യാക്കോബായ സുറിയാനി ക്രിസ്ത്യന്‍ സഭയുടെ കാതോലിക്ക അഭിവന്ദ്യ ആബൂന്‍ മോര്‍ ബസേലിയോസ് ജോസഫ് ബാവക്ക് സ്വീകരണം നല്‍കി

Web Desk
2 Min Read

ദോഹ: യാക്കോബായ സുറിയാനി ക്രിസ്ത്യന്‍ സഭയുടെ കാതോലിക്ക അഭിവന്ദ്യ ആബൂന്‍ മോര്‍ ബസേലിയോസ് ജോസഫ് ബാവക്ക് ഖത്തറില്‍ സ്വീകരണം നല്‍കി. ദോഹയിലെ സെന്റ് ജെയിംസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളി, കോപ്റ്റിക്, എത്യോപ്യന്‍, മറ്റ് ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭകള്‍, ഗ്രീക്ക്, കത്തോലിക്കാസഭ, മറ്റു ക്രൈസ്തവ സഭകള്‍ എന്നിവയുടെ സഹകരണത്തോടെയും ഖത്തറിലെ മലയാളി സമൂഹത്തിന്റെ പങ്കാളിത്തത്തോടെയുമാണ് പരിപാടി സംഘടിപ്പിച്ചത്.

city exchange

അബുഹമൂറിലെ കോപ്റ്റിക് ചര്‍ച്ച് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സ്വീകരണ വേദിയിലേക്ക് കാതോലിക്ക ബാവയെ ഭക്തിസാന്ദ്രമായ ഘോഷയാത്രയിലൂടെ ആനയിച്ചു. മാലാഖമാരായി വേഷമണിഞ്ഞ സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍, വിശ്വാസികള്‍, വൈദികര്‍, വിവിധ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ ഘോഷയാത്രയില്‍ അണിനിരന്നു. വര്‍ണ്ണക്കുടകള്‍, തെളിയിച്ച മെഴുകുതിരികള്‍, പതാകകള്‍, ബാന്‍ഡ്‌മേളം, ചെണ്ടമേളം എന്നിവ ഘോഷയാത്രയ്ക്ക് മിഴിവേകി.

വിവിധ ക്രൈസ്തവ സഭകളിലെ വൈദികരും വിശ്വാസികളും ഇന്ത്യന്‍ എംബസിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ അപെക്‌സ് ബോഡി പ്രതിനിധികള്‍ ഉള്‍പ്പെടെ ഇന്ത്യന്‍ സമൂഹത്തിലെ പ്രമുഖ നേതാക്കളും സ്വീകരണ യോഗത്തില്‍ പങ്കെടുത്തു. യാക്കോബായ സുറിയാനി സഭയുടെ അഭിവന്ദ്യ മിലിത്തിയോസ് യൂഹാനോന്‍ മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. സെന്റ് ജെയിംസ് പള്ളിയുടെ വികാരി റെവറന്റ് ഫാദര്‍ ഫെവിന്‍ ജോണ്‍ സ്വാഗതം ആശംസിച്ചു.

ഖത്തറിലെ ക്രൈസ്തവ സമൂഹങ്ങള്‍ തമ്മിലുള്ള ഐക്യവും സഹോദര്യവും ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം കാതോലിക്ക ബാവ തന്റെ സന്ദേശത്തില്‍ ഊന്നിപ്പറഞ്ഞു. വിദേശികള്‍ക്ക് തങ്ങളുടെ ആരാധനാ സ്വാതന്ത്യവും സമാധാനപരവും സുരക്ഷിതവുമായ ജീവിതവും ഉറപ്പാക്കുന്ന ഖത്തര്‍ രാജ്യത്തിന്റെ അമീറോടുള്ള നന്ദിയും ആദരവും അദ്ദേഹം രേഖപ്പെടുത്തി. ദോഹയിലെ സെന്റ് ജെയിംസ് പള്ളി സ്ഥാപിക്കുന്നതില്‍ പങ്കുവഹിച്ച അനുഭവങ്ങള്‍ അനുസ്മരിച്ച അദ്ദേഹം ഖത്തറിലെ ക്രൈസ്തവ സമൂഹങ്ങളുമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് അറിയിച്ചു.

- Advertisement -
Ad image

സെക്രട്ടറി ജനറലിന്റെ ഓഫീസ് ഫോര്‍ സര്‍വീസസ് അഫയേഴ്സിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ മറിയം നാസര്‍ അല്‍ ഹെയില്‍ പ്രവാസികളുടെ സംഭാവനകള്‍ പ്രശംസിക്കുകയും ഖത്തര്‍ നാഷണല്‍ വിഷന്‍ 2030 സാക്ഷാത്കരിക്കപ്പെടുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.

ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ ക്രൈസ്തവ സമൂഹത്തിന്റെ സേവനങ്ങളെ അഭിനന്ദിച്ച് ഇന്ത്യന്‍ എംബസിയുടെ പിന്തുണ ഉറപ്പുനല്‍കി.

ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സഭയുടെ ആര്‍ച്ച് ബിഷപ്പ് അരിസ്റ്റോവുലോസ്, കോപ്റ്റിക് സഭയിലെ ഫാ. ബൗലോസ് നസര്‍, ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് എ പി മണികണ്ഠന്‍, ഷാനവാസ് ബാവ, ഇ പി അബ്ദുറഹ്മാന്‍, അബ്ദുല്‍ സത്താര്‍, സി വി റപ്പായി, ബോബി തോമസ് എന്നിവര്‍ കാതോലിക്ക ബാവയെ ആദരിച്ചു.

ഫാ. റൊസാരിയോ കോളാക്കോ, ഫാ. ടി എസ് അലക്‌സാണ്ടര്‍, ഫാ. മോസസ് എന്നിവരുടെ സാന്നിധ്യം ശ്രദ്ധേയമായി.

സെന്റ് ജെയിംസ് പള്ളി മാനേജ്‌മെന്റ് കമ്മിറ്റി സെക്രട്ടറി ജിപ്‌സണ്‍ ജേക്കബ് നന്ദി പറഞ്ഞു. പള്ളി ട്രസ്റ്റി ജോസഫ് ജോര്‍ജ്, വൈസ് പ്രസിഡന്റ് ജീന്‍ പോള്‍ എന്നിവരും മറ്റു പള്ളി മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.

TAGGED:
Share This Article
Leave a Comment
error: Content is protected !!