
ആലുവ: സര്‍ക്കാരിന്റെ ഭരണാനുമതി ലഭിച്ച പുതിയ കോടതി സമുച്ചയം നിര്‍മ്മിക്കുന്ന പദ്ധതിക്ക് സാങ്കേതികാനുമതി ലഭിച്ചതായി അന്‍വര്‍ സാദത്ത് എം എല്‍ എ അറിയിച്ചു. സാങ്കേതികാനുമതി ലഭിച്ച സാഹചര്യത്തില്‍ തന്നെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നിര്‍മ്മാണ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കണമെന്ന് നിര്‍വ്വഹണ ഉദ്യോഗസ്ഥനായ ജുഡീഷ്യന്‍ സര്‍ക്കിള്‍ സുപ്രണ്ടിങ്ങ് എഞ്ചിനീയര്‍ക്ക് നിര്‍ദ്ദേശം നല്കിയതായും എം എല്‍ എ പറഞ്ഞു.

നിലവില്‍ കോടതികള്‍ ആലുവയിലെ ബി എസ് എന്‍ എല്ലിന്റ കെട്ടിടത്തിലും മറ്റു ഭാഗങ്ങളിലുമാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. കോടതിയുടെ ഉടമസ്ഥതയിലുള്ള 85.593 സെന്റ് സ്ഥലത്തുണ്ടായിരുന്ന പഴയ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റി പുതിയ നിര്‍മ്മാണത്തിനായി സജ്ജമാക്കിയിട്ടുണ്ട്. ഈ സ്ഥലത്ത് പുതുതായി നിര്‍മ്മിക്കുന്ന കെട്ടിടത്തില്‍ മുന്‍സിഫ് കോടതി, കുടുംബ കോടതി, ഫാസ്റ്റ് ട്രാക്ക് പോക്‌സോ സ്‌പെഷ്യല്‍ കോടതി, ജുഡീഷ്യന്‍ മജിസ്‌ട്രേറ്റ് ഒന്ന്, ജുഡീഷ്യന്‍ മജിസ്‌ട്രേറ്റ് രണ്ട് എന്നീ കോടതികള്‍ കൂടാതെ മറ്റൊരു കോടതിക്കുമുള്ള സ്ഥല സൗകര്യവുമുണ്ടായിരിക്കും.

സര്‍ക്കാരില്‍ നിന്നും 37.254 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച് നിര്‍മ്മിക്കുന്ന പുതിയ കോടതി സമുച്ചയത്തില്‍ രണ്ടു നിലകള്‍ ബേസ്മെന്റില്‍ പാര്‍ക്കിങ്ങിനും അതിനുമുകളിലായി നാല് നിലകളിലായി കോടതികളുമാണ് ഉണ്ടാകുക. പുതിയ പ്ലാന്‍ അനുസരിച്ച് കെട്ടിടത്തിന്റെ മൊത്തം ഏരിയ 86090.76 ചതുരശ്ര അടിയാണ്.
