

കള്ളത്തെളിവുകള്‍ ഭരണകൂടം ഉണ്ടാക്കുകയും അവര്‍ ഉദ്ദേശിച്ചവരുടെ പേരില്‍ കേസ് ചാര്‍ത്തിക്കൊണ്ട് അറസ്റ്റ് ചെയ്യുകയുമാണ് ശ്രീകുമാറിന്റെ പേരിലും ടീസ്റ്റയുടെ പേരിലും നമുക്ക് കാണാന്‍ സാധിക്കുന്നത്. ഇവര്‍ സത്യങ്ങളുമായി മുന്നോട്ട് പോകുന്നത് തീര്‍ച്ചയായും മോദിക്കും അമിത്ഷാക്കും വെല്ലുവിളിയാകും എന്നുള്ളതുകൊണ്ടാണ് സത്യങ്ങള്‍ പറയുന്നവരെ തുറങ്കലിലടക്കാനും അറസ്റ്റ് ചെയ്യാനും ഭരണകൂടത്തെ പ്രേരിപ്പിച്ചിരിക്കുന്നത്.

അതില്‍ അവസാനത്തെ ആളായിരിക്കട്ടെ അറസ്റ്റ് ചെയ്യപ്പെട്ട ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈര്‍. ഈ പറയപ്പെട്ട മുഹമ്മദ് സുബൈര്‍, ട്വീസ്റ്റ, ആര്‍ ബി ശ്രീകുമാര്‍ ഇവരുടെ അറസ്റ്റ് ബി ജെ പി സര്‍ക്കാരിന്റെ അവസാനത്തെ അറസ്റ്റാകട്ടെ എന്ന് നമുക്ക് കരുതാം.

ഒരു തിരിഞ്ഞുനോട്ടം
വര്‍ഷങ്ങള്‍ക്കുമുമ്പ് മോദിയുടെ ഭരണകാലത്തുതന്നെ എഴുത്തുകാരായ നിരവധി പേരെയാണ് പല രൂപത്തിലും ഈ ഭൂമുഖത്തുനിന്നും സംഘിക്കൂട്ടങ്ങള്‍ ഇല്ലാതാക്കിയത്.
ആ എഴുത്തുകാരില്‍ പ്രമുഖരായിരുന്നു
കല്ബുര്‍ഗി, നരേദ്ര ധബോല്‍ക്കര്‍, ഗോവിന്ദ് പല്‍സാരെ, ഗൗരി ലങ്കേഷ് തുടങ്ങിയവര്‍. ഇവര്‍ ചെയ്ത തെറ്റും കുറ്റവും പേന കൊണ്ട് മോദി ഭരണകൂടത്തിന് എതിരെ എഴുതി എന്നുള്ളതാണ്.
ബി ജെ പി സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ ജയിലിലാണ് ശിഷ്ട ജീവിതമെന്ന് പറയാതെ പറഞ്ഞ് ജനങ്ങളെയും രാഷ്ട്രീയ എതിരാളികള്‍ക്കും മുന്നറിയിപ്പ് തരുന്നതാണെങ്കിലും നന്മയെ ആഗ്രഹിക്കുന്നവരും വര്‍ഗ്ഗീയതയെ എതിര്‍ക്കുന്നവര്‍ക്കും നിശബ്ദരാകാന്‍ ഒരിക്കലും കഴിയില്ലെന്നുള്ള യാഥാര്‍ഥ്യം കേന്ദ്രവും മനസ്സിലാക്കുന്നത് നല്ലതാണ്.
ഇനിയും സംഘികള്‍ക്കെതിരെ പേന ചലിപ്പിക്കുന്നവരെയും ജനങ്ങള്‍ക്കുവേണ്ടി സംസാരിക്കുന്നവരെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും കേസുകളുണ്ടാക്കി ജയിലിലടച്ചേക്കാം. ബി ജെ പിക്ക് ഭീഷണിയാണെന്ന് തോന്നുന്നവരെ കേസുകളുണ്ടാക്കി ഇനിയും ജയിലിലടച്ചേക്കാം.
രാഷ്ട്രീയ എതിരാളികളുടെ പേരിലുള്ള കേസുകളില്‍ ഒരു യാഥാര്‍ഥ്യവുമില്ലാത്തതും സത്യവുമല്ലാത്തതും തീര്‍ത്തും അസംബന്ധവുമായ കേസിലാണ് രാഹുല്‍ ഗാന്ധിയേയും സോണിയാ ഗാന്ധിയേയും ഇ ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. രാഹുല്‍ഗാന്ധിയെ 56 മണിക്കൂര്‍ ചോദ്യം ചെയ്തിട്ടും ഒരു തെളിവും ലഭിച്ചില്ലെന്നാണ് അറിവ്.
മോദിക്ക് സമാനമായ ഭരണമാണ് കേരളത്തില്‍ പിണറായിയും ചെയ്യുന്നത്. വയനാട് എം പിയുടെ ഓഫീസ് അടിച്ചു തകര്‍ത്തവര്‍ക്കെതിരെ ശക്തമായ നടപടി വല്ലതും ഇതുവരെയും എടുത്തിട്ടുണ്ടോ? കോണ്‍ഗ്രസ്സിന്റേയും യു ഡി എഫിന്റേയും നിരവധി പ്രവര്‍ത്തകര്‍ക്കാണ് പൊലീസിന്റെ മര്‍ദ്ദനമേറ്റത്. അവരിലൊരാള്‍ക്ക് ലാത്തിയുടെ അടിയേറ്റ് കണ്ണിന് ഗുരുതരമായ പരിക്കാണ് പറ്റിയത്.
ഇനിയും സര്‍ക്കാരിനെതിരെയുള്ള പ്രസ്താവനകളും എഴുത്തുകളും മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളും ഇരുമ്പഴിയിലേക്കുള്ള വാതിലിന്റെ മുന്നിലേക്കായിരിക്കും നയിക്കപ്പെടുന്നതെന്ന സത്യങ്ങളാണ് ശ്രീകുമാറിന്റേയും ടീസ്റ്റയുടെയും ഒടുവില്‍ മുഹമ്മദ് സുബൈറിന്റെയും അറസ്റ്റില്‍നിന്നും നമ്മള്‍ മനസ്സിലാക്കേണ്ടത്.

