

കോഴിക്കോട്: വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി എസ് സി ക്ക് വിട്ട സര്‍ക്കാര്‍ നീക്കം മുസ്ലിം ന്യുനപക്ഷത്തെ പരിഹസിക്കാനും അവമതിക്കാനുമുള്ള ഗൂഢാലോചനയുടെ ഏറ്റവും പ്രകടമായ രൂപമാണെന്നു കെ എന്‍ എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ല കോയ മദനി പറഞ്ഞു. മുസ്ലിം ന്യുനപക്ഷത്തിനെതിരെ കേരള സര്‍ക്കാര്‍ നിരന്തരം നടത്തുന്ന വിവേചനത്തിന്റെ ഭാഗമായിട്ടു മാത്രമേ ഇതു കാണാനാവൂ.പവിത്രമായ വഖഫ് സ്വത്തും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും കൈകാര്യം ചെയ്യേണ്ടത് വിശ്വാസികളാണ്. സഹോദരമതങ്ങളുടെ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട നിയമം വഖഫ് വിഷയത്തില്‍ അട്ടിമറിക്കുന്നത് അംഗീകരിക്കാനാവില്ല. കുറ്റമറ്റ രൂപത്തില്‍ നിലനില്‍ക്കുന്ന വഖഫ് സംവിധാനം തകര്‍ത്ത് രാഷ്ട്രീയം കളിക്കാനുള്ള സര്‍ക്കാര്‍ നീക്കം വിശ്വാസികള്‍ അംഗീകരിക്കില്ല. മുസ്ലിം സംഘടനകളുമായി ചേര്‍ന്നും മഹല്ലുകളിലും ഈ വിദ്വേഷ രാഷ്ട്രീയത്തിനെതിരെ പ്രതിഷേധം സംഘടിപ്പിക്കും. വഖഫ് സംവിധാനം തകര്‍ക്കാന്‍ കാലങ്ങളായി തക്കം പാര്‍ത്തിരിക്കുന്ന മതവിരോധികള്‍ക്കും വര്‍ഗീയ ശക്തികള്‍ക്കും പരവതാനി വിരിക്കുന്ന സര്‍ക്കാര്‍ അപകടകരമായ ഈ നീക്കത്തില്‍ നിന്നും പിന്മാറുന്നതാണ് നല്ലതെന്നും കെ എന്‍ എം പ്രസിഡന്റ് പറഞ്ഞു.
പൊതുസമൂഹം പി എസ് സിക്ക് വിടണമെന്ന് പറയുന്ന പതിനായിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികളെ നിയമിക്കാന്‍ പറ്റുന്ന മേഖലകളില്‍ ഒന്നും കൈവെക്കാതെ വഖഫില്‍ കൈവെച്ചു വലിയ വായില്‍ ന്യായം പറയുന്ന രീതി അപഹാസ്യമാണെന്നും ടി പി അബ്ദുല്ല കോയ മദനി പറഞ്ഞു.

