
മനാമ: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ഐ സി എഫ് ബഹ്റൈന്‍ സംഘടിപ്പിക്കുന്ന ജനസഭ നാളെ വെള്ളിയാഴ്ച വൈകിട്ട് ഏഴിന് സല്‍മാബാദ് സുന്നി സെന്ററില്‍ നടക്കും. ‘യംഗ് ഇന്ത്യ, സ്ട്രോംഗ് ഡെമോക്രസി’ എന്നതാണ് ജനസഭയുടെ പ്രമേയം.

അറിവും മൂല്യബോധവും ഉത്തരവാദിത്ത ബോധവും നേത്യത്വശേഷിയുമുള്ള യുവത്വമാണ് ശക്തമായ ജനാധിപത്യത്തിന്റെ അടിത്തറയെന്ന ആശയമാണ് പരിപാടി മുന്നോട്ടുവെക്കുന്നത്. ഇന്നത്തെ യുവത്വത്തെ സാമൂഹിക ഉത്തരവാദിത്തമുള്ളവരായി വാര്‍ത്തെടുക്കുന്നതിലൂടെ നാളത്തെ ഇന്ത്യയെ കൂടുതല്‍ ശക്തവും ജനാധിപത്യ മൂല്യങ്ങളില്‍ ഉറച്ചതുമാക്കുകയാണ് ജനസഭയുടെ ലക്ഷ്യം.

യുവതലമുറയുടെ സാമൂഹികവും ജനാധിപത്യപരവുമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും രാജ്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടുകള്‍ പങ്കുവെക്കുന്നതിനുമുള്ള വേദിയായിരിക്കും ജനസഭ.
ഐ സി എഫ് ഇന്റര്‍നാഷണല്‍ ഡപ്യൂട്ടി പ്രസിഡണ്ട് അഡ്വ. എം സി അബ്ദുല്‍ കരീം, കെ എം സി സി ബഹ്റൈന്‍ ജനറല്‍ സെക്രട്ടറി ഷംസുദ്ധീന് വെള്ളികുളങ്ങര, ഒ ഐ സി സി ബഹ്റൈന്‍ വൈസ് പ്രസിഡണ്ട് ചെമ്പന്‍ ജലാല്‍, മാധ്യമ പ്രവര്ത്തകന് പ്രദീപ് പുറവങ്കര തുടങ്ങിയ ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കും.

