

കോഴിക്കോട്: പൊലീസ് ഉദ്യോഗസ്ഥനായ കുമാരന് ഹൃദയം നല്‍കിയ ബിലീഷിനും കുടുംബത്തിനും ആ ജീവകാരുണ്യപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ പൊലീസുകാര്‍ക്കും ഡോക്ടര്‍മാര്‍ക്കും മേയ്ത്ര ഹോസ്പിറ്റല്‍ ‘ഹൃദയത്തില്‍ നിന്നൊരു സല്യൂട്ട്’നല്‍കി ആദരിച്ചു.

ചടങ്ങില്‍ മുഖ്യാതിഥിയായി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് കെ സേതുരാമന്‍, മേയ്ത്ര ഹോസ്പിറ്റല്‍ സി ഇ ഒ നിഹാജ് ജി മുഹമ്മദ്, മേയ്ത്ര ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ജിജോ വി ചെറിയാന്‍, കുമാരന്റെ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ കാര്‍ഡിയോ വാസ്‌കുലാര്‍ തൊറാസിക്ക് സര്‍ജന്‍ ഡോ. മുരളി പി വെട്ടത്ത്, കാര്‍ഡിയോ ചെയര്‍ ഡോ. ഷഫീക്ക് മാട്ടുമ്മല്‍, ഹൃദയം നല്‍കിയ ബിലീഷിന്റെ കുടുംബം, സ്വീകരിച്ച കുമാരന്‍, പൊലീസ് സുഹൃത്തുക്കള്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

”കേരളം സമ്പൂര്‍ണ്ണ സാക്ഷരതയുള്ള നാടാണെങ്കിലും അവയവമാറ്റത്തിന്റെ കാര്യത്തില്‍ നിരക്ഷരരാണ്. അവയവമാറ്റത്തിനായി രജിസ്റ്റര്‍ ചെയ്ത് അനേകര്‍ കാത്തിരിക്കുന്നു എന്നു നാം മറക്കരുത്. ഹൃദയം നല്‍കിയ ബിലീഷും സ്വീകരിച്ച കുമാരനും സാധാരണക്കാരാണ്. പക്ഷെ, അവരുടെ പേരില്‍ സംഭവിച്ച കൂട്ടായ്മ അസാധാരണമാണ്”- പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത ഉത്തരമേഖലാ ഐ ജി കെ സേതുരാമന്‍ പറഞ്ഞു.
ജീവകാരുണ്യ ദൗത്യത്തില്‍ കുമാരന്റെ ഹൃദയം മാറ്റിവെച്ച സംഭവം ഏറെ അഭിമാനകരമായിരുന്നു. രണ്ടു തവണ ആന്‍ജിയോപ്ലാസ്റ്റി ചെയ്തിട്ടും ഹൃദ്രോഗം ഭേദമാകാതിരുന്ന കുമാരന് ഹൃദയം മാറ്റിവെക്കല്‍ മാത്രമാണ് പരിഹാരം എന്നു പിന്നീട് കണ്ടെത്തി. ചെറുവണ്ണൂര്‍ സ്വദേശിയും സ്വര്‍ണ്ണപണിക്കാരനും പൊതുപ്രവര്‍ത്തകനുമായ ബിലിഷ് 47 വയസിലാണ് മരണപ്പെട്ടത്. ബിലീഷിന്റെ ആഗ്രഹം പൂര്‍ത്തീകരിച്ചാണ് ഹൃദയമാറ്റത്തിന് കുടുംബം തയ്യാറായത്. ഈ വിവരം ബിലീഷിനെ ചികിത്സിച്ചിരുന്ന സ്വകാര്യ ആശുപത്രിയില്‍ നിന്നും സംസ്ഥാന സര്‍ക്കാരിന്റെ അവയവദാനരജിസ്ട്രിയായ കെ-സോട്ടോയില്‍ അറിയിക്കുകയും അവിടെ നിന്ന് കിട്ടിയ ലിസ്റ്റ് പ്രകാരം മേയ്ത്ര ഹോസ്പിറ്റലിലെ ഹാര്‍ട്ട് ആന്‍ഡ് വാസ്‌കുലര്‍ കെയര്‍ സര്‍ജന്‍ ഡോ. മുരളി വെട്ടത്തിന്റെ ചികിത്സയിലായിരുന്ന പേരാവൂര്‍ സ്വദേശി കുമാരനെ ബന്ധപ്പെടുകയുമായിരുന്നു. പരിശോധനകളില്‍ നിന്നും കുമാരന്റെ ആരോഗ്യത്തില്‍ ശസ്ത്രക്രിയയെ പ്രതികൂലമായി ബാധിക്കുന്ന പ്രശ്‌നങ്ങള്‍ ഒന്നും ഇല്ല എന്ന് കണ്ടെത്തുകയും കാലതാമസം ഒട്ടും വരുത്താതെ ഡോ. മുരളി വെട്ടത്തിന്റെ നേതൃത്വത്തില്‍ ഹൃദയമാറ്റശസ്ത്രക്രിയ നടത്തുകയുമായിരുന്നു. കേരളസര്‍ക്കാരിന്റെ ഇടപെടല്‍ മൂലം മെഡിസെപ്ല്‍ നിന്ന് കുമാരന് അര്‍ഹമായ തുക ഉടനെ തന്നെ അനുവദിക്കുകയും ചെയ്തു.
പുറമെ കുമാരന്റെ ബാച്ചിലെ പൊലീസ് ഉദ്യോഗസ്ഥരും ശസ്ത്രക്രിയക്കുള്ള തുക സ്വരൂപിക്കുന്നതിനു വേണ്ടി സജീവമായി ഇടപെട്ടു.
ഹൃദയം മാറ്റിവെച്ച കുമാരന്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി പൂര്‍ണ ആരോഗ്യത്തോടെ തിരികെ ജോലിയില്‍ പ്രവേശിച്ച ശേഷമാണ് ഇന്നലെ ചടങ്ങിന് എത്തിയത്. ബിലീഷിന്റെ കുടുംബത്തോടും തന്റെ ജീവന്‍ രക്ഷിക്കുന്നതിനായി പലവിധത്തില്‍ സജീവമായി പ്രവര്‍ത്തിച്ച എല്ലാവരോടും പരിപാടിയില്‍ സംസാരിച്ച എ എസ് ഐ കുമാരന്‍ തന്റെ നന്ദി അറിയിച്ചു.
ബിലീഷിന്റെ അവയവദാനത്തിനു തയ്യാറായതിലൂടെ വലിയൊരു മാതൃക കാണിച്ച അദ്ദേഹത്തിന്റെ കുടുംബത്തിന് തുടര്‍ന്നും മേയ്ത്ര ഹോസ്പിറ്റലിന്റെ പിന്തുണ ഉണ്ടായിരിക്കുമെന്ന് സി ഇ ഒ നിഹാജ് ജി മുഹമ്മദ് അറിയിച്ചു. ഹൃദയ ശസ്ത്രക്രിയ വിദഗ്ധന്‍ ഡോ. മുരളി പി വെട്ടത്ത്, മെഡിക്കല്‍ ഡയറക്ടര്‍ ജിജോ വി ചെറിയാന്‍ കാര്‍ഡിയോളജി ചെയര്‍ ഡോ. ഷഫീഖ് മാട്ടുമ്മല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

