പത്മശ്രീ അഡ്വ. സി കെ മേനോന്‍ അനുസ്മരണം സംഘടിപ്പിച്ചു

Web Desk
4 Min Read

തൃശൂര്‍: വിയോഗത്തിന്റെ രണ്ടാണ്ട് തികയുമ്പോഴും ഓര്‍മ്മതണലില്‍ ചിറകുവിരിച്ച് പത്മശ്രീ അഡ്വ. സി കെ മേനോന്‍. അദ്ദേഹം പഠിച്ച വിദ്യാലയമുറ്റത്ത് അനുസ്മരണത്തിന്റെ രണ്ടാം വര്‍ഷത്തില്‍ ഒത്തുകൂടിയത് നൂറുക്കണക്കിന് വിശിഷ്ടവ്യക്തികളാണ്. തൃശൂര്‍ സി എം എസ് സ്‌ക്കൂളില്‍ നടന്ന അനുസ്മരണ സമ്മേളനം കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. ഖത്തറിലെ ബെഹ്‌സാദ് ഗ്രൂപ്പ് ആസ്ഥാനത്തും ഗള്‍ഫിലെ വിവിധ രാജ്യങ്ങളിലും സി കെ.മേനോന്‍ അനുസ്മരണ ചടങ്ങുകള്‍ നടന്നു.

city exchange

ഓര്‍മ്മ നഷ്ടപ്പെട്ട് ജീവിക്കുന്ന മനുഷ്യര്‍ക്ക് വേണ്ടി, വിവിധ രോഗങ്ങളില്‍ ജീവിതത്തിന്റെ ദുസ്സഹമായ അരികില്‍ ഒറ്റപ്പെട്ടുപോയവര്‍ക്ക് വേണ്ടി, മനസ്സിന്റെ താളം പിഴച്ച് മാനസിക വിഭ്രാന്തിയില്‍ അകപ്പെട്ടു പോയവര്‍ക്കുവേണ്ടി, കുഞ്ഞുമനസ്സോടെ നിഷ്‌കളങ്കമായി ഭൂമിയില്‍ പിറന്ന പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുഞ്ഞുങ്ങള്‍ക്കുവേണ്ടി സി കെ മേനോന്‍ നടത്തിയ നിസ്സീമമായ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന്റെ വിയോഗത്തിന് ശേഷവും ഓര്‍മ്മിക്കപ്പെടുകയാണ്. സി കെ മേനോന്റെ വിയോഗത്തിന് രണ്ടാണ്ട് തികയുമ്പോഴും ഇപ്പോള്‍ ജീവിച്ചിരിക്കുന്ന അനേകം മനുഷ്യരുടെ മനസ്സില്‍ മായാത്ത ഓര്‍മ്മകള്‍ അവശേഷിപ്പിച്ചാണ് അദ്ദേഹം കടന്നുപോയത്.

പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ അതീവ ശ്രദ്ധചെലുത്തിയ വ്യക്തിത്വമായിരുന്നു പത്മശ്രീ അഡ്വ. സി കെ മേനോന്‍ എന്ന് കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അനുസ്മരിച്ചു. വിയോഗത്തിന്റെ രണ്ടാം ഓര്‍മ്മ വര്‍ഷത്തില്‍ സി കെ മേനോന്‍ പഠിച്ച വിദ്യാലയത്തില്‍ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ടുള്ള കുറിപ്പിലൂടെയാണ് സി കെ മേനോനുടുള്ള സ്‌നേഹം ഉമ്മന്‍ചാണ്ടി പങ്കുവെച്ചത്. ആരേഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതുകൊണ്ട് അങ്കമാലിയിലെ സ്വകാര്യ ആയൂര്‍വേദാശുപത്രിയില്‍ നിന്നും എഴുതി തയ്യാറാക്കിയ ഉദ്ഘാടന പ്രസംഗം ചടങ്ങിലേക്ക് ടി ജെ സനീഷ് കുമാര്‍ എം എല്‍ എയുടെ കൈയില്‍ കൊടുത്തയക്കുകയായിരുന്നു. കേരളത്തിന്റെ സാമൂഹ്യ സാംസ്‌ക്കാരിക രംഗത്ത് സി കെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ എന്നും ഓര്‍മ്മിക്കപ്പെടുമെന്ന് ഉമ്മന്‍ചാണ്ടി ഉദ്ഘാടനക്കുറിപ്പില്‍ അനുസ്മരിച്ചു.

