
ദോഹ: ഫ്രണ്ട്‌സ് ഓഫ് തിരുവല്ല ഖത്തര്‍ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷം ദോഹയിലെ മോഡേണ്‍ ആര്‍ട്ട് സെന്ററില്‍ സംഘടിപ്പിച്ചു. ഫ്രണ്ട്‌സ് ഓഫ് തിരുവല്ല ഖത്തര്‍ ചാപ്റ്റര്‍ പ്രസിഡന്റ് തോമസ് കുര്യന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഐ എം എഫ് പ്രസിഡന്റ് ഒ കെ പരുമല മുഖ്യാതിഥിയായി പങ്കെടുത്ത് സ്വാതന്ത്ര്യദിന സന്ദേശം നല്‍കി.

സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ത്യാഗം സഹിച്ച സ്വാതന്ത്ര്യസമര സേനാനികളുടെ സംഭാവനകള്‍ ഓരോ തലമുറയും നന്ദിയോടെ ഓര്‍ക്കണമെന്ന് അദ്ദേഹം തന്റെ സന്ദേശത്തില്‍ പറഞ്ഞു. പ്രത്യേകിച്ച് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ നേതൃത്വവും അഹിംസയിലൂന്നിയ സ്വാതന്ത്ര്യസമരവും അദ്ദേഹം അനുസ്മരിച്ചു.

‘രക്തവും മാംസവുമുള്ള ഒരു സാധാരണ മനുഷ്യന് അഹിംസയെ ആയുധമാക്കി ഒരു സാമ്രാജ്യത്തിനെതിരെ പോരാടി സ്വാതന്ത്ര്യം നേടാന്‍ കഴിയുമെന്ന് വരുംതലമുറകള്‍ക്ക് വിശ്വസിക്കാന്‍ പോലും പ്രയാസമാകുന്ന തരത്തിലുള്ള മഹത്തായ ചരിത്രമാണ് ഗാന്ധിജി നമുക്ക് സമ്മാനിച്ചത്,’ അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്വാതന്ത്ര്യം നേടിയെടുക്കാന്‍ മുന്‍തലമുറ നടത്തിയ ത്യാഗങ്ങളും പോരാട്ടങ്ങളും പുതുതലമുറയ്ക്ക് പകര്‍ന്നു നല്‍കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിച്ചുകൊണ്ട് ഇന്ത്യയുടെ പുരോഗതിയില്‍ ഓരോ പൗരനും പങ്കാളികളാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ചടങ്ങില്‍ ജനറല്‍ സെക്രട്ടറി അനീഷ് ജോര്‍ജ് മാത്യു സ്വാഗതവും ഉപദേശക കൗണ്‍സില്‍ ചെയര്‍മാന്‍ ജിജി ജോണ്‍ നന്ദിയും പറഞ്ഞു. രക്ഷാധികാരി ജോണ്‍ സി എബ്രഹാം ആശംസകള്‍ അറിയിച്ചു, സാമുവേല്‍ വര്‍ഗിസ്, ജോര്‍ജ് തോമസ്, നിതിന്‍ മാത്യു, എബിന്‍ പയ്യനാട്ട്, അനു എബ്രഹാം എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ആഘോഷങ്ങളുടെ ഭാഗമായി ദേശഭക്തിഗാനങ്ങള്‍ ആലപിച്ചു.

