
ദോഹ: ഖത്തര്‍ ഇന്ത്യന്‍ എംബസിയുടെ അപ്പക്‌സ് ബോഡിയായ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടന്നു വരുന്ന ‘ഖേല്‍ മഹോത്സ’വിന്റെ ഭാഗമായുള്ള ചെസ്സ്, ത്രോബോള്‍ ടൂര്‍ണ്ണമെന്റുകള്‍ വെള്ളിയാഴ്ച വിവിധ വേദികളിലായി അരങ്ങേറും.

അണ്ടര്‍ ഒന്‍പത്, പതിനൊന്ന്, പതിനഞ്ച് വിഭാഗങ്ങളിലായി നടക്കുന്ന റാപ്പിഡ് ചെസ്സ് ടൂര്‍ണ്ണമെന്റ് അബു ഹമൂറിലെ അല്‍ ജസീറ അക്കാദമിയില്‍ ഉച്ചക്ക് രണ്ട് മണിക്ക് ആരംഭിക്കും. ഖത്തറിലെ വിവിധ സ്‌കൂളുകളില്‍ നിന്നും അക്കാദമികളില്‍ നിന്നുമായി 370ലധികം മത്സരാര്‍ഥികള്‍ ഇതിനകം ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്നതിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കുട്ടികളുടെ തത്വചിന്ത, ഏകാഗ്രത, സ്‌പോര്‍ട്‌സ്മാന്‍ഷിപ്പ് എന്നിവ വളര്‍ത്തുന്നതിനുള്ള വലിയ വേദിയായി ഈ മത്സരം മാറും.
ഇന്‍ഡോ ഖത്തറിന്റെ സഹകരണത്തോടെ ഹൊര്‍വിറ്റസ് ബിഷപ്പ് ചെസ്സ് അക്കാദമിയുടെ സാങ്കേതിക പിന്തുണയോടെയുമാണ് ഐ എസ് സി ചെസ്സ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നത്.
വെള്ളിയാഴ്ച രാവിലെ എട്ട് മണി മുല്‍ ആസ്പയര്‍ സോണിലെ ഡോമില്‍ വനിതകള്‍ക്കായുള്ള ‘ത്രോബോള്‍ ടൂര്‍ണ്ണമെന്റ്’ മത്സരങ്ങളും നടക്കും. ഖത്തറിലെ വിവിധ ക്ലബ്ബുകളിലും ഗ്രൂപ്പുകളിലും നിന്നുള്ള പന്ത്രണ്ട് മുന്‍നിര വനിതാ ടീമുകള്‍ ഈ മത്സരത്തില്‍ മാറ്റുരക്കും. വനിതകളില്‍ കായിക പങ്കാളിത്തം വര്‍ധിപ്പിക്കുക, ആരോഗ്യബോധം വളര്‍ത്തുക, സമൂഹ ഐക്യം ശക്തിപ്പെടുത്തുക എന്നിവയാണ് ടൂര്‍ണ്ണമെന്റ് പ്രധാനമായും ലക്ഷ്യം വെക്കുന്നത്.
ഖത്തര്‍ ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറിയും ഐ എസ് സി കോര്‍ഡിനേറ്റിംഗ് ഓഫീസറുമായ ഹരീഷ് പാണ്ഡേ ഇരു പരിപാടികളിലും മുഖ്യതിയായി പങ്കെടുക്കും. മത്സരങ്ങള്‍ കാണുന്നതിന് പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും.
ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ വളര്‍ന്നു വരുന്ന കായികപങ്കാളിത്തത്തെയും ആവേശത്തെയും പ്രോത്സാഹിപ്പിക്കുന്നതിനാണ് ഐ എസ് സിയുടെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും ഖേത് മഹോത്സവ് സംഘടിപ്പിക്കുന്നത്. ഈ വര്‍ഷത്തെ ‘ഖേത് മഹോത്സവി’ന്റെ ഭാഗമായി പഞ്ചാബി കബഡി, വനിതാ ക്രിക്കറ്റ് പരീശീലനം, ബൗളിംഗ് മത്സരം എന്നിവ ഇതിനോടകം പൂര്‍ത്തിയായതായി ഐ എസ് സി ഭരവാഹികള്‍ അറിയിച്ചു.
ഫുട്‌ബോള്‍, വോളിബോള്‍, ക്രിക്കറ്റ് തുടങ്ങിയവ ഡിസംബര്‍, ജനുവരി മാസങ്ങളിലായി നടക്കും.