- Advertisement -
Ad image

വ്യവസായ സംരംഭകന്‍ എന്ന നിലയിലല്ല മനുഷ്യ സ്‌നേഹി എന്ന നിലയാലാണ് സി കെ മേനോന്‍ ഓര്‍മ്മിക്കപ്പെടുന്നതെന്ന് മുന്‍ മന്ത്രിയും യു ഡി എഫ് കണ്‍വീനറുമായ എം എം ഹസന്‍ അനുസ്മരിച്ചു. ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു എം എം ഹസന്‍. മതസ്പര്‍ധ ശക്തിപ്പെടുന്ന കാലത്താണ് മുസ്‌ലിം ദേവാലയവും ക്രിസ്ത്യന്‍ ദേവാലയവും നിര്‍മിച്ച് തികഞ്ഞ മതേതരവാദിയാകാന്‍ മനുഷ്യനെ പ്രേരിപ്പിച്ച മഹത വ്യക്തിത്വമാണ് സി കെ മേനോനെന്നും എം എം ഹസന്‍ പറഞ്ഞു.

സൗഹൃദം എന്നും മനസ്സില്‍ സൂക്ഷിക്കുകയും തനിക്കുവേണ്ടി മാത്രമല്ലാതെ മറ്റുള്ളവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണം എന്ന നന്മയാണ് സി കെ മേനോനെ ഓര്‍മ്മിക്കുവാന്‍ തന്നെ പ്രേരിപ്പിക്കുന്ന മുഖ്യഘടകമെന്ന് പൗരസ്ത്യ കല്‍ദായ സുറിയാനി സഭയുടെ ഇന്ത്യന്‍ ആര്‍ച്ച് ഡയോസിസിന്റെ പരമാധ്യക്ഷനായ അഭിവന്ദ്യ ഡോ. മാര്‍ അപ്രേം മെത്രാപ്പൊലീത്ത അനുസ്മരിച്ചു. ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു ഡോ. മാര്‍ അപ്രേം മെത്രാപ്പൊലീത്ത.

പരിചയപ്പെടുന്ന വ്യക്തികളില്‍ അവരുടെ ദുഃഖത്തില്‍ പങ്കുചേരുക, ആവശ്യഘട്ടത്തില്‍ സഹായിക്കുക എന്നതായിരുന്നു തന്റെ പിതാവിന്റെ പ്രധാന പോളിസിയെന്ന് ജെ കെ മേനോന്‍ പറഞ്ഞു. പത്മശ്രീ അഡ്വ. സി കെ മേനോന്റെ മകനും ബെഹ്‌സാദ് ഗ്രൂപ്പ് ചെയര്‍മാനുമായ ജെ കെ മേനോന്‍ അനുസ്മരണ ചടങ്ങില്‍ മുഖ്യാതിഥിയായി ഓണ്‍ലൈനിലൂടെ പങ്കെടുത്തു. ദീര്‍ഘവീക്ഷണമാണ് ഇത്രയേറെ ബിസിനസ് ശൃംഖലകളുടെ അധിപനാകാന്‍ സി കെ മേനോനെ സഹായിച്ചതെന്നും അദ്ദേഹം പഠിപ്പിച്ച പാഠങ്ങള്‍ കെടാത്ത വിളക്കുപോലെ മനസ്സിലുണ്ടാകുമെന്നും ജെ കെ മേനോന്‍ പറഞ്ഞു.

