
ആലുവ: ആലുവ നിയോജകമണ്ഡലത്തിലെ വിദ്യാര്‍ഥികളുടെ സമഗ്രവികസനം ലക്ഷ്യമിട്ട് നടപ്പിലാക്കിയ ‘അലൈവ്’ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി എം എല്‍ എ മെറിറ്റ് അവാര്‍ഡും പ്രതിഭാപുരസ്‌ക്കാരവും നല്കുന്നു.

എസ് എസ് എല്‍ സി, പ്ലസ് ടു, സി ബി എസ് ഇ പത്ത്, 12, ഐ സി എസ് ഇ, ഐ എസ് ഇ തലങ്ങളില്‍ കഴിഞ്ഞ അധ്യയന വര്‍ഷം എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്, എ 1 നേടിയ വിദ്യാര്‍ഥികളെയും മറ്റ് ഡിഗ്രി, പി ജി റാങ്കു ജേതാക്കളേയും ജൂലൈ നാലാം തിയ്യതി ശനിയാഴ്ച്ച രാവിലെ 9.30ന് ആലുവ മഹാത്മാഗാന്ധി മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ അനുമോദിക്കും. അന്‍വര്‍ സാദത്ത് എം എല്‍ എ അധ്യക്ഷത വഹിക്കുന്ന പ്രതിഭാ സംഗമത്തിന്റെ ഉദ്ഘാടനവും എം എല്‍ എ മെറിറ്റ് അവാര്‍ഡ് വിതരണവും മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വ്വഹിക്കും.

ബെന്നി ബഹനാന്‍ എം പി, ജെബി മേത്തര്‍ എം പി എന്നിവര്‍ മുഖ്യാതിഥികളായും കൊച്ചി ജെയിന്‍ യൂണിവേഴ്സിറ്റി ഡയറക്ടര്‍ ഡോ. ടോം എം ജോസഫ്, ഫെഡറല്‍ ബാങ്ക് സീനിയര്‍ വൈസ് പ്രസിഡന്റും സോണല്‍ ഹെഡുമായ ശശിധരന്‍ സി എം എന്നിവര്‍ വിശിഷ്ടാതിഥികളുമായും പങ്കെടുക്കുന്ന ചടങ്ങില്‍ നീന്തല്‍ പരിശീലകന്‍ സജി വളാശ്ശേരിയെയും ആദരിക്കും. ചടങ്ങില്‍ മറ്റു ജനപ്രതിനിധികള്‍, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുക്കും.
