സൃഷ്ടിപരമായ പ്രോത്സാഹനങ്ങളിലൂടെയാണ് ടീമില്‍ നിന്ന് അത്ഭുതം ലഭ്യമാക്കാനാവുക: കെ എം എ ഇന്‍സൈറ്റ് എക്സ് സീരിസില്‍ കേരള പൊലീസ് അഡീഷണര്‍ ഡയറക്ടര്‍ ജനറല്‍ പി വിജയന്‍

Web Desk
2 Min Read

കൊച്ചി: പ്രതീക്ഷിക്കാത്തതിനെ പ്രതീക്ഷിക്കുകയും എപ്പോഴും തയ്യാറായിരിക്കുകയും ശരിയായ സംഘത്തെ തെരഞ്ഞെടുക്കുകയും തന്റെ സംഘത്തെ വിശ്വസിക്കുകയും എല്ലാ സമ്മര്‍ദ്ദങ്ങളില്‍ നിന്നും തന്റെ ടീമിനെ സംരക്ഷിക്കുകയും ചെയ്യുമ്പോഴാണ് പൊലീസിന്റെ കേസന്വേഷണം പോലെ മാനേജ്മെന്റ് രംഗത്തും വിജയം വരിക്കാനാവുകയെന്ന് കേരള പൊലീസ് അഡീഷണര്‍ ഡയറക്ടര്‍ ജനറല്‍ പി വിജയന്‍ പറഞ്ഞു. കേരള മാനേജ്മെന്റ് അസോസിയേഷന്‍ ഇന്‍സൈറ്റ് എക്സ് സീരിസിന്റെ 17-ാം എഡിഷനില്‍ ചേലേമ്പ്ര ബാങ്ക് കവര്‍ച്ചാ അന്വേഷണത്തില്‍ നിന്നും പഠിച്ച നേതൃത്വ പാഠങ്ങള്‍ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

കാണുന്നതെല്ലാം വിശ്വസിക്കരുതെന്നും എതിരാളിയെ മനസ്സിലാക്കി സ്വന്തം പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല പരാജയങ്ങളെ പാഠങ്ങളായി കൈകാര്യം ചെയ്യുകയും വേണം.

കൂടെയുള്ളവര്‍ തങ്ങളേക്കാള്‍ മികച്ചവരാണെന്ന തിരിച്ചറിയുവുണ്ടാകുമ്പോഴാണ് നേതൃത്വം വഹിക്കുന്നയാള്‍ക്ക മികച്ച രീതിയില്‍ സംഘത്തെ നയിക്കാനാവുക. ചിലപ്പോള്‍ ചിലരുടെ അഭിപ്രായങ്ങളോ നീക്കങ്ങളോ ക്ഷമിക്കാനാവാത്തത്രയും വലിയ പരാജയം നല്‍കിയേക്കാമെങ്കിലും അവര്‍ വിജയം നല്‍കാനുള്ള പരിശ്രമത്തിലാണെന്ന് തിരിച്ചറിഞ്ഞ് അവയെല്ലാം സംയമനത്തോടെ നേരിടാന്‍ സാധിക്കണമെന്നും പി വിജയന്‍ പറഞ്ഞു. സൃഷ്ടിപരമായ പ്രോത്സാഹനം ലഭിക്കുമ്പോഴാണ് ടീം അതിശയകരമായി പ്രവര്‍ത്തിക്കുന്നത് കാണാനാവുക.

പൂര്‍ണമായ തയ്യാറെടുപ്പിന് കാത്തിരുന്ന് സമയം നഷ്ടപ്പെടുത്തുന്നതിന് പകരം ഇപ്പോള്‍ തന്നെ തുടങ്ങുകയെന്ന സമീപനം സ്വീകരിക്കണമെന്നതാണ് ചേലേമ്പ്ര കേസ് അന്വേഷണത്തില്‍ നിന്നും താന്‍ പഠിച്ച പ്രധാന പാഠങ്ങളിലൊന്നെന്നും അദ്ദേഹം പറഞ്ഞു. വിജയിക്കുമ്പോള്‍ അത് സ്വന്തമാക്കാതെ സംഘത്തെ മുഴുവന്‍ അതിന്റെ ഭാഗമാക്കണം. മാത്രമല്ല പറ്റുമെങ്കില്‍ അവരുടെ കുടുംബത്തെ കൂടി വിജയത്തില്‍ പങ്കാളികളാക്കാന്‍ സാധിക്കണം. ഓരോ വിജയത്തിനു പിന്നിലും പ്രവര്‍ത്തിച്ച ടീം അംഗങ്ങള്‍ മാത്രമല്ല അത്തരമൊരു നേട്ടത്തിനായി അവരുടെ കുടുംബാംഗങ്ങളും പല ത്യാഗങ്ങളും സഹിച്ചിട്ടുണ്ടെന്ന് തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

- Advertisement -
Ad image

സൃഷ്ടിപരമായി കാര്യങ്ങള്‍ ചെയ്യുകയും അവയുടെ വിജയങ്ങള്‍ ആഘോഷിക്കുകയും ചെയ്യുകയെന്നത് മുമ്പോട്ടേക്കുള്ള ഊര്‍ജ്ജമായിരിക്കുമെന്നും കേരള പൊലീസ് അഡീഷണര്‍ ഡയറക്ടര്‍ ജനറല്‍ പി വിജയന്‍ പറഞ്ഞു.

ചേലേമ്പ്ര ബാങ്ക് കവര്‍ച്ചാ കേസിലെ പ്രതി തന്റെ കഴിവുകള്‍ നല്ല കാര്യങ്ങള്‍ക്കായും പോസിറ്റീവ് ഊര്‍ജ്ജവുമായും പ്രയോജനപ്പെടുത്തിയിരുന്നുവെങ്കില്‍ സമൂഹത്തിലെ ഉന്നതനായ വ്യക്തിയാകുമായിരുന്നു. അത്രയും ഇച്ഛാശക്തിയും ആറുമാസത്തോളം പദ്ധതിയിട്ട് മുഴുവന്‍ മേഖലയും നിയന്ത്രണത്തിലേക്കു കൊണ്ടുവന്നതും അത്തരം രീതിയിലായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ചേലേമ്പ്ര ബാങ്കില്‍ നിന്നും 80 കിലോഗ്രാം സ്വര്‍ണവും 25 ലക്ഷം രൂപയും മോഷണം പോയപ്പോള്‍ കേസില്‍ സാക്ഷികളോ സി സി ടി വി ദൃശ്യങ്ങളോ മാത്രമല്ല ഒരു തെളിവുപോലും അവശേഷിപ്പിച്ചിരുന്നില്ലെന്നും എന്നിട്ടും കഠിന പരിശ്രമത്തിലൂടെ 56 ദിവസത്തെ അന്വേഷണത്തിലൂടെ പ്രതികളെ പിടികൂടാനായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരള മാനേജ്മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് കെ ഹരികുമാര്‍ അധ്യക്ഷത വഹിച്ചു. കെ എം എ വൈസ് പ്രസിഡന്റും പ്രോഗ്രാം ചെയറുമായ ദിലീപ് നാരായണന്‍ സ്വാഗതവും മാനേജിംഗ് കമ്മിറ്റി അംഗം മീന തോമസ് നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!