ഇന്ത്യന്‍ പാസ്പോര്‍ട്ടിനെക്കുറിച്ചുള്ള പ്രസ്താവന പ്രവാസികളില്‍ ആശങ്ക സൃഷ്ടിക്കുന്നു: സിദ്ധീഖ് പുറായില്‍

Web Desk
1 Min Read

ദോഹ: വിദേശയാത്രയ്ക്കുള്ള രേഖ മാത്രമാണ് ഇന്ത്യന്‍ പാസ്പോര്‍ട്ടെന്നും അത് പൗരത്വം തെളിയിക്കുന്ന രേഖയല്ലെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം പാസ്പോര്‍ട്ട് സേവാ ദിനമായ ജൂണ്‍ 24ന് നടത്തിയ പ്രസ്താവന ലോകമെമ്പാടുമുള്ള ഇന്ത്യന്‍ പ്രവാസികള്‍ക്കിടയില്‍ ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുകയാണെന്ന് ഇ്ന്‍കാസ് ഖത്തര്‍ പ്രസിഡന്റ് സിദ്ദീഖ് പുറായില്‍ ചൂണ്ടിക്കാട്ടി.

city exchange

ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ വിദേശരാജ്യങ്ങളില്‍ ഇന്ത്യന്‍ പൗരന്മാര്‍ എന്ന നിലയില്‍ തൊഴില്‍ ചെയ്യുകയും താമസിക്കുകയും ചെയ്യുന്നത് ഇന്ത്യന്‍ സര്‍ക്കാര്‍ നല്‍കുന്ന പാസ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്. ആ രാജ്യങ്ങളിലെ ഭരണാധികാരികള്‍ ഇവരെ പരിഗണിക്കുന്നതും ഈ രേഖയുടെ അടിസ്ഥാനത്തിലാണ്.

വിദേശരാജ്യങ്ങളില്‍ അപകടങ്ങള്‍, നിയമപരമായ പ്രശ്‌നങ്ങള്‍, താമസാനുമതിയുടെ കാലാവധി അവസാനിക്കല്‍, മരണസംഭവങ്ങള്‍ തുടങ്ങിയ സാഹചര്യങ്ങളില്‍ വ്യക്തിയുടെ ഇന്ത്യന്‍ പൗരത്വം തിരിച്ചറിയുന്നതിനും ഇന്ത്യയിലേക്ക് മടക്കി അയയ്ക്കുന്നതിനും പ്രധാനമായും ആശ്രയിക്കുന്നത് ഇന്ത്യന്‍ പാസ്പോര്‍ട്ടിനെയാണ്.

അമേരിക്കയില്‍ നിന്ന് ഇന്ത്യന്‍ വംശജരായ അനധികൃത കുടിയേറ്റക്കാരെ തിരിച്ചയച്ച സംഭവങ്ങള്‍ അടുത്തകാലത്ത് ദേശീയ- അന്തര്‍ദേശീയ മാധ്യമങ്ങളില്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. അത്തരം സാഹചര്യങ്ങളിലെല്ലാം വ്യക്തികളുടെ ഇന്ത്യന്‍ പൗരത്വം തിരിച്ചറിയുന്നതിനും അവരെ ഇന്ത്യയിലേക്ക് മടക്കി അയയ്ക്കുന്നതിനും വിദേശ രാജ്യങ്ങള്‍ അടിസ്ഥാനരേഖയായി ഉപയോഗിക്കുന്നത് ഇന്ത്യന്‍ സര്‍ക്കാര്‍ നല്‍കുന്ന പാസ്പോര്‍ട്ടായിരുന്നു.

- Advertisement -
Ad image

ഇന്ത്യയില്‍ ഇരട്ട പൗരത്വം അനുവദനീയമല്ലാത്തതിനാല്‍ മറ്റൊരു രാജ്യത്തിന്റെ പൗരത്വം സ്വീകരിക്കുന്നവര്‍ ആദ്യം ഇന്ത്യന്‍ പാസ്പോര്‍ട്ട് റദ്ദാക്കുകയും അനുബന്ധ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്യേണ്ടതുണ്ട്. അതായത്, അന്താരാഷ്ട്ര തലത്തില്‍ ഒരു വ്യക്തിയെ ഇന്ത്യന്‍ പൗരനായി തിരിച്ചറിയുന്നതിനുള്ള പ്രാഥമിക സര്‍ക്കാര്‍ രേഖയായി പാസ്പോര്‍ട്ട് പ്രവര്‍ത്തിക്കുന്നുവെന്നത് വസ്തുതയാണ്.

ഈ സാഹചര്യത്തില്‍, ഇന്ത്യന്‍ സര്‍ക്കാര്‍ തന്നെ നല്‍കുന്ന പാസ്പോര്‍ട്ട് കൈവശമുള്ള വ്യക്തിയെ ഇന്ത്യന്‍ പൗരനായി കണക്കാക്കാന്‍ കഴിയില്ലെന്ന തരത്തില്‍ വ്യാഖ്യാനിക്കപ്പെടാവുന്ന പ്രസ്താവനകള്‍ വിദേശരാജ്യങ്ങളില്‍ ജീവിക്കുന്ന ഇന്ത്യന്‍ പ്രവാസികള്‍ക്കിടയില്‍ ആശയക്കുഴപ്പവും ആശങ്കയും സൃഷ്ടിക്കുന്നതാണ്.

ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഇടയ്ക്കിടെ ഉണ്ടാകുന്ന ഇത്തരം പ്രസ്താവനകള്‍ ഇന്ത്യയുടെ അന്തര്‍ദേശീയ പ്രതിച്ഛായയെയും വിശ്വാസ്യതയെയും പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍, ഈ വിഷയത്തില്‍ വ്യക്തത വരുത്തുകയും പ്രവാസിസമൂഹത്തിനിടയില്‍ രൂപപ്പെട്ട ആശങ്കകള്‍ ദൂരീകരിക്കുന്നതിനാവശ്യമായ വിശദീകരണം കേന്ദ്ര സര്‍ക്കാര്‍ നല്‍കുകയും ചെയ്യണമെന്ന് സിദ്ധീഖ് പുറായില്‍ ആവശ്യപ്പെട്ടു.

Share This Article
Leave a Comment
error: Content is protected !!