
മനാമ: സംസ്ഥാന സര്‍ക്കാരിന്റെ പുതിയ വയോജന വകുപ്പ് ആരോഗ്യ ഭാരതത്തിന് കേരളത്തിന്റെ കൈനീട്ടമാണെന്ന് ബിഷപ്പ് മാര്‍ റമിജിയോസ് ഇഞ്ചിനാനിയില്‍ പറഞ്ഞു. ബഹ്‌റൈന്‍ എ കെ സി സിയുടെ ‘വാര്‍ധക്യം ബാധ്യതയോ? സാധ്യതയോ?’ എന്ന ചര്‍ച്ചാ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആധുനിക മനുഷ്യ സമൂഹത്തിന്റെ വളര്‍ച്ചയുടെയും പുരോഗതിയുടെയും അടിസ്ഥാനശിലയാകണം വയോജന വകുപ്പെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. 3000 രൂപ വാര്‍Oക്യ പെന്‍ഷനും അപേക്ഷകളില്‍ സഹായം ചെയ്യുന്ന ഒരു വകുപ്പായി മാറാതെ ഇതൊരു മാതൃകാ വകുപ്പായി മാറ്റണമെന്ന് സര്‍ക്കാരിനോട് ബിഷപ്പ് അഭ്യര്‍ഥിച്ചു.

മാതാപിതാക്കളുടെ സംരക്ഷണം വിശുദ്ധ ദൗത്യമാണെന്ന് തിരിച്ചറിഞ്ഞു പ്രവര്‍ത്തിച്ചാല്‍ വൃദ്ധജനങ്ങള്‍ അഭിമുഖീകരിക്കുന്ന അടിയന്തരവും ഗൗരവമേറിയതുമായ അനേകം വെല്ലുവിളികളെ മറികടക്കാന്‍ നമുക്ക് സാധിക്കുമെന്ന് അധ്യക്ഷ പ്രസംഗത്തില്‍ ബഹ്‌റൈന്‍ എ കെ സി സി പ്രസിഡണ്ട് ചാള്‍സ് ആലുക്ക പറഞ്ഞു.
സ്വതന്ത്രമായ മാനുഷിക മൂല്യങ്ങളെ സ്വന്തമാക്കാന്‍ മക്കളെ പ്രേരിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ചര്‍ച്ച വേദി നിയന്ത്രിച്ച ബഹ്‌റൈന്‍ എ കെ സി സി ജനറല്‍ സെക്രട്ടറി ജീവന്‍ ചാക്കോ പറഞ്ഞു.
അറിവുകള്‍ ഹൃദയത്തെ പാകപ്പെടുത്തുന്ന അവസ്ഥയില്ലെങ്കില്‍ അറിവ് വര്‍ധിച്ചാലും മനുഷ്യന്‍ ചുരുങ്ങിപ്പോകുന്നത് അനുദിനം വര്‍ധിക്കുകയാണെന്ന് അക്ഷരക്കൂട്ട് കണ്‍വീനര്‍ ജോജി കുര്യന്‍ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് അഭിപ്രായപ്പെട്ടു.
സര്‍ക്കാരും കത്തോലിക്കാ കോണ്‍ഗ്രസ് (എ കെ സി സി) പോലുള്ള സാമൂഹ്യ പ്രതിബദ്ധയുള്ള സംഘടനകളും കൂട്ടായി പരിശ്രമിച്ച് സമൂഹത്തിന്റെ ആത്മീയവും ധാര്‍മികവുമായ അടിത്തറ ശക്തിപ്പെടുത്തിയാല്‍ ഒരു പരിധി വരെ ഭാവിയില്‍ വൃദ്ധജനങ്ങളുടെ കഷ്ടപ്പാടുകള്‍ തരണം ചെയ്യാന്‍ കഴിയുമെന്ന് ജിബി അലക്‌സ് പറഞ്ഞു.
നിര്‍മിത ബുദ്ധിയുടെ കാലഘട്ടത്തില്‍ വയോജനങ്ങളെ സംരക്ഷിക്കുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയെ മുക്തകണ്ഠം പ്രശംസിക്കുന്നതായി ജെനിറ്റ് ഷിനോയ് പറഞ്ഞു.
ബഹ്‌റൈന്‍ എ കെ സി സി ഭാരവാഹികളായ ജസ്റ്റിന്‍ ജോര്‍ജ്, ജെന്‍സണ്‍ ദേവസി, മോന്‍സി മാത്യു, റോബിന്‍ കെ സെബാസ്റ്റ്യന്‍, ഷിനോയി പുളിക്കന്‍, ലിവിന്‍ ജിബി, മേയ്‌മോള്‍ ചാള്‍സ്, ജോളി ജോജി, സുനില്‍ തോമസ് റാന്നി, വി എം ജോസഫ്, ജയ്‌സണ്‍, സോണി, പ്രീജി, ഐസക്, ലാലു മണിമലയില്‍ എന്നിവര്‍ സംസാരിച്ചു
റിജു മൂഞ്ഞേലി സ്വാഗതവും ജിബി അലക്‌സ് നന്ദിയും പറഞ്ഞു. ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞ ആശയങ്ങള്‍ കേരള സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

