

ലിസ്ബന്‍: പോര്‍ച്ചുഗീസ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മത്സരിച്ച മലയാളി രഘുനാഥ് കടവന്നൂര്‍ തന്റെ തെരഞ്ഞെടുപ്പ് അനുഭവങ്ങള്‍ പങ്കുവെച്ച് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. പോര്‍ച്ചുഗീസ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മലയാളി തികച്ചും കൗതുകരമായൊരു വാര്‍ത്തയായിരിക്കുമെന്നു പറഞ്ഞു തുടങ്ങുന്ന കുറിപ്പില്‍ തന്റെ പുതിയ അനുഭവങ്ങളെ വളരെ മനോഹരമായാണ് അദ്ദേഹം വിവരിക്കുന്നത്. ഒപ്പം, തന്നോടൊപ്പം നിന്ന സുഹൃത്തുക്കള്‍ക്കും പഴയകാല സഹപ്രവര്‍ത്തകര്‍ക്കും ആശംസകള്‍ അറിയിച്ചവര്‍ക്കും അദ്ദേഹം നന്ദി പറയുന്നുമുണ്ട്.

സെപ്തംബര്‍ 26ന് നടന്ന പോര്‍ച്ചുഗീസ് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പോര്‍ച്ചുഗീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി പാനലില്‍ സി ഡി യു (കൊലിഗസം ഡെമോക്രാറ്റ യൂണിറ്റാറിയ) പാനലിലായിരുന്നു കഥവാല്‍ മുന്‍സിപ്പാലിറ്റിയിലേക്കും വെര്‍മെല പഞ്ചായത്തിലേക്കും രഘുനാഥ് കടവന്നൂര്‍ മത്സരിച്ചത്.

കേരള സാഹചര്യത്തില്‍ നിന്ന് തികച്ചും വിഭിന്നമാണ് പോര്‍ച്ചുഗീസ് സാഹചര്യങ്ങളെന്ന് അറിയിച്ച അദ്ദേഹം 34.23 ശതമാനം വോട്ടുകളുമായി പോര്‍ച്ചുഗീസ് സോഷ്യലിസ്റ്റ് പാര്‍ട്ടി ഒന്നാം സ്ഥാനത്തും 13.21 ശതമാനം വോട്ടുകളുമായി വലതുപക്ഷ പാര്‍ട്ടിയായ പി എസ് ഡി രണ്ടാം സ്ഥാനത്തും 8.21 ശതമാനം വോട്ടുകളോടെ പോര്‍ച്ചുഗീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സഖ്യം സി ഡി യു മൂന്നാം സ്ഥാനത്തുമാണെന്ന് അറിയിച്ചു.
കഥവാല്‍ മുനിസിപ്പാലിറ്റിയിലും വെര്‍മെല പഞ്ചായത്തിലും പ്രസിഡന്റ് തെരഞ്ഞെടുപ്പിലും സി ഡി യു മൂന്നാം സ്ഥാനത്താണ്.
പുതിയ മേച്ചില്‍ പുറങ്ങളും പുത്തന്‍ അനുഭവങ്ങളുമാണ് തെരഞ്ഞെടുപ്പ് നല്കിയതെന്നും നടന്നും അലഞ്ഞും നിരവധി നാട്ടുവഴികളും വീഥികളും ജനജീവിതം കണ്ടറിയാനും ഒലീവ് മരങ്ങളും മുന്തിരിത്തോട്ടങ്ങളിലെ ജീവിക്കാന്‍ മറന്നുപോയവരും വാര്‍ധക്യത്തിന്റെ ചുഴിയില്‍ സ്വന്തം പേരുപോലും മറന്നുപോയവരും ഉള്‍പ്പെടെ കണ്ടറിഞ്ഞ ജീവിതത്തിന് മുമ്പില്‍ ഒന്നും തോറ്റുപോവില്ലെന്നും പറഞ്ഞാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.
തൃശൂര്‍ കണ്ടാണശ്ശേരി നമ്പഴിക്കാട് കടവന്നൂര്‍ പരേതനായ ചന്ദ്രമോഹന്റേയും രമണിയുടേയും മകനാണ് രഘുനാഥ് കടവന്നൂര്‍. കണ്ടാണിശ്ശേരി പഞ്ചായത്തിലെ സി പി എം നമ്പഴിക്കാട് നോര്‍ത്ത് ബ്രാഞ്ചംഗംവും ഡി വൈ എഫ് ഐ മേഖലാ ഭാരവാഹിയുമായി പ്രവര്‍ത്തിച്ചതിന് ശേഷമാണ് രഘുനാഥ് പോര്‍ച്ചുഗലിലെ പുസ്തക പ്രസിദ്ധീകരണ സ്ഥാപനത്തില്‍ പബ്ലിക്ക് റിലേഷന്‍ ഓഫിസറായി പോയത്. ജേര്‍ണലിസത്തില്‍ പി ജി ഡിപ്ലോമയുള്ള അദ്ദേഹം മംഗളത്തിലും ദീപികയിലും ജോലി ചെയ്തിരുന്നു. ഇപ്പോള്‍ പ്രശസ്ത റസ്റ്റോറന്റില്‍ മാനേജരായി പ്രവര്‍ത്തിക്കുകയാണ്. അതിനിടയിലാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്.

