

കോഴിക്കോട്: ബാബുക്ക എന്ന കോഴിക്കോടിന്റെ ഗൃഹാതുരതയെ തിരിച്ചറിഞ്ഞുകൊണ്ടുള്ള സംഗീത വിരുന്നിനാണ് ഓണാഘോഷ പരിപാടികളിലെ ബേപ്പൂരിലെ വേദി സാക്ഷ്യം വഹിച്ചത്. രണ്ടാം ദിവസമായ ഇന്നലെ അന്‍വര്‍ സാദത്തിന്റേയും ചിത്രാ അയ്യരുടെയും നേതൃത്വത്തിലുള്ള സംഘമാണ് വേദിയിലെത്തിയത്.

വെള്ളാരപൂമലെ മേലെ….. തിന്തിനം പാടി വന്നേ എന്ന വരവേല്പ് ചലച്ചിത്രത്തിലെ ഗാനം അന്‍വര്‍ സാദത്ത് പാടിക്കൊണ്ട് തുടക്കമിട്ട ഗാനസന്ധ്യയില്‍ ഏറെ ഹൃദ്യവും ശ്രോതാക്കളെ ആകര്‍ഷിച്ചതും ഇരുവരും കൂടി കൊണ്ടുപോയ ബാബുക്കയുടെ പാട്ടിന്റെ ലോകമായിരുന്നു. കോഴിക്കോട് ബാബുരാജിന്റെ അനേകം പാട്ടുകളിലെ ഏതാനും വരികളിലൂടെയുള്ള സഞ്ചാരമെന്നതിനപ്പുറം അനുഗ്രഹീത കലാകാരന്റെ കഴിവ് കോഴിക്കോട്ടുകാര്‍ക്ക് ഒരിക്കല്‍ കൂടി അനുഭവിപ്പിച്ചറിയിപ്പിക്കുക കൂടിയായിരുന്നു.

അനുരാഗ ഗാനം പോലെയില്‍ തുടങ്ങി കണ്ടം ബെച്ച കോട്ടാണിത്, മമ്മദ് കാക്കാന്റെ കോട്ടാണിതിലാണത് അവസാനിച്ചത്. തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി തുടങ്ങി വിവിധ ഭാഷകളിലെ ഗാനങ്ങളിലേക്കും മലയാളത്തിലെ പുതിയതും പഴയതുമായ പാട്ടുകളിലൂടെ മാപ്പിള പാട്ടിലേക്ക് വരെ സഞ്ചരിച്ചതായിരുന്നു രണ്ട് മണിക്കൂറിലധികം നീണ്ടു നിന്ന ഗാനസന്ധ്യ.

