

ആലുവ: പെരുമ്പാവൂര്‍- ആലുവ റോഡില്‍ ജലജീവന്‍ പദ്ധതിയില്‍ പൈപ്പുകള്‍ സ്ഥാപിച്ച് സഞ്ചാരയോഗ്യമല്ലാതായ തോട്ടുമുഖം പാലം മുതല്‍ കുട്ടമശ്ശേരി സ്കൂള്‍ വരെയുള്ള ഭാഗം വാട്ടര്‍ അതോറിറ്റി റെസ്റ്റോറേഷന് നടത്തിയിട്ടുണ്ട്. കാലാവസ്ഥ ഇതേ രീതിയില്‍ അനുകൂലമെങ്കില്‍ 25ന് റെസ്റ്റോറേഷന് നടത്തിയ തോട്ടുമുഖം പാലം മുതല്‍ ബി എം ഉപയോഗിച്ചുള്ള ടാറിങ്ങ് ജോലികള്‍ ആരംഭിക്കുമെന്ന് പി ഡബ്ല്യൂ ഡി ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ടെന്ന് അന്‍വര്‍ സാദത്ത് എം എല്‍ എ പറഞ്ഞു.

ബി എം ഉപയോഗിച്ചുള്ള ടാറിങ്ങിന്റെ മുന്നൊരുക്ക പ്രവര്‍ത്തങ്ങളുടെ ഭാഗമായി താഴ്ന്ന സ്ഥലങ്ങള്‍ ഡബ്ല്യുഎംഎം ഉപയോഗിച്ച് ബലപ്പെടുത്തി ഉയര്‍ത്തല്‍, സൈഡ് ക്ലീനിങ്ങ്, പ്രൈം കോട്ടടിക്കല്, ക്ലീനിങ്ങ് എന്നീ പ്രവര്‍ത്തികള്‍ 19 മുതല്‍ ആരംഭിക്കുമെന്ന് എം എല്‍ എ അറിയിച്ചു.

ഇതിനോടൊപ്പം തന്നെ കുട്ടമശ്ശേരി സ്കൂള്‍ മുതലുള്ള റോഡിന്റെ റെസ്റ്റോറേഷന് ജോലികള്‍ ആരംഭിച്ച് എത്രയും വേഗം പൂര്‍ത്തീകരിക്കാമെന്നു വാട്ടര്‍ അതോറിറ്റി ഉറപ്പു നല്‍കിയിട്ടുണ്ടെന്ന് എം എല്‍ എ പറഞ്ഞു. കൂടാതെ കാലാവസ്ഥയില്‍ വ്യതിയാനം വന്ന് വീണ്ടും മഴ പെയ്താല്‍ മേല്‍ വിവരിച്ച ജോലികള്‍ മാറ്റി വയ്ക്കേണ്ടിവരുമെന്നും പി ഡബ്ല്യൂ ഡി ഉദ്യോഗസ്ഥര്‍ പറഞ്ഞിട്ടുണ്ടെന്നും എം എല്‍ എ അറിയിച്ചു.
ബി എം ഉപയോഗിച്ചുള്ള ടാറിങ്ങ് പ്രവര്‍ത്തികള്‍ ആരംഭിക്കുമ്പോള്‍ ഉണ്ടാകുന്ന തടസ്സങ്ങള്‍ കണക്കിലെടുത്ത് എല്ലാവരും സഹകരിക്കണമെന്ന് എം എല്‍ എ അഭ്യര്‍ഥിച്ചു.

