

ആലുവ: ആലുവയില്‍ പുതിയ മാര്‍ക്കറ്റ് സമുച്ചയം നിര്‍മ്മിക്കുന്നതിനായി മുനിസിപ്പാലിറ്റി തയ്യാറാക്കിയ രൂപ രേഖയില്‍ ചില മാറ്റങ്ങള്‍ വരുത്തി കേരള സര്‍ക്കാര്‍ അംഗീകരിച്ച് 50 കോടി രൂപയുടെ പദ്ധതി കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരത്തിനായി അയച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ഈ രൂപരേഖ അംഗീകരിച്ച് കേന്ദ്ര- സംസ്ഥാന പദ്ധതിയായി ആലുവയില്‍ പുതിയ മാര്‍ക്കറ്റ് സമുച്ചയം പണിയുന്നതിന് ഭരണാനുമതി നല്കി.

ഇതനുസരിച്ച് 50 കോടി രൂപയുടെ പുതിയ മാര്‍ക്കറ്റ് സമുച്ചയം പണിയുന്നതിനുള്ള കേന്ദ്ര സംസ്ഥാന പദ്ധതിക്കാണ് അനുമതി ലഭിച്ചതെന്ന് അന്‍വര്‍ സാദത്ത് എം എല്‍ എ, മുന്‍സിപ്പല്‍ ചെയര്‍മാന്‍ എം ഒ ജോണ്‍ എന്നിവര്‍ അറിയിച്ചു.

