

കൊച്ചി: സങ്കീര്‍ണമായ തൈറോയ്ഡ് കാന്‍സറിന് കേരളത്തിലെ ആദ്യത്തെ സ്കാര്‍ലെസ് റോബോട്ടിക് സര്‍ജറി നടത്തി വിപിഎസ് ലേക്ഷോര്. റോബോട്ട്- അസിസ്റ്റഡ് ബ്രെസ്റ്റ് ആക്സിലോ ഇന്സഫ്ളേഷന് തൈറോയ്ഡെക്ടമി വിത്ത് റോബോട്ടിക് നെക്ക് ഡിസെക്ഷന്‍ എന്ന റോബോട്ടിക് സര്‍ജറിയിലൂടെയാണ് തൈറോയ്ഡ് ഗ്രന്ഥിയും സമീപത്തുള്ള ലിംഫ് നോഡുകളും മുറിപ്പാടില്ലാതെ നീക്കം ചെയ്തത്.

ഡോ. ഷോണ്‍ ടി ജോസഫിന്റെ നേതൃത്വത്തിലുള്ള ഹെഡ് ആന്‍ഡ് നെക്ക് വിഭാഗമാണ് ശസ്ത്രക്രിയ നടത്തിയത്. തൈറോയ്ഡ് കാന്‍സര്‍ രോഗനിര്‍ണയം നടത്തിയ 31 വയസ്സുള്ള സ്ത്രീയിലാണ് ചികിത്സ വിജയകരമായത്. സാധാരണയായി ഈ രോഗാവസ്ഥയില്‍ കഴുത്തില്‍ മുറിവുണ്ടാക്കിയാണ് തൈറോയ്ഡ് ഗ്രന്ഥി നീക്കം ചെയ്യുന്നത്. എന്നാല്‍ അതിന് പകരമായി കക്ഷത്തിലും സ്തനഭാഗത്തും ഉണ്ടാക്കിയ ചെറിയ മുറിവുകള്‍ വഴിയാണ് ശസ്ത്രക്രിയ നടത്തിയത്. റോബോട്ടിക് ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ഇടം സൃഷ്ടിക്കാന്‍ വായു മര്‍ദ്ദം ഉപയോഗിച്ചു.

‘ഈ ചികിത്സാരീതി രോഗികളെ വേഗത്തില്‍ സുഖം പ്രാപിക്കാന്‍ സഹായിക്കുന്നു. ഇതില്‍ കഴുത്ത് ദൃശ്യമായ മുറിവില്ലാതെ സ്വാഭാവികമായി നിലനിര്‍ത്തുകയും ശസ്ത്രക്രിയയ്ക്ക് ശേഷം ഉടന്‍ തന്നെ സാധാരണ രീതിയില്‍ ചലിക്കാന്‍ കഴിയുകയും ചെയ്യുന്നു,’ ഡോ. ഷോണ്‍ പറഞ്ഞു.
ഡോ. അഭിജിത്ത് ജോര്‍ജ്, ഡോ. കാരുണ്യ ആര് ഗോപാല്‍, ഡോ. സൗരഭ് പത്മനാഭന്, ഡോ. സാറാ മേരി തമ്പി, അനസ്തേഷ്യോളജിസ്റ്റ് ഡോ. മല്ലി എബ്രഹാം, ഒ ടി. നഴ്സ് സരിന് എന്നിവരടങ്ങുന്ന വിദഗ്ദ്ധ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും സംഘം ഉള്‍പ്പെടുന്നതാണ് ഡോ. ഷോണിന്റെ ടീം.
പരമ്പരാഗത തൈറോയ്ഡ് ശസ്ത്രക്രിയ സാധാരണയായി കഴുത്തില്‍ ഒരു മുറിപ്പാട് അവശേഷിപ്പിക്കും. ഒപ്പം പൂര്‍ണ്ണമായും സുഖം പ്രാപിക്കാന്‍ ആറ് മുതല്‍ ഒമ്പത് മാസം വരെ എടുക്കുകയും ചെയ്യുന്നു. ഈ പുതിയ റോബോട്ടിക് സര്‍ജറിയില്‍ കഴുത്തിലെ മുറിപ്പാട് ഒഴിവാക്കുകയും രോഗശാന്തി വേഗത്തിലാക്കുകയും ചെയ്യുന്നു.
”സാധാരണ ശസ്ത്രക്രിയയുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഇത് ഒരു മികച്ച ഓപ്ഷനാണ്. ഇത് വേദനകുറയ്ക്കുന്നു, ഒപ്പം വേഗത്തില്‍ സുഖം പ്രാപിക്കാന്‍ അനുവദിക്കുന്നു, ദൃശ്യമായ മുറിപ്പാട് ഇല്ലാത്തതിനാല്‍ രോഗിയുടെ ആത്മവിശ്വാസം മെച്ചപ്പെടുത്തുകായും ചെയ്യും. റോബോട്ടിക് ശസ്ത്രക്രിയ മികച്ച കൃത്യത നല്കുന്നു. ചെലവ് ഇപ്പോള്‍ കൂടുതല്‍ താങ്ങാനാകുന്നതാണ്. അതിനാല്‍ കൂടുതല്‍ രോഗികള്‍ക്ക് ഈ ചികിത്സയില്‍ നിന്ന് പ്രയോജനം നേടാന്‍ കഴിയും,” ഡോ. ഷോണ്‍ കൂട്ടിച്ചേര്‍ത്തു.
രണ്ടോ മൂന്നോ ആഴ്ചകള്‍ക്കുള്ളില്‍ രോഗിക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. സര്‍ജറിയുടെ ചെലവ് ഏകദേശം 3.5 ലക്ഷമാണ്. സങ്കീര്‍ണ ഘട്ടങ്ങളിലുള്ള ചില തൈറോയ്ഡ് കാന്‍സര്‍ കേസുകളിലും ഇത് ഉപയോഗിക്കാന്‍ കഴിയും.
വിപിഎസ് ലേക്ഷോര് നടത്തുന്ന മുറിപ്പാട് ഇല്ലാത്ത തൈറോയ്ഡ് ശസ്ത്രക്രിയയിലെ രണ്ടാമത്തെ പ്രധാന നേട്ടമാണിത്. ഇതേ സംഘം നേരത്തെ കേരളത്തിലെ ആദ്യത്തെ ട്രാന്‍സോറല്‍ റോബോട്ടിക് തൈറോയ്ഡ് സര്‍ജറി നടത്തിയിരുന്നു. ഇതില്‍ തൈറോയ്ഡ് ഗ്രന്ഥി വായിലൂടെ പുറമെ മുറിപ്പാടില്ലാതെ നീക്കം ചെയ്തു.
”കേരളത്തില്‍ റോബോട്ടിക് ശസ്ത്രക്രിയയ്ക്ക് വിലയേറിയ സംഭാവനകളാണ് ഞങ്ങളുടെ ഹെഡ് ആന്‍ഡ് നെക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കുന്നത്. തൈറോയ്ഡ് രോഗികള്‍ക്ക് സുരക്ഷിതവും വേദനാരഹിതവുമായ ഓപ്ഷനുകള്‍ ഞങ്ങളുടെ വിദഗ്ധ ടീം വാഗ്ദാനം ചെയ്യുന്നു,” എംഡി എസ് കെ അബ്ദുള്ള പറഞ്ഞു.

