

കൊച്ചി: കൊച്ചി മെട്രോ യാത്രാ നിരക്ക് തിരക്കു കുറഞ്ഞ സമയങ്ങളില്‍ പകുതിയായി കുറച്ചു. പുതുക്കിയ നിരക്കുകള്‍ 20 മുതല്‍ പ്രാബല്യത്തില്‍ വരും.

ഫ്ളെക്സി ഫെയര്‍ സംവിധാനമാണ് കൊച്ചി മെട്രോയില്‍ നടപ്പാക്കുക. രാവിലെ ആറു മണി മുതല്‍ എട്ടു വരെയും രാത്രി എട്ടു മുതല്‍ മുതല്‍ 10.50 വരെയും എല്ലാ യാത്രക്കാര്‍ക്കും നിരക്കിന്റെ 50 ശതമാനം കിഴിവില്‍ ടിക്കറ്റ് ലഭിക്കും.

കൊച്ചി 1 കാര്‍ഡ് ഉടമകള്‍ക്കും അവരുടെ കാര്‍ഡിലെ തുകയിലെ വ്യത്യാസത്തിന്റെ ക്യാഷ് ബാക്ക് ലഭിക്കും. ക്യുആര്‍ ടിക്കറ്റുകള്‍, കൊച്ചി 1 കാര്‍ഡ്, കൊച്ചി 1 കാര്‍ഡ് ട്രിപ്പ് പാസ് എന്നിവ ഉപയോഗിച്ച് യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാര്‍ക്കും ഈ പ്രയോജനം ലഭിക്കുമെന്ന് കെ എം ആര്‍ എല്‍ അറിയിച്ചു.
കൊച്ചി മെട്രോ സര്‍വീസിന്റെ സമയവും ദീര്‍ഘിപ്പിച്ചിട്ടുണ്ട്. ഇനി മുതല്‍ അവസാന ട്രെയിന്‍ രാത്രി 10 മണിക്കാണ് പുറപ്പെടുക. യാത്രക്കാരുടെ വര്‍ധനവും യാത്രക്കാരില്‍ നിന്നുള്ള ആവശ്യവും പരിഗണിച്ചാണ് ഈ നീക്കമെന്ന് അധികൃതര്‍ അറിയിച്ചു.
രാത്രി ഒന്‍പതിനും 10 മണിക്കും ഇടയില്‍ ട്രെയിനുകള്‍ തമ്മിലുള്ള ഇടവേളകള്‍ 20 മിനിറ്റ് ആയിരിക്കും. നേരത്തെ, രാത്രി ഒന്‍പത് മണിക്കായിരുന്നു അവസാന സര്‍വീസ് പുറപ്പെട്ടിരുന്നത്.