അംഗീകാരം ലഭിച്ച രൂപരേഖയിലുള്ള എസ്റ്റിമേറ്റ് ഫണ്ടിങ്ങ് പാറ്റേണ്‍ അനുസരിച്ച് മാര്‍ക്കറ്റ് സമുച്ചയത്തിന് ഭരണാനുമതി ലഭിച്ച 50 കോടിയില്‍ 60 ശതമാനമായ 30 കോടി കേന്ദ്ര പദ്ധതിയായ പ്രധാനമന്ത്രി മത്സ്യസമ്പത്ത് യോജനയില്‍ നിന്നുമാണ് നല്‍കുന്നത്. ബാക്കിയുള്ള 40 ശതമാനമായ 20 കോടി രൂപ കേരള സര്‍ക്കാരുമാണ് വഹിക്കുന്നത്. ഇതില്‍ സംസ്ഥാന സര്‍ക്കാര്‍ വഹിക്കുന്ന 20 കോടിയില്‍ അഞ്ച് കോടി രൂപ ആലുവ മുനിസിപ്പാലിറ്റിയുടെ വിഹിതമായി നല്‍കുമെന്ന് സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്.
പുതുതായി നിര്‍മ്മിക്കുന്ന മാര്‍ക്കറ്റിന്റെ രൂപരേഖ പ്രകാരം ബേസ്മെന്റ് ഫ്‌ളോര്‍, ഗ്രൗണ്ട് ഫ്‌ളോര്‍, മെസാനിന്‍ ഫ്‌ളോര്‍, ഒന്നാം നില ഇങ്ങനെ നാലു നിലകളിലായി 1,82,308 ചതുരശ്ര അടിയിലാണ് നിര്‍മ്മാണം നടത്തുക. ഇതില്‍ റസ്റ്റോറന്റും സൂപ്പര്‍മാര്‍ക്കറ്റും കൂടാതെ 88 ഷോപ്പുകളുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ലേഡീസ്, ജെന്റ്‌സ്, ട്രാന്‍സ്‌ജെന്റേഴ്സ്, ശാരീരിക പരിമിതിയുള്ളവര്‍ എന്നിവര്‍ക്കായി പ്രത്യേകം ടോയ് ലെറ്റുകള്‍, ലിഫ്റ്റ്, എസ്‌കലേറ്റര്‍, പ്രായാധിക്യമുള്ളവര്‍ക്ക് തെന്നാത്ത ടൈലുകള്‍ പതിച്ച റാമ്പ് എന്നീ സംവിധാനവും മാര്‍ക്കറ്റ് സമുച്ചയത്തില്‍ ഉണ്ടായിരിക്കും.
മല്‍സ്യമാംസാദികള്‍ ശീതകരിച്ചുവയ്ക്കുന്നതിനും അതിനാവശ്യമായ ഒരുക്കങ്ങള്‍ ചെയ്യുന്നതിനുള്ള സൗകര്യവും മലിനജലം ശുദ്ധീകരിക്കുന്നതിന് ട്രീറ്റ്‌മെന്റ് പ്ലാന്റും പുതിയ മാര്‍ക്കറ്റ് കെട്ടിടത്തിന്റെ രൂപരേഖയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇങ്ങനെ ഏറ്റവും നൂതനമായ എല്ലാ സംവിധാനങ്ങളോടും കൂടിയ മാര്‍ക്കറ്റ് സമുച്ചയമായിരിക്കും അനുമതി ലഭിച്ച പദ്ധതിയില്‍ ആലുവ മുനിസിപ്പാലിറ്റിയില്‍ നിര്‍മ്മിക്കുക എന്നും അന്‍വര്‍ സാദത്ത് എം എല്‍ എ യും മുനിസിപ്പല്‍ ചെയര്‍മാന്‍ എം ഒ ജോണും പറഞ്ഞു.
പദ്ധതിക്ക് അനുമതി നല്‍കിയ കേന്ദ്ര സര്‍ക്കാരിനും കേരള സര്‍ക്കാരിനും കേന്ദ്രമന്ത്രി പുരുഷോത്തം രൂപാലക്കും സംസ്ഥാന ഫിഷറീസ് മന്ത്രി സജി ചെറിയാനും നന്ദി അറിയിച്ചതായി അന്‍വര്‍ സാദത്ത് എം എല്‍ എയും മുനിസിപ്പല്‍ ചെയര്‍മാന്‍ എം ഒ ജോണും പറഞ്ഞു.
സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്റെ പ്രത്യേക പരിഗണനയോടുകൂടിയ ഇടപെടലും പിന്തുണയുമാണ് ആലുവ മാര്‍ക്കറ്റ് നിര്‍മ്മാണ പദ്ധതിക്കുള്ള ഭരണാനുമതി ലഭിക്കുവാന്‍ സഹായകമായതെന്ന് എം എല്‍ എയും മുനിസിപ്പല്‍ ചെയര്‍മാനും അറിയിച്ചു.
പദ്ധതിയുടെ ഡി പി ആര്‍ തയ്യാറാക്കി നല്കിയത് കേരള സംസ്ഥാന കോസ്റ്റല്‍ ഏരിയ ഡെവലപ്പ്‌മെന്റ് കോര്‍പറേഷന്‍ എം ഡി ഷെയ്ക്ക് പരീതിന്റെ നേതൃത്വത്തിലും ഡിസൈന്‍ തയ്യാറാക്കിയത് കോഴിക്കോട്ടെ സ്തപദി കണ്‍സള്‍ട്ടന്‍സിയുടെ ചീഫ് ആര്‍ക്കിടെക്റ്റ് ടോണി കൈനാടിയാണെന്നും ഡിസൈന്‍ തയ്യാറാക്കുന്നതിനുള്ള ഫണ്ടിങ്ങ് അനുവദിച്ചത് ഈസ്റ്റേണ്‍ കോണ്ടിമെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സി ഇ ഒ നവാസ് മീരാന്റെ നിര്‍ദ്ദേശപ്രകാരം കമ്പനിയുടെ സി എസ് ആര്‍ ഫണ്ടില്‍ നിന്നുമാണെന്നും എം എല്‍ എയും മുനിസിപ്പല്‍ ചെയര്‍മാനും അറിയിച്ചു.

