
കീഴ്മാട്: കീഴ്മാട് കുടുംബാരോഗ്യകേന്ദ്രം പൊതുജനാരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ കള്ള് ഷാപ്പുകളില്‍ ശുചിത്വ പരിശോധന നടത്തി. അഞ്ച് ഷാപ്പുകളില്‍ നോട്ടീസ് നല്‍കി. ഭക്ഷണം പാകം ചെയ്യുന്നവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഇല്ലാതിരിക്കുക, ജലം പരിശോധിച്ചതിന്റെ റിപ്പോര്‍ട്ട് ഇല്ലാതിരിക്കുക, ഭക്ഷണം നല്‍കുന്ന ഷാപ്പുകളിലെ അടുക്കള വൃത്തിഹീനമായി കാണപ്പെടുക, ഈച്ച ശല്യം കാണപ്പെടുക, നിയമപ്രകാരമുള്ള പുകവലി നിയന്ത്രണ ബോര്‍ഡുകള്‍ സ്ഥാപിക്കാതിരിക്കുക തുടങ്ങിയ വിവിധ കാരണങ്ങള്‍ക്കായാണ് നോട്ടീസ് നല്‍കിയത്.

കീഴ്മാട് കുടുംബാരോഗ്യകേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം ഐ സിറാജിന്റെ നേതൃത്വത്തിലാണ് പരിശോധനകള്‍ നടന്നത്. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ക്ലെഫി ജോസഫ് പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നു. നോട്ടീസ് കാലയളവിനുള്ളില്‍ പോരായ്മകള്‍ പരിഹരിക്കാത്ത കള്ള് ഷാപ്പുകള്‍ക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരം കേസെടുക്കുമെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

നോട്ടീസ് നല്‍കിയ അഞ്ച് കള്ള് ഷാപ്പുകളും മൂന്ന് ആഴ്ചകള്‍ക്കുള്ളില്‍ പെയിന്റ് ചെയ്ത് വൃത്തിയാക്കുമെന്ന് ഷാപ്പുടമകള്‍ അറിയിച്ചതായി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.
