ്ഞു. എന്നാല്‍ ലഭ്യമായ വിവരങ്ങള്‍ വെച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതായും അതുടന്‍ പരസ്യമാക്കുമെന്നും അവര്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!