
കൊച്ചി: നീണ്ട മുപ്പത്തിരണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും അടൂര്‍ ഗോപാലകൃഷ്ണനും ഒരുമിക്കുന്ന സിനിമയുടെ പ്രഖ്യാപനം വെള്ളിയാഴ്ച നടക്കും. വെള്ളിയാഴ്ച രാവിലെ പത്തരയ്ക്ക് ചിത്രത്തിന്റെ പൂജയും പേര് പ്രഖ്യാപനവും നടക്കുമെന്ന് മമ്മൂട്ടി കമ്പനി സാമൂഹ്യ മാധ്യമ പേജിലൂടെ അറിയിച്ചു. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന എട്ടാമത്തെ സിനിമയും മമ്മൂട്ടിയെ നായകനാക്കി അടൂര്‍ ഗോപാലകൃഷ്ണന് സംവിധാനം നിര്‍വഹിക്കുന്ന നാലാമത്തെ സിനിമയുമായിരിക്കും ഇത്.

‘ഒരു കാലഘട്ടം വീണ്ടും നടക്കുന്നു… 32 വര്‍ഷങ്ങള്‍ക്കിപ്പുറം, അടൂര്‍ ഗോപാലകൃഷ്ണനും മമ്മൂട്ടിയും ഒരുമിച്ച്’ എന്ന കുറിപ്പോടെയാണ് സോഷ്യല്‍ മീഡിയയില്‍ മമ്മൂട്ടി കമ്പനി പോസ്റ്റ് ഇട്ടിരിക്കുന്നത്. മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസും ഇതേ പോസ്റ്റര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

1987ല്‍ പുറത്തിറങ്ങിയ അനന്തരമാണ് ഇരുവരും ആദ്യമായി ഒന്നിച്ച ചിത്രം. 1990ല്‍ മതിലുകളും 1993ല്‍ വിധേയനുമാണ് ഇരുവരും ഒന്നിച്ചു ചെയ്ത മറ്റു ചിത്രങ്ങള്‍. മതിലുകളിലെയും വിധേയനിലേയും അഭിനയത്തിന് മമ്മൂട്ടിക്ക് ആ വര്‍ഷങ്ങളില്‍ മികച്ച നടനുള്ള ദേശീയ പുരസ്ക്കാരങ്ങള്‍ ലഭിച്ചിരുന്നു. മതിലുകളിലെ വൈക്കം മുഹമ്മദ് ബഷീറിനോടൊപ്പം വടക്കന്‍ വീരഗാഥയിലെ ചന്തുവും വിധേയനിലെ ഭാസ്ക്കരപ്പട്ടേലരോടൊപ്പം പൊന്തന്മാടയിലെ മാടയുമാണ് രണ്ട് ദേശീയ പുരസ്ക്കാരങ്ങള്‍ക്കായി മമ്മൂട്ടിയെ എത്തിച്ചത്. ബാബാ സാഹെബ് അംബേദ്ക്കറില്‍ അംബേദ്ക്കറായി അഭിനയിച്ചതിനാണ് മമ്മൂട്ടി മൂന്നാമതും ദേശീയ പുരസ്ക്കാര ജേതാവായത്.
