ഒരു കലക്ടറെ നഗരം വീണ്ടും ഓര്‍ത്തെടുക്കുന്നു

Web Desk
3 Min Read

കോഴിക്കോട്: ഈ നഗരത്തില്‍ വരുന്നവരെ വേറിട്ട പല കാരണങ്ങളും വിസ്മയപ്പെടുത്താറുണ്ട്. അത്തരമൊരു അത്ഭുതപ്പെടുത്തലാണ് ഫ്രാന്‍സിസ് റോഡ് ഓവര്‍ ബ്രിഡ്ജിനടുത്തെ ഒരു ചെറിയ ബോര്‍ഡ് അഥവാ കലക്ടേഴ്‌സ് റോഡ്.

city exchange

ഒരു കലക്ടര്‍ ഒരു നഗരത്തില്‍ നടത്തിയ അനേകം പ്രവര്‍ത്തനങ്ങളുടെ സ്മാരക ബാക്കിയാണത്. രാഷ്ട്രീയക്കാരുടെയും സമൂഹത്തിലെ വിവിധ മേലകളിലെ പ്രമുഖ വ്യക്തിത്വങ്ങളുടെയും പേരില്‍ മാത്രം നമ്മുടെ നടപ്പാതകള്‍ അറിയപ്പെടുന്ന പതിവ് രീതിയുടെ കാലത്താണ് ഒരു കലക്ടറുടെ ഔദ്യോഗിക നാമത്തില്‍ തന്നെ ഈ റോഡ് വേണമെന്ന തീരുമാനത്തില്‍ ‘ഞമ്മളെ കോയ്‌ക്കോട്ടുകാര്‍’ എത്തുന്നത്.

വര്‍ഷം അനേകം പിന്നിട്ടെങ്കിലും പി ബി സലീം എന്ന വേറിട്ട കലക്ടറും കോഴിക്കോടുമായുള്ള ബന്ധം അതാണ്. ഇലക്ഷന്‍ കമ്മീഷന് ഒരു നാഥനുണ്ടെന്നും അയാള്‍ക്ക് പല അധികാരങ്ങളുണ്ടെന്നും ടി എന്‍ ശേഷന്‍ കമ്മീഷണറായപ്പോള്‍ ഇന്ത്യയിലെ സാധാരണക്കാരന്‍ തിരിച്ചറിഞ്ഞ പോലെ, കലക്ടറുടെ അധികാരത്തിന്റെ ശക്തി എന്തെന്ന് കോഴിക്കോട്ടുകാര്‍ ലൈവായി കണ്ടു മനസ്സിലാക്കിയത് പലപ്പോഴും പി ബി സലീം കലക്ടറായിരുന്നപ്പോഴാണെന്ന്. പറയുന്നത് അല്പം അതിശയോക്തിയാണെന്ന് തോന്നിയാക്കാമെങ്കിലും ഇങ്ങനെയല്ലാതെ അത് പറയുക വയ്യ.

- Advertisement -
Ad image

ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു. തുരന്തോ എക്‌സ്പ്രസ്സില്‍ ഉണ്ടായ ഭക്ഷ്യവിഷബാധ. ജനപ്രതിനിധികള്‍ അടക്കമുള്ളവരുടെ മുന്നില്‍ പാന്‍ട്രി കാറിന്റെ ഉത്തരവാദിത്വമുള്ള മെഡിക്കല്‍ ഓഫീസര്‍ ഉത്തരം പറയാതെ ഒഴിഞ്ഞുമാറിക്കളിച്ച സമയത്താണ് കലക്ടറായിരുന്ന പി ബി സലീം കയറി വരുന്നത്. I am the District administor, I want within 24 hours…. എന്ന ഒറ്റ ഇംഗ്ലീഷ് ഡയലോഗില്‍ ഓഫീസര്‍ മര്യാദക്കാരനായി മാറി. പിറ്റേന്ന് പത്രങ്ങളുടെ മെട്രോ പേജുകളില്‍ മമ്മുട്ടിയുടെ
അലക്‌സ് തേവള്ളി പറമ്പില്‍ ഐ എ എസ് എന്ന സിനിമാ കഥാപാത്രത്തിനുമപ്പുറമെത്തിയ അധികാരമുള്ള യഥാര്‍ഥ കലക്ടറെക്കുറിച്ചുള്ള വിശേഷങ്ങളാണ് ഇപ്പോഴും കോഴിക്കോട്ടുകാരുടെ മനസ്സിലുള്ളത്.

