ഹാര്‍മണി അണ്‍വീല്‍ഡ് മൂന്നാം പതിപ്പ് കേരള മുഖ്യമന്ത്രി വി ഡി സതീശന്‍ പ്രകാശനം ചെയ്തു

Web Desk
2 Min Read

കൊച്ചി: ശ്രീനാരായണ ഗുരുദേവന്റെ വിശ്വമാനവിക ദര്‍ശനത്തെയും ലോകസമാധാനത്തിനും മാനവപുരോഗതിക്കുമുള്ള അതിന്റെ പ്രസക്തിയെയും പ്രതിപാദിക്കുന്ന ഹാര്‍മണി അണ്‍വീല്‍ഡ്- ശ്രീനാരായണ ഗുരുസ് ബ്ലൂപ്രിന്റ് ഫോര്‍ വേള്‍ഡ് പീസ് ആന്റ് പ്രോഗ്രസ് എന്ന ഗ്രന്ഥത്തിന്റെ മൂന്നാം പതിപ്പ് കേരള മുഖ്യമന്ത്രി വി ഡി സതീശന്‍ പ്രകാശനം ചെയ്തു.

city exchange

ഡോ. സുരേഷ്‌കുമാര്‍ മധുസൂദനനും പ്രൊഫ. ഡോ. പ്രകാശ് ദിവാകരനും ചേര്‍ന്നാണ് ഗ്രന്ഥം രചിച്ചത്. ഇന്‍ഡോ ഗള്‍ഫ് ആന്‍ഡ് മിഡില്‍ ഈസ്റ്റ് ചേംബര്‍ ഓഫ് കൊമേഴ്സ് (ഇന്‍മെക്) ചെയര്‍മാന്‍ ഡോ. എന്‍ എം ഷറഫുദ്ദീന്‍, അര്‍ബാനിയോ സൊല്യൂഷന്‍സ് മാനേജിങ് ഡയറക്ടര്‍ ജയകൃഷ്ണന്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ശ്രീനാരായണ ഗുരുദേവന്റെ കാലാതീതമായ ദര്‍ശനവും ലോകസമാധാനം, സാമൂഹിക സൗഹാര്‍ദം, സമത്വം, മാനവപുരോഗതി എന്നിവയില്‍ അവയ്ക്കുള്ള പ്രസക്തിയും ലോകത്തിനു മുന്നിലെത്തിക്കുന്ന ഗ്രന്ഥത്തിന്റെ അന്താരാഷ്ട്ര യാത്രയിലെ മറ്റൊരു സുപ്രധാന നാഴികക്കല്ലാണ് മൂന്നാം പതിപ്പിന്റെ പ്രകാശനം.

ഗ്രന്ഥത്തിന്റെ ആദ്യ പതിപ്പ് 2024 നവംബര്‍ 29-ന് വത്തിക്കാനില്‍ സര്‍വ്വ മത സമ്മേളനത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സാന്നിധ്യത്തിലാണ് പ്രകാശനം ചെയ്തത്. തുടര്‍ന്ന് രണ്ടാം പതിപ്പ് ഓസ്ട്രേലിയയിലെ മെല്‍ബണിലുള്ള വിക്ടോറിയ പാര്‍ലമെന്റില്‍ നടന്ന ആഗോള സര്‍വ്വമത പാര്‍ലമെന്റില്‍ വിക്ടോറിയന്‍ പാര്‍ലമെന്റിലെ ചീഫ് ഗവണ്‍മെന്റ് വിപ്പ് ലീ ടാര്‍ലാമിസ് ഓആം എം പി പ്രകാശനം ചെയ്തു.

- Advertisement -
Ad image

കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി ലൈബ്രറി, ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി ലൈബ്രറി, ബ്രിട്ടീഷ് കൗണ്‍സില്‍, ബ്രിട്ടീഷ് പാര്‍ലമെന്റ്, വിക്ടോറിയ പാര്‍ലമെന്റ്, ഫിലിപ്പീന്‍സിലെ ബറ്റാംഗാസ് യൂണിവേഴ്സിറ്റി, ബാങ്കോക്കിലെ രാജഭട്ട് യൂണിവേഴ്സിറ്റി എന്നിവയുടെ ഗ്രന്ഥശേഖരങ്ങളില്‍ ഹാര്‍മണി അണ്‍വെയില്‍ഡ് ഇടം നേടിയിട്ടുണ്ട്. ഇതോടൊപ്പം ഇന്ത്യയിലെ അന്‍പതിലധികം സര്‍വകലാശാലകളുടെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ഗ്രന്ഥശേഖരങ്ങളിലും പുസ്തകം ലഭ്യമാണ്.

സമത്വം, സാഹോദര്യം, വിദ്യാഭ്യാസം, കാരുണ്യം, സമാധാനപരമായ സഹവര്‍ത്തിത്വം തുടങ്ങിയ ഗുരുദേവ ദര്‍ശനങ്ങളെ വിശാലമായ ആഗോള സമൂഹത്തിലേക്ക് എത്തിക്കുകയാണ് ഹാര്‍മണി അണ്‍വെയില്‍ഡ് ലക്ഷ്യമിടുന്നത്.

സീഗള്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറും ഇന്‍ഡോ ഗള്‍ഫ് ആന്‍ഡ് മിഡില്‍ ഈസ്റ്റ് ചേംബര്‍ ഓഫ് കോമേഴ്സ് സെക്രട്ടറി ജനറലുമായ ഡോ. സുരേഷ്‌കുമാര്‍ മധുസൂദനന്‍, വിവിധ അന്താരാഷ്ട്ര സമ്മേളനങ്ങളിലൂടെയും പ്രസിദ്ധീകരണങ്ങളിലൂടെയും ആഗോള വേദികളിലൂടെയും ശ്രീനാരായണ ഗുരുദേവന്റെ ദര്‍ശനം പ്രചരിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. ഹിമാലയന്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറും വിദ്യാഭ്യാസ വിചക്ഷണനും ഗവേഷകനുമായ പ്രൊഫ. ഡോ. പ്രകാശ് ദിവാകരന്‍ ഗുരുദേവ ദര്‍ശനം, വിദ്യാഭ്യാസം, മാനവിക മൂല്യങ്ങള്‍ തുടങ്ങിയ മേഖലകളില്‍ നിരവധി പഠനങ്ങളും പ്രവര്‍ത്തനങ്ങളും നടത്തിയിട്ടുണ്ട്.

Share This Article
Leave a Comment
error: Content is protected !!