

ദോഹ: അച്ഛനും മകനും സുഹൃത്തിന്റെ മകളും ബീച്ചില്‍ മുങ്ങിമരിച്ച സംഭവത്തില്‍ ഞെട്ടിത്തരിച്ച് ഇന്ത്യന്‍ പ്രവാസികള്‍. വെള്ളിയാഴ്ചയാണ് സംഭവം.

തമിഴ്നാട് തഞ്ചാവൂര്‍ കുംഭകോണം സ്വദേശി ബാലാജി ബാലഗുരു (38), മകന് രക്ഷന് (10) എന്നിവരും ബാലാജിയുടെ കുുടംബ സുഹൃത്തിന്റെ മകള്‍ തമിഴ്നാട്ടിലെ ചെന്നൈ സ്വദേശിനി വര്‍ഷിണി വൈദ്യനാഥന് (12) എന്നിവരാണ് മരിച്ചത്. ഫുവൈരിത് ബീച്ചിന് സമീപം അല്‍ മറൂണ ബീച്ചിലെ ശക്തമായ തിരമാലയിലാണ് ഇവര്‍ മുങ്ങിപ്പോയത്.

ദോഹയിലെ കിയോ ഇന്റര്‍നാഷണല്‍ കണ്‍സള്‍ട്ടന്റ്സില്‍ സീനിയര്‍ ഇലക്ട്രിക്കല്‍ എന്‍ജിനിയറാണ് ബാലാജി. ഡി പി എസ് മോഡല്‍ ഇന്റര്‍നാഷണല്‍ സ്കൂളിലെ ഏഴാം ഗ്രേഡ് വിദ്യാര്‍ഥിനിയാണ് വര്‍ഷിണി. രക്ഷന് ബിര്‍ള പബ്ലിക്ക് സ്കൂളിലെ അഞ്ചാം തരത്തിലാണ് പഠിക്കുന്നത്.
കടലിലെ ആഴം കുറഞ്ഞ ഭാഗത്താണ് ഇവര്‍ ഇറങ്ങിയതെങ്കിലും ശക്തമായ തിരയില്‍പ്പെട്ട് മുങ്ങിപ്പോവുകയായിരുന്നുന. ഉടന്‍ പൊലീസും കോസ്റ്റ് ഗാര്‍ഡും രംഗത്തെത്തിയെങ്കിലും രക്ഷപ്പെടുത്താനായില്ല. ബാലാജിയും വര്‍ഷിണിയും സംഭവസ്ഥലത്തും രക്ഷന് സിദ്റ ആശുപത്രിയില്‍ എത്തിച്ചതിന് ശേഷവുമാണ് മരിച്ചത്.

