

കബളിപ്പിക്കപ്പെടുന്നവര്‍ എന്നും ഒരു കാര്യം ഓര്‍ക്കുന്നത് നല്ലതായിരിക്കും. അത്തരക്കാര്‍ സമൂഹവും മറ്റുള്ളവരും പറയുന്നത് അതിന്റെ മറ്റൊരു വശത്തെ കുറിച്ച് ചിന്തിക്കാതെ വേഗത്തില്‍ വിശ്വസിക്കുന്നവരായിരിക്കും എന്നുള്ളത്. മറ്റൊന്ന് അത്തരക്കാര്‍ ഒരുപക്ഷെ അത്യാര്‍ത്തി കൊണ്ടും വിദ്യാഭ്യാസ കുറവ് കൊണ്ടുമായിരിക്കാം കബളിപ്പിക്കപ്പെടുന്നത്. ഇവിടെ മോന്സന് മാവുങ്കല്‍ ഐ പി എസ്, ഐ എ എസ് പോലുള്ള ഉന്നത വിദ്യാഭ്യാസം നേടിയ എത്രയെത്ര ആളുകളെ കബളിപ്പിച്ച് കാണും (എനിക്കറിയാവുന്ന സ്റ്റോറി ഞാന്‍ പിന്നീടെഴുതാം). മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ സമൂഹത്തില്‍ ഉന്നത നിലയിലുള്ള എത്രയെത്ര ആളുകള്‍ ഇത്തരത്തില്‍ കബളിപ്പിക്കപ്പെടുന്നതില്പ്പെട്ട് കാണും. അതല്ല ഈ വിദ്യാസമ്പന്നര്‍ അറിഞ്ഞ് കൊണ്ട് സ്വയം കബളിപ്പിക്കപ്പെടാന്‍ കൂട്ട് നിന്നതാകുമോ? ഞാന്‍ വിശ്വസിക്കുന്നു അതിന് തുലോം സാധ്യത കുറവാണെന്ന്.

ഇയാളെ സന്ദര്‍ശിച്ച ഉന്നതരായ പല വ്യക്തികളും അറിഞ്ഞ് കൊണ്ട് കബളിപ്പിക്കാന്‍ കൂട്ടുനിന്നതായിരിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. പക്ഷെ എന്ത് ചെയ്യാനാണ് അവരും, അവരെ കൂട്ട് പിടിച്ച് പലരും കബളിപ്പിക്കപ്പെട്ടില്ലേ. ഇവിടെ ഒരു ഫോട്ടോയില്‍ ഉന്നത വിദ്യാഭ്യാസം നേടിയെന്ന് അവകാശപ്പെടുന്നവരും കേരളത്തിലെ സര്‍ക്കാര്‍ തലങ്ങളില്‍ ഉന്നത പൊസിഷനിലിരിക്കുന്നതുമായ വ്യക്തികള്‍ ഒരു വശത്തിരിക്കുന്നു. അതേ ചെയറില്‍ തന്നെ യു പി വിദ്യാഭ്യാസമുള്ള മറ്റൊരു വിഭാഗം വ്യക്തികളും ഇരിക്കുന്നു. സമ്പൂര്‍ണ്ണ സാക്ഷരത നേടി പ്രബുദ്ധ കേരളമെന്ന് നാം കൊട്ടി ആഘോഷിക്കുന്ന ഈ സമൂഹം ഇത്തരം കാര്യങ്ങളില്‍ നിന്ന് മോചിതരാവണമെങ്കില്‍ വിദ്യാഭ്യാസത്തിന്റെ കൂടെ സമൂഹത്തില്‍ എങ്ങിനെ വിവേകത്തോടും പക്വതയോടും കൂടി ജീവിക്കാന്‍ കഴിയുമെന്നുള്ള പാഠങ്ങള്‍ കൂടി പഠിക്കാനുള്ള അവസരം ഒരുക്കേണ്ടതാണ്.

ചോദ്യപേപ്പറുകളില്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ എഴുതുക എന്നതല്ലാതെ സമൂഹത്തിലേക്ക് ഇറങ്ങി ചെന്ന് പ്രാക്ടിക്കലായി പഠിക്കാനുള്ള അവസരം കൂടി വിദ്യാഭ്യാസ കാലയളവില്‍ നല്കി വളര്‍ത്തിയെടുത്താലേ ഇത്തരത്തിലുള്ള ഒട്ടനവധി കാര്യങ്ങള്‍ നിന്ന് നമുക്ക് മോചിതരാവൂ എന്ന് വിശ്വസിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍. ഒരു സമയത്ത് എന്റെ മകന് എന്നെ വലുതായൊന്ന് പറ്റിക്കാന്‍ ശ്രമിച്ചു. ഞാനന്ന് അവന് നല്കിയ ഒരു നിര്‍ദേശമുണ്ട് ”മകനേ കൗശലവും കുബുദ്ധിയുമൊക്കെ പഠിക്കാം. അതിനുള്ള പുസ്തകം കിട്ടുമെങ്കില്‍ അതും നോക്കി പഠിക്കാം. എന്നാല്‍ അച്ഛനമ്മമോരോടും സുഹൃത്ത് വലയങ്ങളിലും ഗുരുക്കന്മാരോടും ഒന്നും ചെയ്യാന്‍ പാടില്ല.
ചുരുക്കി പറഞ്ഞാല്‍ പൊതുസമൂഹത്തോട് ഇതൊന്നും ചെയ്യാന്‍ പാടില്ല എന്ന് സാരം.” അപ്പോള്‍ അവന് എന്നോട് ചോദിച്ചു എന്നാല്‍ എന്തിനാണ് നാം പുസ്തകങ്ങള്‍ നോക്കി പഠിക്കുന്നതെന്ന്. ഞാനവനോട് പറഞ്ഞു. ഒരുപാട് തേളുകളും പാമ്പുകളും പഴുതാരകളും നിറഞ്ഞ ഒരു സമൂഹത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. നമുക്ക് മുന്നോട്ട് സഞ്ചരിക്കണെന്നുണ്ടെങ്കില് ഇത്തരക്കാരുടെ കെണിയിലും ചതിയിലൊമൊന്നും പെടാതിരിക്കണം. ആയത് കൊണ്ട് അത്തരം കാര്യങ്ങളില്‍ നമുക്ക് അറിവ് ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. ഞാന്‍ ഉള്‍പ്പെടുന്ന അച്ഛനമ്മാര്‍ക്ക് ഇത്തരത്തിലുള്ള അറിവ് കൂടി കുട്ടികള്‍ക്ക് പകര്‍ന്ന് കൊടുത്ത് ജീവിക്കാനുള്ള അവസരം ഒരുക്കി മുന്നോട്ട് പോകാന്‍ ദൈവം അനുഗ്രഹിക്കുമാറാകട്ടെ.

