

ഒറ്റപ്പാലം: പ്രവാചക പ്രകീര്‍ത്തന കാവ്യമായ ബുര്‍ദ ശരീഫിന്റെ കൈപ്പടയിലുള്ള അറബിക് കാലിഗ്രഫി കാണണമെങ്കില്‍ ഒറ്റപ്പാലം മര്‍കസിലേക്ക് വന്നോളൂ. പത്ത് ഭാഗങ്ങളുള്ള നബി കീര്‍ത്തനം 16 മീറ്റര്‍ നീളത്തില്‍ തയ്യാറാക്കി മര്‍കസ് വിദ്യാര്‍ഥി ഹാഫിള് മുഹമ്മദ് ആസഫ് (22) ആണ് വിസ്മയം തീര്‍ത്തത്.

മുള കൊണ്ടുള്ള പെന്‍, ഐവറി കാര്‍ഡ്, ആര്‍ട്ട് പേപ്പര്‍ എന്നിവ ഉപയോഗിച്ച് 200 മണിക്കൂര്‍ വിനിയോഗിച്ചാണ് അറബിക് കൈയ്യെഴുത്ത് പ്രതി തയ്യാറാക്കിയിട്ടുള്ളത്. എട്ട് പതിറ്റാണ്ട് മുമ്പ് ഇമാം ബുസൂരിയാണ് 160 വരികളുള്ള നബി കീര്‍ത്തനമായ ബുര്‍ദ ശരീഫ് രചിച്ചത്. ഏറെ ശ്രമകരമായ അറബിക് രൂപമാണ് കൈയ്യെഴുത്ത് പ്രതിയാക്കി ആസഫ് രൂപാന്തരപ്പെടുത്തിയത്. ലോക്ഡൗണ്‍ കാലത്തെ വിരസമായ ദിനങ്ങളെ പ്രയോജനപ്പെടുത്തി നാല്‍പ്പത് ദിവസം അഞ്ച് മണിക്കൂര്‍ വീതം പ്രതിദിനമെടുത്താണ് കൈയ്യെഴുത്ത് പ്രതി പൂര്‍ത്തിയാക്കിയത്. ലോക് ഡൗണ്‍ കാലത്ത് തന്നെയാണ് ജാമിഅത്തുല്‍ ഹിന്ദ് നാലാം വര്‍ഷ വിദ്യാര്‍ഥിയായ ആസഫ് കാലിഗ്രഫിയില്‍ പരിശീലനം നേടിയതും. തുടര്‍ന്ന് വ്യത്യസ്തമായ എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തില്‍ നബി കീര്‍ത്തനം തന്നെ കൈയ്യെഴുത്ത് പ്രതിയാക്കാന്‍ തീരുമാനിക്കുകയായിരുന്നു.


കേരളത്തില്‍ ആദ്യമായാണ് ബുര്‍ദശരീഫ് അറബിക് കൈയ്യെഴുത്ത് പ്രതി തയ്യാറാക്കുന്നതെന്ന് മുഹമ്മദ് ആസഫ് പറഞ്ഞു. എട്ടാം ക്ലാസ് വിദ്യാര്‍ഥിയായി ഒറ്റപ്പാലം മര്‍കസ് ഹിഫ്‌സുല്‍ ഖുര്‍ആന്‍ കോളേജില്‍ പഠനം ആരംഭിച്ച ആസഫ് വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍ ബി എ ഇംഗ്ലീഷ് പഠനവും നടത്തുന്നുണ്ട്. തൃശൂര്‍ മുന്നാക്കപറമ്പില്‍ അഷ്‌റഫിന്റെയും ഷക്കീലയുടെയും മകനാണ്.
കൈയ്യെഴുത്ത് പ്രതിയുടെ പ്രകാശനം മര്‍കസ് ജനറല്‍ സെക്രട്ടറി എം വി സിദ്ദീഖ് സഖാഫി നിര്‍വഹിച്ചു. മാനേജര്‍ എ ടി അബ്ദു റഷീദ് അശ്‌റഫി, പ്രസിഡന്റ് ടി എ മുസ്തഫ ഹാജി, എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി ടി ഉമ്മര്‍, എം ടി കുഞ്ഞിമുഹമ്മദ് ഫൈസി പനങ്ങാങ്ങര, കെ എം സിറാജുദ്ദീന്‍ സഖാഫി, പി അലിയാര്‍ മാസ്റ്റര്‍, കുഞ്ഞിമൊയ്തു, ഡോ. ടി എം നാസര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

