

ആലുവ: ഭൗതിക സാഹചര്യങ്ങള്‍ വളരെ കുറവായ കീഴ്മാട് ഗവണ്മെന്റ് യു പി സ്‌കൂളില്‍ പുതിയ കെട്ടിടം നിര്‍മ്മിക്കണം എന്നാവശ്യപ്പെട്ട് അന്‍വര്‍ സാദത്ത് എം എല്‍ എ വിദ്യാഭ്യാസ മന്ത്രിക്ക് നേരിട്ട് നിവേദനം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ ആനുവല്‍ പ്ലാനില്‍ ഉള്‍പ്പെടുത്തി പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് ഒരു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി എം എല്‍ എ അറിയിച്ചു.

വളരെ സാധാരണക്കാരായ പാവപ്പെട്ടവരുടെ കുട്ടികള്‍ പഠിക്കുന്ന കീഴ്മാട് സര്‍ക്കാര്‍ യു പി സ്‌കൂളില്‍ സുരക്ഷിതമായ ഒരു കെട്ടിടം വേണം എന്ന പ്രദേശ വാസികളുടെ ദീര്‍ഘ കാലത്തെ ആവശ്യമാണ് ഇപ്പോള്‍ യാഥാര്‍ഥ്യമാകുക എന്ന് എം എല്‍ എ പറഞ്ഞു. നിര്‍മാണ ചുമതല പി ഡബ്ല്യു ഡി കെട്ടിടം വിഭാഗത്തിനാണെന്നും ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് എത്രയും വേഗം കെട്ടിടത്തിന്റെ നിര്‍മാണം ആരംഭിക്കുവാന്‍ സാധിക്കുമെന്നും എം എല്‍ എ പറഞ്ഞു.
