
റിയാദ്: വി ഡി സതീശന് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് ശേഷം അവതരിപ്പിച്ച ആദ്യ സംസ്ഥാന ബജറ്റ് പ്രവാസി സൗഹൃദവും സാധാരണക്കാരന്റെ ക്ഷേമം മുന്‍നിര്‍ത്തിയുള്ളതുമാണെന്ന് റിയാദ് ഒ ഐ സി സി പ്രസ്താവനയില്‍ അറിയിച്ചു. സാമ്പത്തിക അച്ചടക്കം പാലിച്ച് കൊണ്ടുതന്നെ സംസ്ഥാനത്തിന്റെ വികസനത്തിന് പുത്തനുണര്‍വ് നല്‍കുന്നതാണ് ബജറ്റ് നിര്‍ദ്ദേശങ്ങളെന്ന് റിയാദ് ഒ ഐ സി സി നേതൃത്വം വിലയിരുത്തി.

പ്രവാസികള്‍ക്കായി ബജറ്റില്‍ പ്രഖ്യാപിച്ച സമഗ്ര പദ്ധതികളെ സംഘടന പ്രത്യേകം സ്വാഗതം ചെയ്തു. മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനായി കുറഞ്ഞ പലിശയില്‍ വായ്പകള്‍, നോര്‍ക്ക വഴിയുള്ള പ്രവാസി ഡിവിഡന്റ് സ്കീം, സാന്ത്വന പദ്ധതി എന്നിവയ വലിയൊരു ആശ്വാസമാണ്.

പ്രവാസികളെ വെറും പണം അയക്കുന്നവരായി കാണാതെ, കേരളത്തിന്റെ സമ്പദ്വ്യവസ്ഥയെ നിക്ഷേപാധിഷ്ഠിത സമ്പദ്വ്യവസ്ഥയായി മാറ്റാന്‍ ലക്ഷ്യമിട്ടുള്ള പ്രവാസി ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് രൂപീകരിക്കാനുള്ള തീരുമാനം വളരെ ദീര്‍ഘവീക്ഷണമുള്ളതാണ്. ഇതിനൊപ്പം വിദേശത്തുനിന്ന് തിരിച്ചെത്തുന്നവര്‍ക്കും നിക്ഷേപകര്‍ക്കുമായി പ്രവാസി വ്യാവസായിക പാര്‍ക്കുകള്‍ ആരംഭിക്കുന്നതും സംരംഭകര്‍ക്ക് മികച്ച അവസരമൊരുക്കും.
വിദേശ തൊഴില്‍ വിപണിയിലെ മാറ്റങ്ങള്‍ കൃത്യമായി നിരീക്ഷിക്കാനായി 2 കോടി രൂപ വകയിരുത്തി ഗ്ലോബല്‍ ജോബ് വാച്ച് ടവര്‍ സ്ഥാപിക്കാനുള്ള തീരുമാനത്തെയും സംഘടന അഭിനന്ദിച്ചു. കൂടാതെ, പ്രവാസികള്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന നാല് വിമാനത്താവളങ്ങളുടെ ഏകോപിത വികസനത്തിനും ഏവിയേഷന്‍ ലോജിസ്റ്റിക്സ് ഹബ്ബിനുമായി 200 കോടി രൂപ അനുവദിച്ചത് വിമാനയാത്രാ രംഗത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടുവരും. പ്രവാസി ക്ഷേമനിധി ബോര്‍ഡ് വഴി നല്കുന്ന പെന്ഷന് തുകയിലും ചികിത്സാ സഹായത്തിലും വരുത്തിയ വര്‍ധനവും ഏറെ സ്വാഗതാര്‍ഹമാണ്.
അതോടൊപ്പം സാധാരണക്കാരുടെ ജീവിതഭാരം കുറയ്ക്കുന്ന ഒട്ടേറെ നിര്‍ദ്ദേശങ്ങള്‍ ഈ ബജറ്റിലുണ്ട്. കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 25 ലക്ഷം രൂപ വരെ ചികിത്സാ സഹായം ഉറപ്പാക്കുന്ന ഉമ്മന്‍ ചാണ്ടി ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സ്കീം ആരോഗ്യ മേഖലയിലെ വലിയ ചുവടുവയ്പ്പാണ്. കാര്‍ഷിക മേഖലയില്‍ റബ്ബറിന്റെ താങ്ങുവില 250 രൂപയായി ഉയര്‍ത്തിയത് കര്‍ഷകര്‍ക്ക് വലിയ ആത്മവിശ്വാസം നല്‍കും. സപ്ലൈകോ വഴി വിലക്കയറ്റം നിയന്ത്രിക്കാനും ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങാതെ നല്‍കാനുമുള്ള നടപടികള്‍ സാധാരണക്കാരുടെ ജീവിതത്തിന് വലിയ താങ്ങാവുമെന്നും സംഘടന ചൂണ്ടിക്കാട്ടി.
സ്ത്രീകളുടെയും ട്രാന്‍സ്ജെന്‍ഡറുകളുടെയും പൊതുഗതാഗത സൗജന്യ യാത്ര, കെ എസ് ആര് ടി സിയുടെ വികസനത്തിനായുള്ള പ്രത്യേക ഫണ്ട് വകയിരുത്തല്‍ എന്നിവയെയും റിയാദ് ഒ ഐ സി സി അഭിനന്ദിച്ചു.
കേരളത്തിന്റെ വികസന യാത്രയില്‍ പ്രവാസികളുടെ പങ്ക് വലുതാണെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ച ഈ പദ്ധതികള്‍ സമയബന്ധിതമായും സുതാര്യമായും നടപ്പിലാക്കുമെന്ന വിശ്വാസമുണ്ടെന്നും റിയാദ് ഒ ഐ സി സി പ്രസിഡന്റ് സലീം കളക്കര, ജനറല്‍ സെക്രട്ടറി സുരേഷ് ശങ്കര്‍, മീഡിയ കണ്‍വീനര്‍ അശ്റഫ് മേച്ചേരി എന്നിവര്‍ വ്യക്തമാക്കി. വരും നാളുകളില്‍ ഈ പദ്ധതികള്‍ കേരളത്തെ പുതിയൊരു വികസന പാതയിലേക്ക് നയിക്കുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.

