പ്രേക്ഷക ഹൃദയങ്ങളെ കീഴടക്കിയ കുമാരനും മഹാലക്ഷ്മിയും വീണ്ടും വരുന്നു

Web Desk
1 Min Read

ചെന്നൈ: രണ്ടു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ട്രെന്‍ഡ് സെറ്ററായി പ്രേക്ഷകരെ ഒന്നടങ്കം വശീകരിച്ച മെഗാ ഹിറ്റ് സിനിമയാണ് ജയം രവിയെ നായകനാക്കി മോഹന്‍ രാജ (ജയം രാജ) സംവിധാനം ചെയ്ത ‘എം കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി’. പല അഭിനേതാക്കള്‍ക്കും വഴിത്തിരിവായ ഒരു സിനിമ കൂടിയായിരുന്നു ഇത്.

city exchange

അസിന്‍ തമിഴില്‍ നായികയായി അരങ്ങേറ്റം കുറിച്ച ചിത്രം നദിയാ മൊയ്തു അമ്മയായി ശക്തമായ മഹാലക്ഷ്മി എന്ന കഥാപാത്രവുമായി ഒരിടവേളക്ക് ശേഷം തിരിച്ചു വരവ് നടത്തിയ ചിത്രം എന്നിങ്ങനെ ഒട്ടേറെ സവിശേഷതകള്‍ ഈ സിനിമക്കുണ്ട്. ഫിലിം എഡിറ്റര്‍ മോഹന്‍ നിര്‍മ്മിച്ച ‘എം കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി’ മാര്‍ച്ച് 14ന് പുനപ്രദര്‍ശനത്തിന് തയ്യാറെടുക്കുക്കയാണ്.

ബോക്‌സിങ്ങിന്റെ പശ്ചാത്തലത്തില്‍ ആക്ഷന്‍, പ്രണയം, നര്‍മ്മം, ദുരൂഹത, വൈകാരികത എന്നിവ ചേരുംപടി ചേര്‍ത്ത് ആബാലവൃദ്ധം കാണികളേയും ആകര്‍ഷിക്കും വിധം മോഹന്‍ രാജ അണിയിച്ചൊരുക്കിയ ‘എം കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി’ക്ക് അന്ന് ലോകമെമ്പാടും വന്‍ സ്വീകരണമാണ് ലഭിച്ചത്. ഒരു തമിഴ് യുവാവും മലയാളി പെണ്‍കുട്ടിയും തമ്മിലുള്ള പ്രണയത്തിന്റെ അകമ്പടിയോടെയായിരുന്നു ചിത്രത്തിന്റെ കഥാപ്രയാണം.

ശ്രീകാന്ത് ദേവ സംഗീതം നല്‍കി ചിട്ടപ്പെടുത്തിയ ഇതിലെ ഗാനങ്ങള്‍ എല്ലാം സൂപ്പര്‍ ഹിറ്റുകളായിരുന്നു എന്നതും ഇന്നും അവ ശ്രോതാക്കളുടെ പ്രിയപ്പെട്ട ആല്‍ബമാണെന്നതും ശ്രദ്ധേയമാണ്. രണ്ടു പതിറ്റാണ്ടുകള്‍ക്ക് ശേഷം വീണ്ടും പ്രദര്‍ശനത്തിന് എത്തുമ്പോള്‍ പ്രേക്ഷകര്‍ ചിത്രത്തിനെ അതേ ആവേശത്തോടെ സ്വീകരിക്കാന്‍ കാത്തിരിക്കുകയാണ്. അതിന്റെ ദൃഷ്ടാന്തമാണ് റീ റിലീസ് തിയ്യതി പ്രഖ്യാപിച്ചപ്പോള്‍ സമൂഹ മാധ്യമങ്ങളിലൂടെ ലഭിച്ച സ്വീകരണം.

- Advertisement -
Ad image

ആലപ്പുഴ, പൊള്ളാച്ചി, ചെന്നൈ, ഹൈദരാബാദ്, മലേഷ്യ എന്നിവിടങ്ങളിലായി ചിത്രീകരിച്ച ഈ ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍ പ്രകാശ് രാജ്, ഐശ്വര്യ, വിവേക്, ‘വെണ്ണിറ ആടൈ’ മൂര്‍ത്തി, ടി പി മാധവന്‍, ജ്യോതി ലക്ഷ്മി എന്നിവരാണ്.

മാര്‍ച്ച് 14ന് വീണ്ടും പ്രദര്‍ശനത്തിനെത്തുന്ന ‘എം കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി’ ഡ്രീം ബിഗ് ഫിലിംസ് കേരളത്തില്‍ റിലീസ് ചെയ്യും.

Share This Article
Leave a Comment
error: Content is protected !!