
കൊച്ചി: ഭാരതരത്‌ന ഡോ. എ പി ജെ അബ്ദുല്‍ കലാമിന്റെ 11-ാം അനുസ്മരണ വര്‍ഷാചരണത്തിന്റെ ഭാഗമായി ഡോ. എ പി ജെ അബ്ദുല്‍ കലാം ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന രാജ്യവ്യാപക വനിതാ ശാക്തീകരണ പ്രസ്ഥാനമായ ‘ജനനി 2026’ ജൂലൈ 24-ന് എറണാകുളം സെന്റ് തെരേസാസ് കോളേജ് (ഓട്ടോണമസ്) ഓഡിറ്റോറിയത്തില്‍ നടക്കും.

ജനനി 2026 കേരള മുഖ്യമന്ത്രി വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. സമൂഹത്തിനും രാജ്യത്തിനും മികച്ച സംഭാവനകള്‍ നല്‍കിയ മാതൃകാ വനിതകളെ ആദരിക്കുന്ന ജനനി 2026ന്റെ പുരസ്‌കാരങ്ങളുടെ വിതരണച്ചടങ്ങ് പരിപാടിയുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായിരിക്കും.

കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖ വനിതാ നേതാക്കള്‍, നയരൂപകര്‍, ശാസ്ത്രജ്ഞര്‍, ജനപ്രതിനിധികള്‍, സംരംഭകര്‍, ഡോക്ടര്‍മാര്‍, വിവിധ മേഖലകളിലെ പ്രൊഫഷണലുകള്‍, കലാകാരികള്‍, അധ്യാപകര്‍, മാധ്യമ പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍, സാമൂഹിക പ്രവര്‍ത്തകര്‍, വിവിധ മേഖലകളിലെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കുന്ന ദേശീയ സംഗമമായിരിക്കും ജനനി 2026.
മാതൃത്വം, നായിക, സേവ, ശക്തി, വിശ്വദീപ്തി എന്നിങ്ങനെ അഞ്ച് സെഷനുകളില്‍ പാനല്‍ ചര്‍ച്ചകള്‍, സാംസ്‌കാരിക പരിപാടികള്‍ തുടങ്ങിയവ ജനനയുടെ ഭാഗമായി നടക്കും. രാവിലെ എട്ട് മണിക്ക് റജിസ്‌ട്രേഷനോടെയാണ് പരിപാടികള്‍ ആരംഭിക്കുക. വൈകിട്ട് നാലുമണിക്ക് കേരള മുഖ്യമന്ത്രി വി ഡി സതീശന്‍ ഉദ്ഘാടനം നിര്‍വഹിക്കും.
മല്ലിക സുകുമാരന്‍, ഉമാ തോമസ് എം എല്‍ എ, ശ്വേതമേനോന്‍, അഞ്ജു ബോബി ജോര്‍ജ്ജ്, ലെന, ഡോ. ടെസ്സി തോമസ്, അനില രാജീവ്, അമൃത രാജന്‍, അഡ്വ. ശാന്തി മായാദേവി, ഐശ്വര്യ ശ്രീനിവാസന്‍, ആര്‍ ജെ നീന, ഉമാ പ്രേമന്‍, പ്രിയങ്ക നായര്‍, നിഷ ജോസ് കെ മാണി, സീന ടോണി ജോസ്, ആരതി കൃഷ്ണ, ഡോ. അമൃത സാബു, അസ്വതി പ്രഹ്ലാദന്‍, രാഗ ശങ്കര്‍, മെലാനി ഷിബു, അനൂജ ബഷീര്‍, സഫ്രീന ലത്തീഫ്, ജീമോള്‍ ചാക്കോ കോറോത്ത്, നുസ്രത്ത് ജഹാന്‍, ജസ്റ്റിസ് മേരി ജോസഫ്, ലത കെ, അശ്വതി രാജേന്ദ്രന്‍, നിസരി മഹേഷ്, വര്‍ധിനി പ്രകാശ്, ഉത്തര രാമകൃഷ്ണന്‍, ഇന്ദുലേഖ വാര്യര്‍, ഡോ. സൂസന്‍ വര്‍ഗ്ഗീസ്, ഡോ. അഷിത മേനോന്‍, സൗമ്യ തോമസ്, സൈറ ഷാന്‍, ഡോ. രൂപ മാത്യു, സാറ ജോര്‍ജ്ജ് മുത്തൂറ്റ്, അഞ്ജു ബിസ്റ്റ്, എല്‍സ റോയ്‌സ്, അനുപ കൃഷ്ണന്‍, നിഭ നമ്പൂതിരി, ഡോ. സ്‌നേഹ രാജു, സുഖദ തമ്പുരാന്‍, മധുമതി മഹേഷ്, ലീമ ജേക്കബ്, സജ്‌ന സുധീര്‍, മേജര്‍ ജനറല്‍ ലിസമ്മ പി വി, ഉഷ ടൈറ്റസ് എന്നിവര്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും.
അമൃത രാജന്റെ സംഗീത പരിപാടി, രാഗ ശങ്കറിന്റെ നേതൃത്വത്തില്‍ വനിതാ കളരിപ്പയറ്റ്, നിഷാ ജോസ് കെ മാണിയുമായി ഫയര്‍സൈഡ് ചാറ്റ് തുടങ്ങിയവയും പരിപാടിയുടെ ഭാഗമായി അരങ്ങേറും.
ജനനി 2026 ആഘോഷങ്ങളുടെ ഭാഗമായി ജൂലൈ 23-ന് കൊല്ലം വള്ളിക്കാവ് അമൃതപുരിയില മാതാ അമൃതാനന്ദമയി ദേവിക്ക് ഡോ. എ പി ജെ അബ്ദുല്‍ കലാം ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ പരമോന്നത ബഹുമതി കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ സമ്മാനിക്കും. ചടങ്ങില്‍ നിര്‍മിത ബുദ്ധിയില്‍ ഒരുക്കിയ ‘കലാംസ് ഏഞ്ചല്‍’ എന്ന പ്രചോദനാത്മക ചിത്രത്തിന്റെ പോസ്റ്റര്‍ പ്രകാശനവും ചടങ്ങില്‍ നടക്കും.
ഡോ. എ പി ജെ അബ്ദുല്‍ കലാമിന്റെ കുടുംബാംഗങ്ങളുടെയും ഡോ. എ പി ജെ അബ്ദുല്‍ കലാം ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ നേതൃത്വത്തിന്റെയും സാന്നിധ്യത്തിലും പങ്കാളിത്തത്തിലുമാണ് ജനനി 2026 സംഘടിപ്പിക്കുന്നത്.
വാര്‍ത്താ സമ്മേളനത്തില്‍ ഒലിവിയ സൈറ റൈജു, ഡോ. ജെറി മാത്യു, ക്യാപ്റ്റന്‍ പ്രകാശ് പി ബി, ഡോ. പ്രിയ കെ നായര്‍, കാര്‍ത്തിക ദാസ് എന്നിവര്‍ പങ്കെടുത്തു.

