

കോപ്പന്‍ഹേഗന്‍: യൂറോപ്പില്‍ ആദ്യമായി വനിതാ ഭൂരിപക്ഷമുള്ള പാര്‍ലമെന്റ് എന്ന ഖ്യാതി ഐസ്‌ലാന്റിന് ലഭിച്ചില്ല. പാര്‍ലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 63ല്‍ 33 സീറ്റുകള്‍ വിവിധ പാര്‍ട്ടികളിലായി വനിതകള്‍ കരസ്ഥമാക്കിയെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍ വന്നത്. റീകൗണ്ടിംഗ് നടത്തിയതോടെ വനിതകളുടെ സീറ്റുകള്‍ 30 ആയി കുറയുകയായിരുന്നു. അതോടെ 52 ശതമാനം വനിതകള്‍ സീറ്റ് നേടിയെന്നത് 47.6 ശതമാനമായി കുറഞ്ഞു.

വടക്കന്‍ അറ്റ്‌ലാന്റിക് ദ്വീപ് രാഷ്ട്രമായ ഐസ്‌ലാന്റില്‍ 3.71 ലക്ഷം മാത്രമാണ് ജനസംഖ്യ. ലോകസാമ്പത്തിക ഫോറത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം ലിംഗസമത്വത്തില്‍ ലോകത്തില്‍ ഒന്നാം സ്ഥാനത്തുള്ള ഐസ്‌ലാന്റാണ് നിലവില്‍ യൂറോപ്പില്‍ പാര്‍ലമെന്റില്‍ വനിതാ പ്രാതിനിധ്യത്തില്‍ ഒന്നാമത്. 47 ശതമാനവുമായി സ്വീഡനും 46 ശതമാനവുമായി ഫിന്‍ലാന്റും തൊട്ടുപിറകിലുണ്ട്.
റുവാണ്ട, ക്യൂബ, നിക്കരാഗ്വ എന്നീ രാജ്യങ്ങളിലെ പാര്‍ലമെന്റുകളില്‍ വനിതകളാണ് ഭൂരിപക്ഷം. മെക്‌സിക്കോയിലും യു എ ഇയിലും സ്ത്രീ പുരുഷ അനുപാതം 50 ആണ്.
