
ദോഹ: ‘പുതു യുഗ കേരളം: പ്രവാസികള്‍ക്കും പറയാനുണ്ട്’ ജനകീയ പ്രവാസി അവകാശ രേഖ തയ്യാറാക്കുന്നതിന്റെ ഭാഗമായി പ്രവാസി വെല്‍ഫെയര്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ കൂട്ടായ്മകളുടെ ചര്‍ച്ചാ സദസ്സ് സംഘടിപ്പിച്ചു. പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന പ്രസിഡന്റ് ആര് ചന്ദ്രമോഹന് ഉദ്ഘാടനം ചെയ്തു.

കേരളത്തിന്റെ വികസനവും സമാധാനാന്തരീക്ഷവും പ്രവാസികളുടെ വിയര്‍പ്പിന്റെ കൂടി ഫലമായി നിലനില്‍ക്കുന്നതാണെന്ന യാഥാര്‍ഥ്യം രാഷ്ട്രീയ- ഭരണ നേതൃത്വം തിരിച്ചറിയണമെന്നും യാത്രാ പ്രശ്നം, പുനരധിവാസം പോലുള്ള അവരുടെ ജീവല്‍ പ്രശ്നങ്ങള്‍ പൂര്‍ണമായും പരിഹരിക്കാന്‍ പ്രത്യേക പദ്ധതികള്‍ക്ക് രൂപം നല്‍കണമെന്നും ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു.

പ്രവാസികളുടെ നിക്ഷേപം സ്വരൂപിച്ച് അവരുടെ ശിഷ്ടകാല ജീവിതത്തിനും കേരള വികസനത്തിനും മുതല്‍ക്കൂട്ടാകുന്ന വിധത്തില്‍ കൃത്യമായ പദ്ധതികളുടെ അടി സ്ഥാനത്തില്‍ വിന്യസിക്കാനുമുള്ള സൗകര്യം ഒരുക്കുക തുടങ്ങി ഒട്ടേറേ നിര്‍ദ്ദേശങ്ങള്‍ ജനകീയ പ്രവാസി അവകാശ രേഖയിലേക്ക് ചര്‍ച്ച സദസ് സമര്‍പ്പിച്ചു.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് നൗഷാദ് വി എന്‍, റിജിന്‍ പള്ളിയത്ത് (കുവാഖ്), ജംഷീര്‍ ജബ്ബാര്‍ (വേക്), റിയാസ് പാപ്പിനിശ്ശേരി (ഹിദായത്തുല്‍ ഇസ്ലാം മഹല്ല് കമ്മിറ്റി), ജാസിര്‍ (പാപ്പിനിശ്ശേരി പഞ്ചായത്ത് കൂട്ടായ്മ), റിഷാല്‍, ഷഹബാസ് തങ്ങള്‍ (വളപട്ടണം കൂട്ടായ്മ), അന്‍വര്‍ അലി, നഹീഫ് പറമ്പില്‍, റഷാദ് പള്ളിക്കണ്ടി (ഏഴര കൂട്ടായ്മ), മഹറൂഫ് ടി സി, റംഷിബില് (തറവാട് എടക്കാട്), കബീര്‍, ഷൗക്കത്ത് (മാട്ടൂല്‍ കൂട്ടം), ബാസിത്, റഹീം (മാഹി അസോസിയേഷന്), മുനാസ് (ഉളിയില്‍ കലാഗ്രാമം), നിബ്രാസ് കാഞ്ഞിരോട്, മഷൂദ് മാളിയെക്കാല് കക്കാട് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.
പ്രവാസി വെല്‍ഫെയര്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് നിസാര്‍ കെ വി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദ് ആസാദ് സ്വാഗതവും ട്രഷറര്‍ അഫ്സല് കെ എം നന്ദിയും പറഞ്ഞു.

