

ആലുവ: പെരുമ്പാവൂര്‍ മണ്ണൂരില്‍ സ്റ്റേറ്റ് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പാര്‍ട്ടിയും പെരുമ്പാവൂര്‍ എക്‌സൈസ് പാര്‍ട്ടിയും സംയുക്തമായി കണ്ടെടുത്ത 1800 ലിറ്റര്‍ സ്പിരിറ്റ് കേസില്‍ ഉള്‍പ്പെട്ട അന്തര്‍ സംസ്ഥാന സ്പിരിറ്റ് കടത്തു സംഘത്തിലെ മുഖ്യകണ്ണിയായ മൂന്നാം പ്രതി മണ്ണാര്‍ക്കാട് തൊടുക്കാപ്പ് സ്വദേശി അനസ് വി കെ (32)യെ അന്വേഷണ ഉദ്യോഗസ്ഥന്‍ എറണാകുളം അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ ടി എന്‍ സുധീര്‍, മണ്ണാര്‍ക്കാട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ ആദര്‍ശ് എന്നിവര്‍ ചേര്‍ന്ന സംഘം അറസ്റ്റ് ചെയ്തു.

മുങ്ങിനടക്കുകയായിരുന്ന പ്രതി രാത്രി വീട്ടില്‍ എത്തിയെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് എക്‌സൈസ് സംഘം വീട് വളഞ്ഞ് പ്രതിയെ പിടികൂടി അറസ്റ്റ് ചെയ്തത്. പ്രതി അനസ് 2020ല്‍ 25 കിലോഗ്രാം കഞ്ചാവ് കടത്തിയ കേസില്‍ കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലെ പ്രതിയാണ്. പ്രസ്തുത കേസില്‍ പ്രതി അനസിനെ മഞ്ചേരി എന്‍ഡിപിഎസ് കോടതി 10 വര്‍ഷം കഠിന തടവ് ശിക്ഷിച്ചിരുന്നു.

പ്രതി രണ്ട് വര്‍ഷം റിമാന്റ് തടവുകഴിഞ്ഞ് ഒരു വര്‍ഷം മുമ്പ് കേരള ഹൈക്കോടതി നല്‍കിയ അപ്പീല്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷമാണ് സ്പിരിറ്റ് കടത്തു സംഘത്തോടൊപ്പം ചേര്‍ന്നത് എന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇപ്പോള്‍ പ്രതിയെ കോലഞ്ചേരി മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്തു.
പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തില്‍ എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ ടി എന്‍ സുധീര്‍, മണ്ണാര്‍ക്കാട് എക്‌സൈസ് സി ഐ ആദര്‍ശ്, എറണാകുളം ജില്ലയിലെ സി ഇ ഒമാരായ ജിതിന്‍ ജയലോഷ്, ബിപിന്‍ദാസ്, ഡ്രൈവര്‍ അജയന്‍ എന്നിവരും മണ്ണാര്‍ക്കാട് എക്‌സൈസ് ഓഫീസിലെ ഗ്രേഡ് പ്രഭ, പി ഒ ഗ്രേഡ് രാജേഷ്, സി ഇ ഒ അഷ്‌കര്‍ അലി എന്നിവര്‍ പങ്കെടുത്തു.