തൃശ്ശൂര്‍ നഗരത്തിലെ ചേരി നിര്‍മാര്‍ജ്ജനത്തില്‍ സി കെ വഹിച്ച പങ്ക് ഓര്‍മ്മകളുടെ മയീല്‍പ്പീലി തുണ്ട് പോലെ ചേരി നിവാസികളുടെ മനസ്സിലൂണ്ടെന്ന് തൃശ്ശൂര്‍ എം പി ടി എന്‍ പ്രതാപന്‍ അനുസ്മരിച്ചു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചേരിയില്‍ ജീവിച്ച മനുഷ്യര്‍ക്ക് ഫ്‌ളാറ്റ് നിര്‍മിച്ച് കൊടുത്തത് സി കെ മേനോനായിരുന്നു. കോവിഡ് പ്രതിസന്ധി കാലത്താണ് സി കെയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ വില പലരും തിരിച്ചറിഞ്ഞത്. അദ്ദേഹം ജീവിച്ചിരുന്നെങ്കില്‍ തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് തിരിച്ചുപോകേണ്ടി വന്ന പ്രവാസികള്‍ക്കായി നിരവധി ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകള്‍ ഖത്തറില്‍ നിന്നും പറന്നുയരുമായിരുന്നു. തൃശ്ശൂരിന്റെ മതനിരപേക്ഷ മുഖമായിരുന്നു സി കെ മേനോനെന്നും ടി എന്‍ പ്രതാപന്‍ അനുസ്മരിച്ചു.

സി കെ മേനോന്‍ സ്മാരക സമിതി തൃശ്ശൂര്‍ സി എം എസ് സ്‌ക്കൂളില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തില്‍ ചാലക്കുടി എം എല്‍ എ ടി ജെ സനീഷ് കുമാര്‍, മുന്‍ മന്ത്രി വി എസ് സുനില്‍കുമാര്‍, തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ പി കെ ഷാജന്‍, കൗണ്‍സിലര്‍ പൂര്‍ണ്ണിമ സുരേഷ്, ഡി സി സി പ്രസിഡന്റ് ജോസ് വള്ളൂര്‍, സി പി എം ജില്ലാ സെക്രട്ടറി എം എം വര്‍ഗ്ഗീസ്, ബി ജെ പി ജില്ലാ പ്രസിഡന്റ് അഡ്വ. അനീഷ് കുമാര്‍, മുന്‍ എം എല്‍ എ എം പി വിന്‍സെന്റ്, ചേംബര്‍ ഓഫ് കൊമേഴ്‌സ് ജില്ലാ പ്രസിഡന്റ്് ജലീല്‍, മാതൃഭൂമി മുന്‍ ഡെപ്യൂട്ടി എഡിറ്റര്‍ എം പി സുരേന്ദ്രന്‍, തൃശ്ശൂര്‍ മുന്‍ മേയര്‍ കെ രാധാകൃഷ്ണന്‍, മുന്‍ ഡി സി സി പ്രസിഡന്റ് ഒ അബ്ദുറഹിമാന്‍ കുട്ടി എന്നിവര്‍ പങ്കെടുത്തു.

ഖത്തറില്‍ ബെഹ്‌സാദ് ഗ്രൂപ്പ് ആസ്ഥാനത്ത് നടന്ന പുഷ്പാര്‍ച്ചനയില്‍ സി കെ മേനോന്റെ പത്‌നി ജയശ്രീ കൃഷ്ണന്‍മേനോന്‍, സി കെ മേനോന്റെ സഹോദരന്‍ ഗോകുല്‍ മേനോന്‍, ശില്‍പ്പ ജയകൃഷ്ണമേനോന്‍ എന്നിവര്‍ പങ്കെടുത്തു, ഖത്തര്‍ ഇന്‍കാസ്, ഖത്തറിലെ തൃശൂര്‍ ജില്ലാ സൗഹൃദവേദി എന്നിവിടങ്ങളിലും നടന്ന അനുസ്മരണ ചടങ്ങില്‍ നിരവധി പ്രമുഖര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!