
മനാമ: ബഹ്റൈന്‍ കേരളീയ സമാജത്തിന്റെ ശ്രാവണം 2026 ഓണാഘോഷങ്ങളുടെ ഭാഗമായി കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന മെഗാ ഓണാഘോഷം ‘പിള്ളേരോണം’ ഓഗസ്റ്റ് 21ന് വെള്ളിയാഴ്ച വൈകുന്നേരം 5 മുതല്‍ സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ നടക്കും.

ബഹ്റൈനിലെ മലയാളി കുട്ടികള്‍ക്ക് കേരളത്തിന്റെ തനത് ഓണപ്പാരമ്പര്യവും സംസ്കാരവും പരിചയപ്പെടുത്തുന്നതിനും അവരുടെ കലാപരമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് പരിപാടി സംഘടിപ്പിക്കുന്നത്. 250ലേറെ കുട്ടികള്‍ വിവിധ കലാപരിപാടികളില്‍ പങ്കെടുക്കും.

കുട്ടികളുടെ സര്‍ഗാത്മകതയും ആത്മവിശ്വാസവും വളര്‍ത്തുന്നതിനൊപ്പം കൂട്ടായ്മയുടെയും സൗഹൃദത്തിന്റെയും സന്ദേശം പകരുന്ന രീതിയിലാണ് പരിപാടി ഒരുക്കിയിരിക്കുന്നത്. മികച്ച ബാലവേഷ മത്സരം, നാടന്‍ കളി മത്സരങ്ങള്‍ ഉള്‍പ്പെടെ വിവിധ വിനോദ പരിപാടികളും നടക്കും.
സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള, ജനറല്‍ സെക്രട്ടറി വര്‍ഗീസ് കരയ്ക്കല്‍, ശ്രാവണം 2026 ജനറല്‍ കണ്‍വീനര്‍ ഹരികൃഷ്ണന് ബി നായര്‍, പിള്ളേരോണം കണ്‍വീനര്‍ ബോണി ജോസ് എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടിയുടെ സംഘാടനത്തിന് വിവിധ കമ്മിറ്റികളും പ്രവര്‍ത്തകരും നേതൃത്വം നല്‍കും.