മനുഷ്യ മനസ്സുകളില്‍ സന്തോഷത്തിന്റെ വിത്തുകള്‍ പാകുവാന്‍ ഓണക്കാലത്ത് ഒരുക്കിയ ഗിന്നസ് ബുക്ക് ഓഫ് റിക്കോര്‍ഡില്‍ വരെ പേരുവന്ന മൈത്രിയുടെ കൂറ്റന്‍ സ്‌നേഹപൂക്കളം, തളി ക്ഷേത്രം, കുറ്റിച്ചിറ പരിസരങ്ങളുടെ നവീകരണത്തിനായി ഒ എന്‍ ജി സി പോലുള്ളവയുടെ സി എസ് ആര്‍ ഫണ്ട് സംഘടിപ്പിച്ച് നടത്തിയ പ്രവര്‍ത്തനങ്ങള്‍, സാന്ത്വനത്തിന്റെ സ്‌നേഹ സ്പര്‍ശം, അരിക്ഷാമം രൂക്ഷമായപ്പോള്‍ ബംഗാളില്‍ നിന്ന് അരി കൊണ്ടുവന്നത്, പുഷ്പാ ജംഗ്ഷനിലെ ഗതാഗത കുരുക്കിന് അല്പമെങ്കിലും ആശ്വാസം പകരുവാനുള്ള, ഇന്നും നാട്ടുകാര്‍ ഓര്‍ക്കുന്ന കലക്ടേഴ്‌സ് റോഡ്…. അങ്ങനെ അനേകം കഥകളാണ് ഇവിടുത്തുകാര്‍ക്ക് അയവിറക്കുവാനുള്ളത്. ഇവിടെ നിന്നും യാത്ര പറഞ്ഞു പോകുമ്പോള്‍, കോഴിക്കോട് ബീച്ചില്‍ നടത്തിയ യാത്രയയപ്പ് ചടങ്ങില്‍ തടിച്ചു കൂടിയ പൗരാവലിയുടെ സാന്നിധ്യം അടിവരയിട്ടതുമിതു തന്നെയാണ്.

വ്യത്യസ്തമായ പ്രവര്‍ത്തനങ്ങളിലൂടെ ഇന്നും കോഴിക്കോട്ടു കാരുടെ മനസ്സില്‍ നിറഞ്ഞു നില്ക്കുന്ന പി ബി സലീമിനെ സാമൂതിരി രാജാവിന്റെ തട്ടകത്തില്‍ പൗരാവലി ആദരിക്കുകയാണ്. സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ മികച്ച പൊതുസേവനത്തിനുള്ള പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുടെ അവാര്‍ഡ് നേടിയ, നിലവില്‍ മുഖ്യമന്ത്രിയുടെ പ്ലാനിങ്ങ് ആന്റ് മോണിറ്ററിങ്ങ് സെക്രട്ടറി ഡോ. പി ബി സലീമുമായി വീണ്ടും നഗരവാസികള്‍ക്ക് മനസ്സ് തുറന്നു സംവദിക്കുവാനുള്ള വേദി ഒരുങ്ങുന്നത്.

28ന് വൈകിട്ട് നാലരയ്ക്ക് മറീനാ റെസിഡന്‍സിയില്‍ നടക്കുന്ന പരിപാടി മേയര്‍ ഡോ. ബീനാ ഫിലിപ്പ് ഉദ്ഘാടനം ചെയ്യും.കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്ങ്, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, സഫീര്‍ സഖാഫി, അഡ്വ. ഗോവിന്ദ് ചന്ദ്ര ശേഖരന്‍, കെ പി സുധീര, എം ഫിറോസ് ഖാന്‍, ഡോ. പി പി വേണുഗോപാല്‍, പി കെ അഹമ്മദ്, എം വി റംസി ഇസ്മായില്‍, ആര്‍ ജയന്ത് കുമാര്‍ എന്നിവര്‍ സംസാരിക്കും.

Share This Article
Leave a Comment
error: Content is protected !!