
മനാമ: വിദ്യാര്‍ഥികള്‍ക്കിടയില്‍ വായനാശീലം, സര്‍ഗ്ഗാത്മകത, സാഹിത്യ അഭിരുചി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ സ്‌കൂള്‍ പുസ്തകവാരം ആഘോഷിച്ചു.

ആഘോഷത്തില്‍ വിവിധ ഗ്രേഡുകളിലെ വിദ്യാര്‍ഥികളുടെ ആവേശകരമായ പങ്കാളിത്തം ഉണ്ടായിരുന്നു. പ്രിന്‍സിപ്പല്‍ വി ആര്‍ പളനിസ്വാമി ദീപം തെളിയിച്ചു. സീനിയര്‍ വിഭാഗം അക്കാദമിക് അഡ്മിനിസ്‌ട്രേഷന്‍ വൈസ് പ്രിന്‍സിപ്പല്‍ ജി സതീഷ്, സ്റ്റാഫ് പ്രതിനിധി പാര്‍വതി ദേവദാസ്, ലൈബ്രേറിയന്‍ എല്‍ ലക്ഷ്മണന്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്തു.


വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്നതിനും അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനുമായി വൈവിധ്യമാര്‍ന്ന സാഹിത്യ മത്സരങ്ങള്‍ സംഘടിപ്പിച്ചു. നാലാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായുള്ള പ്രച്ഛന്ന വേഷ മത്സരത്തില്‍ ജോണ്‍ സിജോ ഒന്നാം സ്ഥാനവും നൈനിക ജിജോ രണ്ടാം സ്ഥാനവും ജെഫ് ജോര്‍ജ് മൂന്നാം സ്ഥാനവും നേടി. അഞ്ചാം ക്ലാസിലെ കുട്ടികള്‍ക്കുള്ള വാര്‍ത്താ വായനാ മത്സരത്തില്‍ ആദിഷ് അരുണിമ രാകേഷ്, റെയ്ഹാന്‍ തോമസ് മാത്യു എന്നിവര്‍ ഒന്നാം സ്ഥാനം നേടി. യക്ഷിത് മുക്കേര്‍ല രണ്ടാം സ്ഥാനവും ആദ്യ ബിജിന്‍ മൂന്നാം സ്ഥാനവും നേടി.
ആറാം ക്ലാസിനുള്ള ലൈബ്രറി ലോഗോ ഡിസൈന്‍ മത്സരത്തില്‍ ഫില്‍സ ഫാത്തിമ വിജയിയായി. ഹൃദയ ഹെനി, തീര്‍ഥ ലക്ഷ്മി എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ഏഴാം ക്ലാസിനുള്ള ഇംഗ്ലീഷ് ചെറുകഥാ രചനാ മത്സരം അസാധാരണമായ സര്‍ഗ്ഗാത്മകത പ്രകടമാക്കി. ഉപന്യ സി ഉണ്ണികൃഷ്ണന്‍ ഒന്നാം സ്ഥാനം നേടി. ജോവാന മണിച്ചന്‍ രണ്ടാം സ്ഥാനവും വര്‍ദിനി ജയപ്രകാശ് മൂന്നാം സ്ഥാനവും നേടി.
എട്ടാം ക്ലാസിലെ പുസ്തക അവലോകന മത്സരം വിദ്യാര്‍ഥികളുടെ വിമര്‍ശനാത്മക ചിന്താശേഷി ഉയര്‍ത്തിക്കാട്ടി. ഷഗുഫ്ത ഷെയ്ഖ് ഒന്നാം സ്ഥാനവും ആയുഷ് പ്രബോധന്‍ ദേശായി രണ്ടാം സ്ഥാനവും സെറാ ട്രീസ സുരേഷ് മൂന്നാം സ്ഥാനവും നേടി.
പുസ്തകോത്സവത്തില്‍ പ്രശസ്ത പുസ്തകശാലകളായ ബുക്ക് ലാന്‍ഡ്, ബുക്ക് മാര്‍ട്ട്, ബുക്ക്കേസ് എന്നിവ പങ്കെടുത്തു. സ്‌കൂള്‍ ചെയര്‍മാന്‍ അഡ്വ. ബിനു മണ്ണില്‍ വറുഗീസ്, സെക്രട്ടറി വി രാജപാണ്ഡ്യന്‍, ഭരണ സമിതി അംഗങ്ങള്‍, പ്രിന്‍സിപ്പല്‍ വി ആര്‍ പളനിസ്വാമി, സീനിയര്‍ സ്‌കൂള്‍ അക്കാദമിക് അഡ്മിനിസ്‌ട്രേഷന്‍ വൈസ് പ്രിന്‍സിപ്പല്‍ ജി സതീഷ് എന്നിവര്‍ മത്സര വിജയികളെ അഭിനന്ദിച്ചു.

