ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍ ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷം

Web Desk
1 Min Read

ദോഹ: ഐക്യത്തിന്റെയും രാജ്യസ്‌നേഹത്തിന്റെയും ആവേശം നിറച്ച് ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മുഹമ്മദ് അസം ഖാന്‍ ദേശീയപതാക ഉയര്‍ത്തി. തുടര്‍ന്ന് സ്‌കൂള്‍ ഗായകസംഘം ദേശീയഗാനം ‘ജന ഗണ മന’ ആലപിച്ചു.

city exchange

ഫിനാന്‍സ് മാനേജര്‍ ഇംറാന്‍ ഹുര്‍സുക്, ട്രാന്‍സ്‌പോര്‍ട്ട് മാനേജര്‍ മുഹമ്മദ് ഇബ്രാഹിം എന്നിവര്‍ക്കൊപ്പം അധ്യാപക, അനധ്യാപക ജീവനക്കാര്‍, വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, അഭ്യുദയകാംക്ഷികള്‍ തുടങ്ങിയവര്‍ സ്‌കൂള്‍ ക്യാമ്പസില്‍ ഒത്തുചേര്‍ന്ന് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. അഭിമാനത്തോടെയും രാജ്യസ്‌നേഹത്തോടെയും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെ ഈ സുപ്രധാന ദിനം ആചരിച്ചു.

ചടങ്ങില്‍ സംസാരിച്ച പ്രിന്‍സിപ്പല്‍ മുഹമ്മദ് അസം ഖാന്‍ 80-ാം സ്വാതന്ത്ര്യദിനത്തിന്റെ യഥാര്‍ഥ പ്രാധാന്യം വിശദീകരിച്ചു. ഇത് സ്വാതന്ത്ര്യം ആഘോഷിക്കുന്ന ദിനം മാത്രമല്ലെന്നും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവന്‍ സമര്‍പ്പിച്ച സ്വാതന്ത്ര്യസമര സേനാനികളുടെയും ദേശീയ നേതാക്കളുടെയും മഹത്തായ ത്യാഗങ്ങളെ ഹൃദയപൂര്‍വം നന്ദിയോടെ സ്മരിക്കേണ്ട അവസരം കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ പുരോഗതിയിലും വികസനത്തിലും വിദ്യാര്‍ഥികള്‍ക്ക് ഉത്തരവാദിത്തമുണ്ടെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. മാതൃരാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് ക്രിയാത്മകമായ സംഭാവനകള്‍ നല്‍കണമെന്നും അദ്ദേഹം വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടു. ഒരു രാജ്യത്തിന്റെ പുരോഗതി ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്നും രാജ്യം പുരോഗമിക്കുമ്പോള്‍ അതിനൊപ്പം ജനങ്ങളും പുരോഗതി കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -
Ad image

ശക്തവും സമ്പന്നവുമായ ഇന്ത്യ കെട്ടിപ്പടുക്കുന്നതില്‍ വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, അടിസ്ഥാനസൗകര്യ വികസനം തുടങ്ങിയ മേഖലകള്‍ക്ക് നിര്‍ണായക പ്രാധാന്യമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അറിവും കഴിവുകളും ഉത്തരവാദിത്തബോധവും നേടിയെടുത്ത് രാജ്യത്തിന്റെ ഭാവിയില്‍ സജീവമായി സംഭാവന നല്‍കാന്‍ വിദ്യാര്‍ഥികള്‍ തയ്യാറാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

മാസ്റ്റര്‍ അബ്ദുല്‍ സമദ് ഖാനും മാസ്റ്റര്‍ അമ്മാറും നടത്തിയ പ്രാര്‍ഥനയോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. സമ്രീന്‍ അര്‍ബാസ് പരിപാടികള്‍ നിയന്ത്രിച്ചു.

Share This Article
Leave a Comment
error: Content is protected !!