ജൂണ്‍ 26 മുതല്‍ ലുസൈല്‍ ട്രാം സര്‍വീസ് താത്ക്കാലികമായി നിര്‍ത്തിവെക്കും

Web Desk
1 Min Read

ദോഹ: ലുസൈല്‍ ട്രാം ശൃംഖലയില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ജൂണ്‍ 26 മുതല്‍ ജൂലൈ 5 വരെ ട്രാം സര്‍വീസുകള്‍ താത്ക്കാലികമായി നിര്‍ത്തിവെക്കുന്നതായി ഖത്തര്‍ റെയില്‍വേ കമ്പനി (ഖത്തര്‍ റെയില്‍) അറിയിച്ചു.

city exchange

യാത്രക്കാര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനങ്ങള്‍ ഉറപ്പാക്കുന്നതിനും ട്രാം ശൃംഖലയുടെ പ്രവര്‍ത്തനക്ഷമത ഉയര്‍ത്തുന്നതിനുമായി ഗതാഗത മന്ത്രാലയവുമായി സഹകരിച്ചാണ് ഈ നടപടിയെന്ന് പ്രസ്താവനയില്‍ ഖത്തര്‍ റെയില്‍ വ്യക്തമാക്കി.

സര്‍വീസ് നിര്‍ത്തിവെക്കുന്ന കാലയളവില്‍ യാത്രക്കാരുടെ സൗകര്യത്തിനായി ലെഗ്‌തൈഫിയ സ്റ്റേഷനും ടര്‍ഫത്- സൗത്ത് സ്റ്റേഷനും ഇടയില്‍ ബസ് സര്‍വീസ് ഏര്‍പ്പെടുത്തും. അതേസമയം, മെട്രോഎക്‌സ്പ്രസ്, മെട്രോലിങ്ക് സര്‍വീസുകള്‍ നിലവിലെ സമയക്രമത്തില്‍ മാറ്റമില്ലാതെ തുടരുമെന്നും കമ്പനി അറിയിച്ചു.

പ്രദേശത്തെ പൊതുഗതാഗത ബന്ധം ശക്തിപ്പെടുത്തുന്നതിനായി പുതിയ മെട്രോലിങ്ക് റൂട്ടായ എം154 ആരംഭിക്കുമെന്നും ഖത്തര്‍ റെയില്‍ അറിയിച്ചു.

- Advertisement -
Ad image

നവീകരണ പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടം പൂര്‍ത്തിയായ ശേഷവും ലുസൈല്‍ ട്രാം ശൃംഖലയിലെ ഭൂതല പാതകളിലൂടെയുള്ള സര്‍വീസുകള്‍ താത്ക്കാലികമായി തുടര്‍ന്നും നിര്‍ത്തിവെക്കും. പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കാനും യാത്രാനുഭവം മെച്ചപ്പെടുത്താനുമായി സമഗ്ര അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനാണ് ഈ തീരുമാനം.

ഈ കാലയളവിലും മെട്രോഎക്‌സ്പ്രസ്, മെട്രോലിങ്ക് സേവനങ്ങള്‍ തുടര്‍ന്നും ലഭ്യമാകുമെന്നും ഇതിലൂടെ മറ്റ് പൊതുഗതാഗത സംവിധാനങ്ങളുമായുള്ള യാത്രാ ബന്ധം ഉറപ്പാക്കുമെന്നും ഖത്തര്‍ റെയില്‍ വ്യക്തമാക്കി.

Share This Article
Leave a Comment
error: Content is protected !!